തിരുവനന്തപുരം: കാട്ടാക്കടയില്‍ കണ്‍സഷനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അച്ഛനെയും മകളെയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. മര്‍ദനറ്റേ മകള്‍ രേഷ്മയുടെയും രേഷ്മയുടെ സുഹൃത്ത് അഖിലയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നില്‍ വച്ചാണ് അച്ഛനെ മര്‍ദ്ദിച്ചത്. തടയാന്‍ എത്തിയ മകളേയും ആക്രമിച്ചു. സംഭവത്തില്‍ കയ്യേറ്റം ചെയ്യല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ആദ്യം ചുമത്തിയിരിക്കുന്നത്.
അതേസമയം കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തില്‍ മാപ്പുചോദിച്ച് എംഡി ബിജു പ്രഭാകര്‍ രംത്ത് വന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്നം. അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്മെന്റ് സംരക്ഷിക്കില്ലെന്ന് എംഡി അറിയിച്ചു.
ഗതാഗത മന്ത്രി ആന്റണി രാജുവിന്റെയും സര്‍ക്കാരിന്റേയും നിലപാട് ഇത് തന്നെയാണെന്നും ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക എന്ന് തന്നെയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശമെന്നും എംഡി വ്യക്തമാക്കി. കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ഏറെക്കുറെ വിഷയങ്ങള്‍ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അതിലേറെ ദുഃഖകരമായ ഒരനുഭവം കാട്ടാക്കട യൂണിറ്റില്‍ യാത്രാ കണ്സഷന് പുതുക്കാനായി എത്തിയ വിദ്യാര്‍ത്ഥിനിക്കും പിതാവിനും നേരിടേണ്ടി വന്നിട്ടുള്ളത്. ഇത്തരത്തില്‍ ഒരു വൈഷമ്യം ആ പെണ്‍കുട്ടിക്കും പിതാവിനും കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും നേരിടേണ്ടി വന്നതില്‍ ഈ സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരില്‍ പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നുവെന്നും ബിജു പ്രഭാകര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
സംഭവത്തില്‍ നാല് കെഎസ്ആര്‍ടിസി ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു..ആര്യനാട് യൂണിറ്റിലെ സ്റ്റേഷന് മാസ്റ്റര്‍ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്.സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍.അനില്‍കുമാര്‍, അസിസ്റ്റന്റ് സി.പി.മിലന് ഡോറിച്ച് എന്നിവര്‍ക്കെതിരെയാണ് നടപടി. കേസില്‍ 45 ദിവസത്തനികം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് മന്ത്രി നിര്‍ദേശം നല്കി. തിരുവനന്തപുരം ആമച്ചല്‍ സ്വദേശി പ്രേമനെയാണ് ജീവനക്കാര്‍ മര്‍ദിച്ചത്. പ്രേമന്റെ പരാതിയില്‍ കാട്ടാക്കട ഡിപ്പോ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.