തിരുപ്പൂര്‍: കോയമ്പത്തൂരിനു സമീപം അവിനാശിയില്‍ കെഎസ്ആര്‍ടിസി വോള്‍വോ ബസില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറിയതിനെത്തുടര്‍ന്ന് മരിച്ച 19 പേരെയും തിരിച്ചറിഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപവീതം കെഎസ്ആര്‍ടിസി ധനസഹായം നല്‍കും. അടിയന്തരമായി രണ്ടു ലക്ഷം രൂപ നൽകും. ബാക്കിത്തുക പിന്നീട് നല്‍കും. മരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെയും കണ്ടക്ടറുടെയും കുടുംബത്തിനു 30 ലക്ഷം രൂപവീതം നല്‍കും. കെഎസ്ആര്‍ടിസിയുടെ ഇന്‍ഷുറന്‍സ് തുകയാണ് കൈമാറുന്നതെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു.
അതിനിടെ, അപകടം വരുത്തിയ ലോറി ഡ്രൈവർ മലയാളിയായ ഹേമരാജിനെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവർ ഉറങ്ങിയപ്പോയതാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനമെന്നു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പറഞ്ഞു.
മരിച്ചവരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ 18 പേരും മലയാളികളാണ്. ഇവരിൽ അഞ്ചുപേർ സ്ത്രീകളും 14 പേർ പുരുഷന്മാരുമാണ്. അപകടത്തിൽ 25 പേർക്കാണു പരുക്കേറ്റത്. 48 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ 42 പേരും മലയാളികളാണ്.
മരിച്ചവരിൽ ഏഴുപേർ എറണാകുളം സ്വദേശികളും ആറുപേർ തൃശൂർ ജില്ലക്കാരും മൂന്നു പേർ പാലക്കാട് സ്വദേശികളുമാണ്. മറ്റു മൂന്നുപേരിൽ ഒരാൾ കണ്ണൂർ സ്വദേശിയും മറ്റൊരാൾ കർണാടകയിൽ സ്ഥിരതാമസമാക്കിയ മലയാളിയും മൂന്നാമത്തെയാൾ കർണാടകക്കാരനുമാണ്.
Friends / Relatives of the passengers who travelled in the #Kerala State Transport Corporation Bus that met with an unfortunate #Accident early this morning near #Avinashi #Tiruppur can contact : Alagarasan 7708331194 in case of any assistance or help needed.
— Vijayakarthikeyan K (@Vijaykarthikeyn) February 20, 2020
മരിച്ചവർ: ബസ് ഡ്രൈവര്‍ വിഡി ഗിരീഷ് (43, പെരുമ്പാവൂര്‍, എറണാകുളം), കണ്ടക്ടര്‍ വിആര്‍ ബൈജു (47, പിറവം, എറണാകുളം),ഐശ്വര്യ (28, എറണാകുളം),ജിസ്മോന് ഷാജു ( 24, തുറവൂര്‍, എറണാകുളം),ടിജി ഗോപിക (24, തൃപ്പൂണിത്തുറ, എറണാകുളം), എംസി മാത്യു (30, എറണാകുളം), പി. ശിവശങ്കര്‍ (30, എറണാകുളം), മാനസി മണികണ്ഠന് (25, ബെംഗുളുരു), ഇഗ്നി റാഫേല്‍ (39, ഒല്ലൂര്‍, തൃശൂര്‍), ഹനീഷ് ( 25, തൃശൂര്‍),നസീഫ് മുഹമ്മദ് അലി ( 24, തൃശൂര്‍), കെവി അനു (തൃശൂര്‍), ജോഫി സി. പോള്‍ (തൃശൂര്‍), കെ.ഡി. യേശുദാസ് (40, തൃശൂര്‍) ശിവകുമാര്‍ (35, ഒറ്റപ്പാലം, പാലക്കാട്),റോസിലി ജോണ്‍ (61, പാലക്കാട്),കെ രാഗേഷ് (35, പാലക്കാട്), സനൂപ് (കാനം, പയ്യന്നൂര്‍), കിരണ്‍ കുമാര്‍ (33, തുംകൂര്‍, കര്‍ണാടക). മൃതദേഹങ്ങളില്‍നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുകളില്‍നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞതെന്നാണു വിവരം.
17 പേരുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. ബാക്കിയുള്ളവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അവിനാശി, തിരുപ്പൂർ ആശുപത്രികളിലാണു പോസ്റ്റ്മോർട്ടം നടക്കുന്നത്. കാര്യങ്ങള്‍ ഏകോപിപ്പിക്കാനായി മന്ത്രി വിഎസ് സുനില്‍കുമാര്‍ അവിനാശിയിലുണ്ട്. മൃതദേഹങ്ങൾ കൊണ്ടുവരാനായി 20 ആംബുലൻസുകൾ സംസ്ഥാന സർക്കാർ അയച്ചിരുന്നു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രമിന്റെ നേതൃത്വത്തിലുള്ള കേരള പോലീസ് സംഘം അവിനാശിയിലുണ്ട്. വിവരങ്ങൾക്കായി 9497996977, 9497990090, 9497962891 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 9495099910 (കെഎസ്ആര്‍ടിസി യൂണിറ്റ് ഓഫീസര്‍ ഉബൈദ്), 7708331194 (തമിഴ്നാട് ഉദ്യോഗസ്ഥൻ അളകരസൻ) എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
പരുക്കേറ്റവര്‍: ജെമിന് ജോര്‍ജ് (26, തടിയൂര്‍), അഖില്‍ (25, കയ്പമംഗലം, തൃശൂര്‍), ജോര്ഡിന് പി സേവ്യര്‍ (38, നെന്മാറ, പാലക്കാട്), ജെയ്മിന്‍ ജോസ് (തിരുവല്ല), സോന സണ്ണി (29, പാലക്കാട്), നിബിന് ബേബി (28, ഇരിങ്ങാലക്കുട, തൃശൂര്‍), വിനോദ് (48, കൊടുങ്ങല്ലൂര്‍, തൃശൂര്‍), ക്രിസ്റ്റോ (25, തൃശൂര്‍), റെയ്സ് (എറണാകുളം), എസ്.എ. മലവാഡ് (44, ബെംഗളുരു), ആര്. ദേവിദുര്ഗ (26, എറണാകുളം), പ്രവീണ്‍ (41, കോട്ടയം), രാമചന്ദ്രന് (34, തൃശൂര്‍), ഇഗ്നേഷ്യസ് തോമസ് (19, ബെംഗളുരു), മാരിയപ്പന് (25, തെങ്കാശി, തമിഴ്നാട്), ഡമന്‍സി (41, എറണാകുളം), മധുസൂദന വര്‍മ (42, തൃശൂര്‍), ജിജേഷ് മോഹന്‍ദാസ് (35, തൃശൂര്‍), ശ്രീലക്ഷ്മി മേനോന് (25, തൃശൂര്‍), തോംസണ്‍ ഡേവിസ് (19, ബെംഗളുരു). നിസാര പരുക്കേറ്റവരിൽ ചിലർ കേരളത്തിലേക്കു മടങ്ങി. മറ്റുള്ളവർ അവിനാശി, തിരുപ്പൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണു വിവരം.
Read More: കമല്ഹാസന് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ അപകടം; മൂന്നുപേര്‍ മരിച്ചു
ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന വോൾവോ ബസാണ് അപകടത്തിൽ പെട്ടത്. പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് കെഎസ്ആർടിസി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചത്. Kl 15 A 282 ബസാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് മണിക്ക് കോയമ്പത്തൂരെത്തേണ്ട ബസ് 2.15 മണിക്കൂർ വൈകിയാണ് ഓടിയിരുന്നത് എന്നാണ് പാസെഞ്ചർ മാനിഫെസ്റ്റിലെ സമയപ്പട്ടിക അനുസരിച്ച് മനസിലാക്കാൻ കഴിയുന്നത്. ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്.
Very sad news: 16 + people feared dead in a collision between a kerala bus and a truck near Avinashi town of Tirupur district. The bodies have been taken to Tirupur government hospital. More details awaited. #tirupur pic.twitter.com/cSbq1rQS2D
— K.S (@sathiyanaathan) February 20, 2020
കണ്ടെയ്നർ ലോറി അമിത വേഗത്തിൽ ഡിവൈഡർ മറികടന്ന് വന്നാണ് ബസിൽ ഇടിച്ചത് എന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തതെന്നാണ് പൊലീസ് പറയുന്നത്.
അങ്ങേയറ്റം ദുഖകരമായ സംഭവമാണെന്നും തുടർനടപടികൾ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 19 മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. അപകടത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും പരുക്കേറ്റ വര് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം തമിഴ് നാട്ടിലെ സേലം ദേശീയ പാതയിൽ മറ്റൊരു ബസ് അപകടത്തിൽ പെട്ട് അഞ്ച് പേർ മരിച്ചു. നേപ്പാൾ സ്വദേശികളാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.