കൊച്ചി: ഒഴിവു വന്ന കണ്ടക്ടർമാരുടെ തസ്തികയിൽ പിഎസ്‌സി റാങ്ക് പട്ടികയിൽനിന്ന് രണ്ട് ദിവസത്തിനകം നിയമനം നടത്തണമെന്ന് കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. എത്രപേരെ പിരിച്ചു വിട്ടോ അത്രയും പേർക്ക് പകരം നിയമനം നൽകണമെന്നും കോടതി വ്യക്തമാക്കി. പിഎസ്‌സിയുടെ അഡ്വൈസ് മെമ്മോ നൽകിയവർക്ക് നിയമനം നൽകാൻ എന്താണ് മടിയെന്ന് കോടതി ആരാഞ്ഞു.

പിരിച്ചു വിട്ടവരുടെ അത്രയും ഒഴിവില്ലെന്ന് കെഎസ്ആർടിസി അറിയിച്ചപ്പോൾ ഒഴിവില്ലെങ്കിൽ എന്തിനാണ് പരീക്ഷ നടത്തി അഡ്വൈസ് മെമ്മോ നൽകിയതെന്നായിരുന്നു കോടതി ചോദിച്ചത്. പുതിയ കണ്ടക്ടർമാർക്ക് പരിശീലനം നൽകാൻ സമയം വേണമെന്ന കെഎസ്ആർടിസിയുടെ ആവശ്യത്തിന് ടിക്കറ്റ് നൽകി പൈസ വാങ്ങാൻ കണ്ടക്ടർമാർക്ക് വിദഗ്ധ പരിശീലനം ആവശ്യമില്ലെന്നായിരുന്നു കോടതി പറഞ്ഞത്.

കെഎസ്ആർടിസിയിൽ വിശ്വാസമില്ലെന്ന പരാമർശവും കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായി. കണ്ടക്ടർമാരുടെ പിരിച്ചുവിടൽ നടപടികളിലാണ് കോടതി അവിശ്വാസം രേഖപ്പെടുത്തിയത്. പിഎസ്‌സി ലിസ്റ്റിൽനിന്ന് അഡ്വൈസ് ചെയ്തവരെ നിയമിച്ചുവെന്നും താൽക്കാലിക കണ്ടക്ടർമാർ ആരും തുടരുന്നില്ലെന്ന് കാണിച്ച് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി സത്യവാങ്മൂലം നൽകണമെന്ന് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.

Read: കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം, പല ജില്ലകളിലും സർവ്വീസുകൾ മുടങ്ങി

അതിനിടെ, താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമാവുകയാണ്. പലയിടത്തും സർവ്വീസുകൾ കൂട്ടത്തോടെ മുടങ്ങി. സംസ്ഥാനത്താകെ 20 ശതമാനത്തോളം സർവ്വീസുകൾ മുടങ്ങി. കോട്ടയത്തുനിന്ന് പമ്പയിലേക്കുളള 21 കെഎസ്ആർടിസി സർവ്വീസുകൾ മുടങ്ങി. തിരുവനന്തപുരത്ത് 50 സർവ്വീസുകളും കൊല്ലത്ത് 42 സർവ്വീസുകളും മുടങ്ങി.

ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടർന്നാണ് 3,861 താൽക്കാലിക കണ്ടക്ടർമാരെ കെഎസ്ആർടിസി പിരിച്ചുവിട്ടത്. പകരം പിഎസ്‌സി നിയമന ശുപാർശ നൽകിയ 4051 പേർക്കു നിയമന ഉത്തരവ് നൽകാനുളള നടപടികൾ തുടങ്ങിയിട്ടുണ്ട്. പിഎസ്‌സിയുടെ അഡ്വൈസ് മെമ്മോ കിട്ടിയിട്ടും നിയമനം ലഭിക്കുന്നില്ലെന്നു കാണിച്ചു പാലക്കാട് സ്വദേശി ഉൾപ്പെടെയുളളവർ നൽകിയ ഹർജിയിലായിരുന്നു താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചു വിടണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.