കൊച്ചി: കെഎസ്ആർടിസിയിൽ താൽക്കാലിക കണ്ടക്ടർമാരെ നിയമാനുസരണം നിയമിക്കാമെന്ന് ഹൈക്കോടതി. ആദ്യ പരിഗണന പിഎസ്സി വഴിയുള്ളവർക്കായിരിക്കണം. ഒഴിവ് വീണ്ടുമുണ്ടെങ്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താം. എന്നിട്ടും ഒഴിവ് നിലനിൽക്കുകയാണെങ്കിൽ താൽക്കാലിക കണ്ടക്ടർമാരെ നിയമം അനുവദിക്കുമെങ്കിൽ നിയമനം നടത്താമെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ കേസിൽ കക്ഷി ചേരാനും കോടതി അനുവദിച്ചു.
ഹൈക്കോടതി വിധിയെ തുടർന്ന് 3,861 താൽക്കാലിക കണ്ടക്ടർമാരെയാണ് കെഎസ്ആർടിസി പിരിച്ചുവിട്ടത്. ഇവർക്കു പകരം പിഎസ്സി റാങ്ക് പട്ടികയിൽനിന്നും നിയമനം നടത്താനുളള നടപടികൾ കെഎസ്ആർടിസി തുടങ്ങിയിരുന്നു.
പിഎസ്സി വഴി അഡ്വൈസ് മെമ്മോ ലഭിച്ച 4051 പേരില്‍ 1472 പേർ ഇന്നലെ ജോലിയിൽ പ്രവേശിച്ചു. അഞ്ചു വർഷത്തെ കാത്തിരിപ്പിനും നിയമയുദ്ധത്തിനും ഒടുവിലാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്. ബാക്കിയുളളവർ വരും ദിവസങ്ങളിൽ ജോലിക്ക് എത്തിയേക്കാം. താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടതിനെത്തുടർന്ന് ഉടലെടുത്ത പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
അതിനിടെ, ദീർഘനാളായി അവധിയിലുളള മുഴുവൻ കണ്ടക്ടർമാരെയും തിരികെ വിളിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചിട്ടുണ്ട്. 800 ഓളം പേർ അവധിയിലുളളതായാണ് വിവരം.