തിരുവനന്തപുരം: ജീവനക്കാരെ നല്ല പെരുമാറ്റം പഠിപ്പിക്കാന്‍ കെ എസ് ആര്‍ ടി സി തയാറെടുക്കുന്നതിനിടെ യാത്രക്കാരെ അസഭ്യം പറഞ്ഞും അധിക്ഷേപിച്ചും വനിതാ കണ്ടക്ടര്‍. തിരുവനന്തപുരം ചിറയിന്‍കീഴ് ബസ് സ്റ്റാന്‍ഡില്‍ ഇന്നുച്ചയോടെയായിരുന്നു സംഭവം.
ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്ടര്‍ക്കെതിരെയാണു യാത്രക്കാരുടെ പരാതി. നിര്‍ത്തിയിട്ട ബസില്‍ യാത്രക്കാർ നേരത്തെ കയറിയതാണു കണ്ടക്ടറെ പ്രകോപിപ്പിച്ചത്. തന്റെ ഭക്ഷണം കഴിക്കാനുള്ള സ്ഥലാണിതെന്നു പറഞ്ഞുകൊണ്ടാണു കണ്ടക്ടർ യാത്രക്കാരെ ഇറിക്കിവിട്ടത്.
ഇറങ്ങാന്‍ തയാറാകാതിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ കേട്ടാലറയ്ക്കുന്ന വാക്കുകള്‍ കൊണ്ടാണു കണ്ടക്ടര്‍ നേരിട്ടത്. പുറത്ത് നല്ല വെയിലാണെന്നും നിങ്ങള്‍ ഒരു സീറ്റിലിരുന്ന് ഭക്ഷണം കഴിച്ചോളൂവെന്നും പറഞ്ഞ യാത്രക്കാര്‍ക്കു നേരെ കണ്ടക്ടര്‍ അസഭ്യവര്‍ഷം നടത്തി. യാത്രക്കാരായ തൊഴിലുറപ്പ് തൊഴിലാളികളെയും കണ്ടക്ടര്‍ അധിക്ഷേപിച്ചു.
കണ്ടക്ടര്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരോട് മോശമായി പെരുമാറുന്നതും ബസില്‍നിന്ന് ഇറക്കിവിടുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
”ഇറങ്ങാനാ പറഞ്ഞത്…എനിക്കിരുന്ന് ആഹാരം കഴിക്കാനുള്ള സ്ഥലമാണ്…ഇറങ്ങാൻ… ഞാനാണു പറഞ്ഞത് ഇറങ്ങാൻ… എന്നെയൊരു ചുക്കും ചെയ്യാന്‍ ഒക്കൂല…ഞാന്‍ മാന്യമായിട്ടാണ്…നിന്റെയൊക്കെ പോലെ തൊഴിലുറപ്പിനു പോകുന്നതല്ല. ഇറങ്ങിപ്പോടീ ബസീന്ന്…ഇറങ്ങിപ്പോകാന്‍. ഏതു പൊലീസിനെ വേണമെങ്കിലും കൊണ്ടുവാ… നീ കൊണ്ടു പോയി കേസ് കൊടെടീ…എനിക്കൊരു ചുക്കുമില്ല,” കണ്ടക്ടര്‍ പറയുന്നതു വീഡിയോയില്‍ കേള്‍ക്കാം.
കണ്ടക്ടര്‍ പ്രകോപനപരമായി പെരുമാറുകയും തെറിവിളിക്കുകയും ചെയ്തതോടെ ചില യാത്രക്കാര്‍ ബസില്‍നിന്ന് ഇറങ്ങി. സീറ്റിലിരുന്നവര്‍ക്കു നേര കണ്ടക്ടര്‍ അസഭ്യവര്‍ഷം തുടര്‍ന്നു. മുഴുവന്‍ യാത്രക്കാരും ഇറങ്ങിയിട്ടും കണ്ടക്ടറുടെ കലിയടങ്ങിയില്ല. പുറത്തിറങ്ങിയ യാത്രക്കാര്‍ക്കു നേരെ ബസില്‍നിന്നുകൊണ്ട് കണ്ടക്ടര്‍ ഉച്ചത്തില്‍ സംസാരിക്കുന്നതും തെറിവിളിക്കുന്നതും വീഡിയോയില്‍ കാണാം.
ബസ് കണ്‍സന്‍ഷന്‍ പുതുക്കാന്‍ കാട്ടാക്കട ഡിപ്പോയിലെത്തിയ അച്ഛനെയും മകളെയും ജീവനക്കാര്‍ ആക്രമിച്ചതു കെ എസ് ആര്‍ ടി സിക്കുണ്ടാക്കിയ നാണക്കേട് മാറുന്നതിനു മുന്‍പാണു പുതിയ സംഭവം.
തിരുവനന്തപുരം ആമച്ചല്‍ സ്വദേശി പ്രേമനനും മകള്‍ രേഷ്മയ്ക്കുമാണു കാട്ടാക്കട ഡിപ്പോയില്‍ മര്‍ദനമേറ്റത്. സംഭവത്തില്‍ രൂക്ഷ വിമര്‍ശമുയര്‍ത്തിയ ഹൈക്കോടതി, ഇതാണ് ജീവനക്കാരുടെ പെരുമാറ്റമെങ്കില്‍ കെ എസ് ആര്‍ ടി സിയെ ആര് ഏറ്റെടുക്കുമെന്നു ചോദിച്ചിരുന്നു.
ജീവനക്കാരുടെ മോശം പെരുമാറ്റത്തില്‍ കെ എസ് ആര്‍ ടി സി സിഎംഡി ബിജു പ്രഭാകര്‍ മാപ്പുചോദിക്കുകയും നാല് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് ഇതിലൊരാളെ വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. ഡ്യൂട്ടി ഗാര്‍ഡ് എസ് ആര്‍ സുരേഷ് കുമാറാണ് അറസ്റ്റിലായത്.
ആര്യനാട് യൂണിറ്റ് സ്റ്റേഷന്‍ മാസ്റ്റര്‍ എ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, മെക്കാനിക്ക് അജി, ഓഫീസ് അസിസ്റ്റന്റ് സി പി മിലന്‍ ഡോറിച്ച് എന്നിവരാണു പിടിയിലാകാനുള്ളത്. ഇവരുടെ ജാമ്യാപേക്ഷ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. മകള്‍ക്കു മുന്നിലിട്ട് അച്ഛനെ ആക്രമിച്ച പ്രതികള്‍ ജാമ്യം അര്‍ഹിക്കുന്നില്ലെന്നാണ് ഉത്തരവില്‍ കോടതി പറഞ്ഞത്.