തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കംപ്യൂട്ടർവത്കരണം നടത്തുന്നതിനുള്ള ടെണ്ടർ വീണ്ടും ക്ഷണിക്കാൻ സംസ്ഥാന സർക്കാർ നിർദേശിച്ചു. സിഡിറ്റിനെയും കെൽട്രോണിനെയും ഒഴിവാക്കി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ടെണ്ടർ അനുവദിച്ചതായി വാർത്ത വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം പുനഃപരിശോധിക്കാൻ നിർദേശം നൽകിയത്.

കോർപ്പറേഷൻ പൂർണമായി കംപ്യൂട്ടർവത്കരികരിക്കുന്നതിനും ആധുനിക ടിക്കറ്റ് മെഷീനുകൾ വിതരണം ചെയ്യുന്നതിനുമായിരുന്നു പദ്ധതി. ടിക്കറ്റിന് 24 പൈസ എന്ന നിരക്കിലാണ് ഊരാളുങ്കൽ സൊസൈറ്റി പദ്ധതി ഏറ്റെടുത്തത്. സർക്കാർ പരിശോധനയ്ക്ക് വിട്ട തീരുമാനത്തെ ഐടി വകുപ്പ് എതിർത്തതോടെയാണ് വീണ്ടും ടെണ്ടർ വിളിച്ചത്.

200 കോടിയുടേതായിരുന്നു പദ്ധതി. തങ്ങളെ ഒഴിവാക്കിയതിനെതിരെ സിഡിറ്റും കെൽട്രോണും സർക്കാരിന് പരാതി നൽകിയിരുന്നു. സാങ്കേതിക പരിശോധനയിൽ സിഡിറ്റ് മാത്രമായിരുന്നു പാസായത്. തുടർന്ന് വീണ്ടും സാങ്കേതിക പരിശോധന നടത്തി. ഇതിൽ കെൽട്രോണും ഊരാളുങ്കൽ സൊസൈറ്റിയും പാസായി. കെൽട്രോണിന് അനുവദിച്ചേക്കുമെന്ന് തോന്നിയ യോഗത്തിൽ വച്ച് ടെണ്ടർ ഊരാളുങ്കൽ സൊസൈറ്റിക്ക് കൈമാറി.

എന്നാൽ കെഎസ്ആർടിസി ഡയറക്ടർ ബോർഡ് ഈ തീരുമാനം അംഗീകരിച്ചില്ല. കൂടുതൽ പരിശോധനയ്ക്കായി തീരുമാനം സർക്കാരിന് വിട്ടു. ഇൻഫർമേഷൻ ടെക്നോളജി വകുപ്പാണ് ടെണ്ടറുമായി മുന്നോട്ട് പോകേണ്ടെന്ന് നിർദേശിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.