തിരുവനന്തപുരം: മകളുടെ മുന്നിലിട്ട് പിതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് കെഎസ്ആര്‍ടിസി ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ.സുരേഷ് കുമാർ, കണ്ടക്ടർ എൻ.അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവര്‍ക്കെതിരെയാണ് നടപടി.
കേസില്‍ 45 ദിവസത്തനികം അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി സിഎംഡിക്ക് മന്ത്രി നിര്‍ദേശം നല്‍കി. തിരുവനന്തപുരം ആമച്ചല്‍ സ്വദേശി പ്രേമനെയാണ് ജീവനക്കാര്‍ മര്‍ദിച്ചത്. പ്രേമന്റെ പരാതിയിൽ കാട്ടാക്കട ഡിപ്പോ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
മര്‍ദനമേറ്റ പ്രേമന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ഇവിടെയെത്തി പൊലീസ് മൊഴിയെടുത്തു. സംഭവത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു കെ എസ് ആർ ടി സി സിഎംഡിയുടെ റിപ്പോര്‍ട്ട് തേടി. കെ എസ് ആർ ടി സിയ്ക്കു കളങ്കമുണ്ടാക്കുന്ന നടപടിയാണു ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം മുഖംനോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മകളുടെ ബസ് കണ്‍സഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണു പ്രേമൻ കാട്ടാക്കട ഡിപ്പോയിലെത്തിയത്. കണ്‍സഷന്‍ അനുവദിക്കാന്‍ മകളുടെ ഡിഗ്രി കോഴ്സ് സര്‍ട്ടിഫിക്കറ്റ് അടക്കം ഹാജരാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. മൂന്നുമാസമായി താന്‍ കണ്‍സഷനായി നടക്കുകയാണെന്നും എത്രയും വേഗം അനുവദിക്കണമെന്നും ജീവനക്കാരുടെ ഇത്തരം സമീപനമാണ് കെ എസ് ആര്‍ ടി സി നഷ്ടത്തിലാകാന്‍ കാരണമെന്നും പ്രേമന്‍ പറഞ്ഞു. ഇതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചതെന്നാണു പ്രേമൻ പറഞ്ഞു.
ഒരു ജീവനക്കാരന്‍ താനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ മറ്റു ജീവനക്കാരെത്തി മകളുടെ മുന്നിലിട്ട് തന്നെ മര്‍ദിച്ചതായും പ്രേമൻ ആരോപിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വാക്കുതര്‍ക്കത്തിനിടെ പ്രേമനെ ജീവനക്കാര്‍ ബലംപ്രയോഗിച്ച് ഒരു മുറിയിലേക്ക് മാറ്റാന്‍ ശ്രമിക്കുകയും കൈയേറ്റം ചെയ്യുന്നതും വീഡിയോയിൽ കാണാം. പിതാവിനെ മര്‍ദിക്കുന്നത് കണ്ട് മകള്‍ കരയുന്നതും കേള്‍ക്കായിരുന്നു.
അതേസമയം പ്രേമനെ പൊലീസിനു കൈമാറാനാണ് മുറിയിലേക്ക് മാറ്റിയതെന്നാണ് കെ എസ് ആര്‍ ടി സി അധികൃതര്‍ പറയുന്നത്.