കൊച്ചി: കെഎസ്ആർടിസിയിലെ മുഴുവൻ താൽക്കാലിക ഡ്രൈവർമാരെയും പിരിച്ചു വിടണമെന്ന് ഹൈക്കോടതി. 1,565 താൽക്കാലിക ഡ്രൈവർമാരെ പിരിച്ചു വിടണമെന്നാണ് ഉത്തരവ്. പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ആലപ്പുഴ സ്വദേശി ആർ.വേണുഗോപാൽ അടക്കം 5 ഉദ്യോഗാർത്ഥികൾ
സമർപ്പിച്ച ഹർജിയികളിലാണ് ജസ്റ്റിസ് വി.ചിദംബ രേഷും കെ.നാരായണ പിഷാരടിയും അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്

ഈ മാസം 30 നകം പിരിച്ചുവിടൽ നടപടികൾ പൂർത്തിയാക്കണമെന്നും നിയമനം പിഎസ്‌സി വഴി മാത്രമേ പാടുളളൂവെന്നും കോടതി നിർദേശിച്ചു. 2012 ലെ റാങ്ക് പട്ടികയിൽ നിന്ന് 2455 പേരെ അഡ്വൈസ്
ചെയ്യാൻ പിഎസ്‌സിക്ക് നിർദേശം നൽകിയ കോടതി ആളെ ആവശ്യമുണ്ടെങ്കിൽ കെഎസ്ആർടിസിക്ക് പിഎസ്‌സി പട്ടികയിൽ നിന്നു നിയമിക്കാവുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കി.

Read: കെഎസ്ആർടിസി ഒഴിവുകൾ പിഎസ്‌സി വഴി നികത്തണം; താൽക്കാലിക ജീവനക്കാർക്ക് വീണ്ടും തിരിച്ചടി

നേരത്തെ കെഎസ്ആർടിസിയിലെ മുഴുവൻ താൽക്കാലിക കണ്ടക്ടർമാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കെഎസ്ആർടിസിയിലെ എംപാനൽ ജീവനക്കാരായ 3,861 കണ്ടക്ടർമാരെയാണ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പിരിച്ചുവിട്ടത്. എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട് സ്ഥിരം നിയമനം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നായിരുന്നു നടപടി.

എം പാനൽ ഡ്രൈവർമാരുടെ നിയമനത്തിനായി 2010 ലാണ് പിഎസ്‌സി അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. 2012 സെപ്തംബറിൽ 21000 പേരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിന്റെ കാലാവധി തിരുന്നതിന് ഒന്നര വർഷം മുൻപ് കെഎസ്ആർടിസി 2455 പേരുടെ ഒഴിവ് റിപ്പോർട്ട് ചെയ്തു എന്നാൽ ഒരാളെയും റാങ്ക് ലിസ്റ്റിൽ നിന്നു നിയമിച്ചില്ല .നാലായിരത്തോളം എം പാനൽ ഡ്രൈൻമാരെ നിയമിച്ച കെഎസ്ആർടിസി റാങ്ക് പട്ടികയിൽ ഇടം നേടിയവരെ അവഗണിച്ചു. 2016 ഡിസംബർ 31ന് റാങ്ക് ലിസ്റ്റിന്റെ
കാലാവധി തീർന്നു. പിഎസ്‌സി പട്ടികയിൽ നിന്നു നിയമനം തേടി 2013 സെപ്തംബറിലാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത് .

പിഎസ്‌സി പട്ടിക നിലവിലുള്ളപ്പോൾ പിൻവാതിൽ വഴി നിയമനം നിയമവിരുദ്ധമാണന്നു ചൂണ്ടിക്കാട്ടിയാണ് എംപാനൽ ഡ്രൈവർമാരെ കോടതി പിരിച്ചു വിട്ടത്. പിഎസ്‌സി റാങ്ക് പട്ടികയിലുള്ള വരുടെ ഹർജിയിൽ എം പാനൽ കണ്ടക്ടർമാരെ കോടതി 4 മാസം മുൻപ് പിരിച്ചുവിട്ടിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ