സുൽത്താൻ ബത്തരി: കെഎസ്ആർടിസി പെൻഷൻ മുടങ്ങിയതിലുളള സാമ്പത്തിക പ്രതിസന്ധി മൂലം രണ്ടു കെഎസ്ആർടിസി മുൻ ജീവനക്കാർ കൂടി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നേമം സ്വദേശി കരണാകരനും തലശ്ശേരി സ്വദേശി നടേശ് ബാബുവുമാണ് മരിച്ചത്. ഇതോടെ പെൻഷൻ കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തവരുടെ എണ്ണം 15 ആയി.

കെഎസ്ആർടിസി ബത്തേരി ഡിപ്പോയിലെ മുൻ സൂപ്രണ്ട് നടേശ്ബാബുവിനെ ബത്തേരിയിലെ ലോഡ്ജിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ഇന്നലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നേമം സ്വദേശി കരണാകരൻ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

കെഎസ്ആർടിസിയിൽനിന്നു വിരമിച്ചവരുടെ പെൻഷൻ കുടിശിക സഹിതം സഹകരണ വകുപ്പിന്റെ സഹായത്തോടെ ഈ മാസം തന്നെ വിതരണം ചെയ്യാൻ തീരുമാനമായിരുന്നു. ഫെബ്രുവരി വരെയുള്ള ആറുമാസത്തെ പെൻഷൻ നൽകാനാണു മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായത്. ഇതിനിടെയാണ് നടേശ്ബാബുവിന്റെ ആത്മഹത്യ.

കെഎസ്ആർടിസി മുൻ ജീവനക്കാരൻ ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ പെൻഷൻ പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. ഇന്നു രാത്രി എട്ടിന് തിരുവനന്തപുരത്താണ് യോഗം. ഗതാഗത മന്ത്രിയും പെൻഷൻകാരുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

പെൻഷൻ ലഭിക്കാത്തതിനാൽ ചികിൽസ മുടങ്ങിയ കെഎസ്ആർടിസി മുൻ ജീവനക്കാരൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കൊച്ചി പുതുവൈപ്പ് സ്വദേശി വി.വി.റോയ് (59) ആണ് ഹൃദയാഘാതത്തെ തുടർന്നു മരിച്ചത്. 34 വർഷത്തെ സേവനത്തിനുശേഷം മൂന്നുവർഷം മുൻപാണു റോയ് കെഎസ്ആർടിസിയിൽനിന്നു വിരമിച്ചത്. അടിയന്തര ഹൃദയശസ്ത്രക്രിയ വേണമെന്ന് ആറുമാസം മുൻപു ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ അഞ്ചുമാസമായി പെൻഷൻ കിട്ടാതായതോടെ മരുന്നിനുള്ള പണംപോലും കണ്ടെത്താൻ കഴിയാത്ത സ്ഥിതിയിലായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook