ഒറ്റദിവസത്തെ യാത്രക്കിടെ പരിചയപ്പെട്ട കേവലമൊരു ബസ് കണ്ടക്ടർ മാത്രമായിരുന്നില്ല ഡോ. കവിത വാര്യർക്കു ബൈജു. രണ്ടുവർഷം മുൻപ് യാത്രക്കിടെ അസുഖം വന്ന് ആശുപത്രിയിലായ തനിക്ക് ഡ്യൂട്ടിക്കിടെ കൂട്ടിരുന്ന, ചികിത്സയുടെ പണം നൽകിയ, പിന്നീടും തന്റെ കാര്യങ്ങൾ അമ്മയോട് വിളിച്ചന്വേഷിക്കുന്ന കുടുംബാംഗമായിരുന്നു അദ്ദേഹം.
ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ അപസ്മാരം അനുഭവപ്പെട്ട കവിത വാര്യരെ ആശുപത്രിയിലെത്തിച്ച് പൈസയടച്ച് ബന്ധുക്കളെത്തും വരെ കൂട്ടിരുന്ന കെഎസ്ആർടിസി ജീവനക്കാരായ ബൈജുവും ഗിരീഷുമായിരുന്നു. തമിഴ്നാട് അവിനാശിയിലുണ്ടായ വാഹനാപകടത്തിൽ അകാലത്തിൽ മരണം അവരെ കവർന്നെടുത്തപ്പോൾ ഏറെ വേദനയോടെയാണ് അന്നത്തെ ആ യാത്രക്കാരി തന്റെ ജീവന് കാവലായവരെ ഓർക്കുന്നത്.
രണ്ടു വർഷം മുൻപ് എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്കുള്ള യാത്രക്കാരിയായിരുന്നു ഡോ. കവിത വാര്യരുടെ ജീവന് കാവലായിനിന്ന് അഭിനന്ദനങ്ങള് ഏറ്റുവാങ്ങിയ ജീവനക്കാരാണ് ബൈജുവും ഗിരീഷും. ഇരുവരുടെയും മരണം ഡോക്ടർ കവിതയ്ക്ക് താങ്ങാവുന്നതിലുമേറെയാണ്.
Read Also: കരുതലിന്റെ ആ കരങ്ങൾ ഇനിയില്ല; ഗിരീഷും ബൈജുവും കെഎസ്ആർടിസിയുടെ അഭിമാന നക്ഷത്രങ്ങൾ
“ജീവിതത്തിൽ ഏറ്റവും പ്രയാസം നിറഞ്ഞ ഒരു ഘട്ടത്തിലാണ് ഞാൻ ബൈജുച്ചേട്ടനെയും ഗിരീഷേട്ടനെയും പരിചയപ്പെടുന്നത്. 2018ലായിരുന്നു. വിവാഹമോചനത്തിന്റെ വക്കിലൂടെ കടന്നുപോകുന്ന സമയം. രണ്ട് വയസുള്ള കുഞ്ഞ്. ബെംഗളൂരുവിലെ ഒരു ആശുപത്രിയിലാണ് ഞാൻ ജോലി ചെയ്തിരുന്നത്.
എല്ലാത്തവണത്തെയും പോലെ വീട്ടിലേക്ക് വന്ന് തിരിച്ചു പോകുകയായിരുന്നു. മാനസികമായി വല്ലാതെ തളർന്ന അവസ്ഥ. ഭക്ഷണം പോലും കഴിച്ചിട്ടുണ്ടായിരുന്നില്ല. ബസിൽ കയറുന്ന സമയത്ത് ഡ്രൈവറോടും കണ്ടക്ടറോടും ഇക്കാര്യം പറഞ്ഞിരുന്നു. പേടിക്കേണ്ട, ഒന്നുമില്ലെന്ന് പറഞ്ഞ് ബൈജുച്ചേട്ടൻ എന്നെ സമാധാനിപ്പിച്ചു. നിർത്തേണ്ട സ്റ്റോപ്പിനെ കുറിച്ചൊക്കെ ചോദിച്ച് മനസിലാക്കി,” ഇന്നലെ കഴിഞ്ഞെന്ന വണ്ണം ഡോ. കവിത വാര്യർ ഓർക്കുന്നു.
Read Also: എങ്ങനെ പുറത്തെത്തിയെന്ന് ഓർമയില്ല; മരണം മുന്നിൽ കണ്ട നിമിഷത്തെക്കുറിച്ച് ശ്രീലക്ഷ്മി
“രാത്രി പന്ത്രണ്ടോടെ എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. അടുത്തുള്ള യാത്രക്കാരനോട് ഞാൻ പറഞ്ഞു. കുഴപ്പമില്ല റിലാക്സ് ചെയ്യാൻ അദ്ദേഹം ഉപദേശിച്ചു. പിന്നെ എനിക്കൊന്നും ഓർമയില്ല. കണ്ണു തുറക്കുമ്പോൾ ഞാൻ ജനനി ആശുപത്രിയിൽ ആയിരുന്നു. ബൈജുച്ചേട്ടൻ എന്റെ തൊട്ടടുത്തുണ്ട്. എന്നോടു പറഞ്ഞു, ഒന്നും പേടിക്കാനില്ല ഡോക്ടർക്ക് പെട്ടെന്ന് ഒരു തലകറക്കം ഉണ്ടായിയെന്നേ ഉള്ളൂവെന്ന്. ഞാൻ ഡോക്ടറാണെന്ന് എന്റെ ഐഡി നോക്കിയാണ് പുള്ളി മനസിലാക്കിയത്. അച്ഛനെപ്പോലെ എന്റെ കൂടെ ഇരുന്ന് ഭയങ്കര കെയറിങ്ങായിരുന്നു. നന്നായി ഭക്ഷണം കഴിക്കണം പേടിക്കാനൊന്നുമില്ല എന്നൊക്കെ പറഞ്ഞു. അമ്മയെ വിളിച്ചു എനിക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല, ജസ്റ്റ് ഒന്നു വന്നാൽ മതി എന്നു പറഞ്ഞു. എന്റെ അമ്മ പഠിപ്പിച്ച ഒരു വിദ്യാർഥിയുടെ അച്ഛൻ ഡേവിഡ് സാറിന്റെ പരിചയക്കാരൻ കൂടിയാണ് ബൈജുച്ചേട്ടനെന്ന് പിന്നീട് അറിഞ്ഞു. പിന്നെ ഇടയ്ക്ക് വല്ലപ്പോഴും അമ്മയെ വിളിച്ച് എന്റെ കാര്യങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിനും മിടുക്കിയായ ഒരു മകളുണ്ട്,” കവിത ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
Read Also: കോയമ്പത്തൂരിനു സമീപം കെഎസ്ആർടിസി ബസിൽ ലോറി ഇടിച്ചുകയറി; മരിച്ച 19 പേരിൽ പതിനെട്ടും മലയാളികൾ
“അന്ന് ഞങ്ങൾക്ക് സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. അതൊക്കെ കണ്ടറിഞ്ഞ ബൈജുച്ചേട്ടൻ അമ്മയോട് പറഞ്ഞു ‘ടീച്ചറ് പേടിക്കണ്ട, പൈസയൊക്കെ ഞങ്ങൾ അടച്ചോളാം’ എന്ന്. അവർ തന്നെയാണ് ആശുപത്രിയിലെ പൈസയൊക്കെ അടച്ചത്. അത്രയ്ക്കും നല്ലൊരു മനുഷ്യൻ ആയിരുന്നു. ഞാൻ ബസിൽ വച്ച് ആദ്യം കാണുമ്പോൾ മുതൽ ആശുപത്രിയിൽ നിന്ന് പിരിയുമ്പോൾ വരെ ബൈജുച്ചേട്ടന്റെ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു. അന്ന് കുടുംബത്തേക്കാൾ കൂടുതൽ ഞങ്ങൾക്ക് കൂട്ടായി നിന്നത് ബൈജുച്ചേട്ടനായിരുന്നു. അദ്ദേഹം പോയി എന്ന് രാവിലെ അറിഞ്ഞപ്പോൾ ആകെ ഒരു ഞെട്ടലായിരുന്നു എനിക്ക്. ഒരിക്കൽ കൂടി ഒന്ന് കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ലെന്ന് ദുഃഖം ഉണ്ട്,” വേദനയോടെ കവിത പറഞ്ഞു.
ഡ്രൈവർ ഗിരീഷിനോട് താൻ സംസാരിച്ചിട്ടില്ലെന്നും എന്നാൽ അദ്ദേഹവും നല്ലൊരു മനുഷ്യനായിരുന്നെന്നും കവിത പറയുന്നു.