തിരുവനന്തപുരം: ശമ്പളം നൽകാത്തതിനെ തുടർന്ന് കെഎസ്ആർടിസിയിൽ ഇന്നുമുതൽ വീണ്ടും സമരം. സിഐടിയു, ഐഎന്‍ടിയുസി സംഘടനകള്‍ ഇന്ന് രാവിലെ മുതൽ കെഎസ്ആർടിസി ആസ്ഥാനത്ത് സത്യാഗ്രഹസമരം ആരംഭിക്കും. അഞ്ചാം തീയതി കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ് സമരത്തിലേക്ക് കടക്കുന്നത്. അനിശ്ചിതകാലത്തേക്കാണ് സമരം. ബസ് സർവീസുകളെ ബാധിക്കാത്ത വിധത്തിലാണ് സമരം.
അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകണമെന്നായിരുന്നു യൂണിയനുകളുടെ ആവശ്യം. ഇത് നടപ്പിലാകാത്ത സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് കടക്കുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ അനിശ്ചിതകാലം സമരം നടത്താനാണ് തീരുമാനം. ബിഎംഎസ് സെക്രട്ടേറിയറ്റിനുമുന്നിലും കെഎസ്ആര്‍ടിസിയുടെ ജില്ലാ ആസ്ഥാനങ്ങളിലും നാളെ മുതൽ അനിശ്ചിതകാല ധര്‍ണയും ആരംഭിക്കും.
കെഎസ്ആര്‍ടിസി ആസ്ഥാനത്തിന് മുന്നില്‍ ഐഎന്‍ടിയുസിയുടെ രാപകല്‍ സമരവും ഇന്ന് തുടങ്ങും. ഐഎന്‍ടിയുസി ഡ്രൈവേഴ്സ് യൂണിയന് കൂട്ടായ്മയായ ടിഡിഎഫിന്റെ സമരം പ്രതിപക്ഷനേതാവ് വി.ഡി സതീശന് ഉദ്ഘാടനം ചെയ്യും. കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്റെ സമരം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് ഉദ്ഘാടനം ചെയ്യും.
മേയ് മാസത്തെ ശമ്പള വിതരണത്തിനായി 65 കോടിയാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ സർക്കാർ എന്ന് നൽകാനാകുമെന്ന് പറഞ്ഞിട്ടില്ല. സർക്കാരിൽ നിന്ന് സഹായം ലഭിക്കാത്തതിനാൽ ഇരുപതാം തീയതി കഴിയാതെ ശമ്പളം നൽകാനാവില്ലെന്നാണ് മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്.
Also Read: സംസ്ഥാനത്ത് പരക്കെ മഴ സാധ്യത; നാളെ മുതൽ കാലവർഷം സജീവമാകും