തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ നൂതന പദ്ധതിയായ ഫീഡര്‍ സര്‍വിസിനു 16നു തിരുവനന്തപുരത്ത് തുടക്കം. വാഹനപ്പെരുപ്പം കുറയ്ക്കുക, കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് യാത്ര സൗകര്യം ഒരുക്കുക, കൂടുതൽ ചെറുപ്പക്കാർക്ക് തൊഴിൽ നൽകുക എന്നിവ ലക്ഷ്യമിട്ടാണു പദ്ധതി നടപ്പാക്കുന്നത്.
ഫീഡർ സർവിസുകൾ പ്രാവർത്തികമാകുന്നതോടെ നഗരത്തിലെയും ചെറുപട്ടണങ്ങളിലെയും റസിഡന്‍ഷ്യല്‍ പ്രദേശങ്ങളിലുള്ളർക്കു കുറഞ്ഞ ചെലവിൽ പ്രധാന റോഡുകളിലും ബസ് സ്റ്റോപ്പുകളിലും എത്തുന്നതു സാധ്യമാവും. കെ എസ് ആര്‍ ടി സിക്കു കുത്തകാവകാശമുള്ള പ്രദേശങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഫീഡര്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്.
ഒരു ഡ്രൈവര്‍ കം കണ്ടക്ടറാണു ഫീഡര്‍ ബസില്‍ ഉണ്ടാകുക. ടിക്കറ്റ് നല്‍കാന്‍ പ്രത്യേകം കണ്ടക്ടറെ നിയോഗിക്കില്ല. യാത്ര പൂര്‍ണമായും ട്രാവല്‍ കാര്‍ഡ് ഉപയോഗിച്ച് മാത്രമായിരിക്കും. ഉടന്‍ തന്നെ ഫോണ്‍ പേ വഴിയുളള ക്യുആര്‍ കോഡ് ടിക്കറ്റിങ്ങും നടപ്പാക്കും.
കാര്‍ഡ് ഉപയോഗിച്ച് സിറ്റി സര്‍ക്കുലര്‍, സിറ്റി ഷട്ടില്‍, സിറ്റി റേഡിയല്‍ സര്‍വിസുകളിലും യാത്ര ചെയ്യാന്‍ സാധിക്കും. സര്‍വിസ് നടത്തുന്ന പ്രദേശത്തെ റസിഡന്‍സ് അസോസിയേഷനുകളുമായി സഹകരിച്ച് കാര്‍ഡിന്റെ വിതരണവും റീചാര്‍ജിങ്ങും ലഭ്യമാക്കും. ഫീഡര്‍ ബസുകളിലും കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനുകളിലും കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യാന്‍ സാധിക്കും. പ്രാരംഭമായി 100 രൂപയ്ക്കു ചാര്‍ജ് ചെയ്താല്‍ 100 രൂപയ്ക്കു യാത്ര ചെയ്യാം. 100 രൂപ മുതല്‍ 2000 രൂപ വരെ ഒരു കാര്‍ഡില്‍ റീചാര്‍ജ് ചെയ്യാം.
ട്രാവല്‍ കാര്‍ഡ് മറ്റുള്ളവര്‍ക്കു കൈമാറ്റം ചെയ്ത് ഉപയോഗിക്കാനാവും. 250 രൂപയ്ക്കു മുകളിലുള്ള റീചാര്‍ജുകള്‍ക്കു 10 ശതമാനം അധിക മൂല്യം ലഭിക്കും. ഏകദേശം 7.5 കിലോ മീറ്റര്‍ ദൂരം വരുന്ന മൂന്ന് ഫെയര്‍ സ്റ്റേജിനു 10 രൂപ മിനിമം വരുന്ന തരത്തിലാണു ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
പരിഷ്‌കരിച്ച ഒരു മിനി ബസ് ഉപയോഗിച്ചാണു നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സര്‍വിസ് നടത്തുന്നത്. ബസിനുള്ളിലും പുറത്തും സി സി ടി വി കാമറ, ഡാഷ് കാമറ എന്നീ സുരക്ഷാ സംവിധാനങ്ങളുണ്ടാകും. രണ്ടാം ഘട്ടത്തില്‍ ആറു മുതല്‍ 25 സീറ്റര്‍ വരെയുള്ള വാഹനങ്ങള്‍ ലീസിനെടുത്ത് സര്‍വിസ് നടത്താന്‍ ആലോചനയുണ്ട്. വാഹനങ്ങള്‍ കരാറിനെടുത്ത് വരുമാനം പങ്ക് വയ്ക്കുന്ന തരത്തിലോ ലൈസന്‍സ് ഫീ അടിസ്ഥാനത്തിലോ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ സര്‍വിസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ ധാരാളം യുവജനങ്ങള്‍ക്കു കെ എസ് ആര്‍ ടി സിയുമായി കരാറിലേര്‍പ്പെട്ട് സ്വയം തൊഴില്‍ കണ്ടെത്താനാവും.
മണ്ണന്തല – കുടപ്പനക്കുന്ന് – എ.കെ.ജി നഗര്‍ – പേരൂര്‍ക്കട – ഇന്ദിരാ നഗര്‍ – മണികണ്‌ഠേശ്വരം – നെട്ടയം – വട്ടിയൂര്‍ക്കാവ് – തിട്ടമംഗലം – കുണ്ടമണ്‍കടവ് – വലിയവിള – തിരുമല റൂട്ടിലാണ് ആദ്യ ഫീഡര്‍ സര്‍വിസ് നടത്തുന്നത്. രാവിലെയും വൈകുന്നേരവുമാണ് പ്രധാനമായും ട്രിപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. എം.സി റോഡ്, തിരുവനന്തപുരം – നെടുമങ്ങാട് റോഡ്, കിഴക്കേകോട്ട – വട്ടിയൂര്‍ക്കാവ് റോഡ്, തിരുവനന്തപുരം – കാട്ടാക്കട റോഡ് എന്നിങ്ങനെ 4 പ്രധാന റോഡുകളെ റസിഡന്‍ഷ്യല്‍ ഏരിയകളുമായി ബന്ധിപ്പിക്കുന്ന തരത്തിലാണു സര്‍വിസ് ക്രമീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് നഗരങ്ങളിലെയും ചെറുപട്ടണങ്ങളിലെയും റസിഡന്‍ഷ്യല്‍ പ്രദേശങ്ങളില്‍നിന്നും പ്രധാന റോഡുകളിലേക്കും ബസ് സ്റ്റോപ്പുകളിലേക്കും എത്താന്‍ നിലവില്‍ ചെലവ് കുറഞ്ഞ പൊതു യാത്രാസംവിധാനങ്ങള്‍ ലഭ്യമല്ല. ആവശ്യമായ വീതി പല റോഡുകള്‍ക്കുമില്ലാത്തതിനാല്‍ വലിയ ബസ് ഉപയോഗിച്ചുള്ള സര്‍വിസ് പ്രയോഗികമല്ല. ഇതിനൊപ്പം ഇരുചക്ര വാഹനമടക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ ക്രമാതീതമായി പെരുകുന്നതിനാല്‍ ഗതാഗതക്കുരുക്കും അപകടങ്ങളും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണു കുറഞ്ഞ ചെലവില്‍ ഫസ്റ്റ് മൈല്‍, ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടു ഫീഡര്‍ സര്‍വിസുകള്‍ ആരംഭിക്കുന്നത്.