പാലക്കാട്: കെഎസ്ആർടിസി ബസ് ഡ്രൈവറെ ക്രൂരമായി മർദിച്ച പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ മുണ്ടൂർ പന്നിയംപാടത്തിനുസമീപം ബസ് തടഞ്ഞു നിർത്തി ഒരു സംഘം ഡ്രൈവറെ മർദിക്കുകയായിരുന്നു. മലപ്പുറം വളാഞ്ചേരി സ്വദേശി അബൂബക്കറാണ് മർദനത്തിനിരയായത്. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ അബൂബക്കറെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് സംഭവം. പാലക്കാടുനിന്ന് കോഴിക്കോട് പോവുകയായിരുന്ന കെഎസ്ആർടിസി ബസിനെ തടഞ്ഞുനിർത്തിയാണ് അക്രമി സംഘം ഡ്രൈവറെ മർദിച്ചത്. യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിൽ ബസ് തട്ടിയെന്നു പറഞ്ഞാണ് യുവാക്കൾ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ചതെന്നാണ് വിവരം. ഡ്രൈവറെ മർദിക്കുന്നത് കണ്ടക്ടർ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഡ്രൈവറെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഡ്രൈവറുടെ മുഖത്ത് യുവാവ് അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.


(വീഡിയോ കടപ്പാട്: മനോരമ ന്യൂസ്)

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ