തിരുവനന്തപുരം: കെഎസ്ആർടിസി ബസ് സർവീസുകൾ ഇന്ന് ഭാഗികമായി നിലയ്ക്കും. ഇന്ന് ഉച്ചവരെ ഓർഡിനറി ബസുകളും ഭാഗികമായി ദീർഘദൂര ബസുകളും സർവീസ് നടത്തില്ല. തിരക്ക് അനുസരിച്ച് സൂപ്പർ ക്ലാസ് സർവീസുകൾ നടത്താനാണ് നിർദേശം. ഉച്ചയ്ക്കുശേഷം സർവീസുകൾ സാധാരണ നിലയിലേക്ക് എത്തും.
ഡീസൽ പ്രതിസന്ധിയെ തുടർന്ന് ഇന്നലെ 40 ശതമാനം സര്‍വീസുകള്‍ മുടങ്ങിയിരുന്നു. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്കും കോഴിക്കോട്ടേക്കുമുള്ള ചില ദീർഘദൂര സർവീസുകളും മുടങ്ങി.
കെഎസ്ആർടിസിയിലെ ഇന്ധനപ്രതിസന്ധി പരിഹരിക്കാൻ സർക്കാർ 20 കോടി രൂപ നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച കഴിഞ്ഞേ കെഎസ്ആർടിസിയുടെ അക്കൗണ്ടിലേക്ക് ഈ പണം എത്തൂ. അതിനാൽ നിലവിലെ പ്രതിസന്ധി ബുധനാഴ്ചവരെ തുടരുമെന്നാണ് സൂചന.
എണ്ണ കമ്പനികൾക്ക് വൻ തുക കുടിശിക ആയതിനെ തുടർന്ന് ഡീസൽ ലഭ്യമാകാതെ വന്നതാണ് നിലവിലെ പ്രതിസന്ധിക്ക് ഇടയാക്കിയത്. 135 കോടി രൂപയാണ് എണ്ണ കമ്പനികൾക്ക് കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത്.
അതേസമയം, വിപണി വിലയില്‍ കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കാന്‍ സാധിക്കില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ആവര്‍ത്തിച്ചു. ഇക്കാര്യം ഐഒസി സുപ്രീം കോടതിയെ അറിയിച്ചു. കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയിലാണ് ഐഒസിയുടെ സത്യവാങ്മൂലം.