തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാത്ത അവസ്ഥയിലാണ് കെഎസ്ആര്‍ടിസി. ഒക്ടോബർ മാസം ഏഴാം തിയതിയിലേക്ക് എത്തുമ്പോഴും ഇതുവരെയും ശമ്പളം വിതരണം ചെയ്യാത്തത് വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്. പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷി യൂണിയൻ ഉൾപ്പടെയുള്ള സംഘടകൾ രംഗത്തെത്തി.

പ്രതിമാസം 86 കോടി രൂപയാണ് ശമ്പള വിതരണത്തിന് മാത്രമായി കെഎസ്ആർടിസിക്ക് വേണ്ടിവരുന്നത്. സെപ്റ്റംബർ മാസം 192 കോടി രൂപ വരുമാനമായി ലഭിച്ചെങ്കിലും കഴിഞ്ഞ മാസം 18 വരെയുള്ള വരുമാനം തൊട്ടുമുമ്പുള്ള മാസത്തെ ശമ്പളം, സ്പെയര്‍ പാര്‍ട്സ്, ടയര്‍, ഇന്ധനം എന്നിവക്കുള്ള ബാധ്യത തീര്‍ക്കാന്‍ വിനിയോഗിക്കേണ്ടി വന്നു. ഇതാണ് ശമ്പള വിതരണം വൈകാൻ കാരണം.

Also Read: കോഴിക്കോട് തുഷാരഗിരിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം

അതേസമയം സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിമാസ സഹായമായ 16 കോടി രൂപക്ക് ഉത്തരവായിട്ടുണ്ട്. രണ്ടു ദിവസത്തെ പൊതു അവധിക്കു ശേഷമേ ഈ പണം കെഎസ്ആര്‍ടിസിക്ക് കിട്ടുകയുള്ളു.പത്താം തീയതിയോടെ ശമ്പളം വിതരണം ചെയ്യാനാകുമെന്നാണ് കരുതുന്നത്.

Also Read: ‘രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളും മിത്രങ്ങളുമില്ല’; എന്‍ഡിഎ വിട്ടേക്കാമെന്ന സൂചന നല്‍കി തുഷാര്‍

പ്രതിഷേധവുമായി സെക്രട്ടേറിയേറ്റിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും ബിഎംഎസിന്റെ നേതൃത്വത്തിൽ ജീവനക്കാർ ധർണ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭരണകക്ഷി യൂണിയനും പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. ചീഫ് ഓഫീസിനു മന്നിലും, കൊച്ചി, കോഴിക്കോട്, സോണല്‍ ഓഫീസുകള്‍ക്കു മുന്നിലും ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.