കൊച്ചി: അച്ഛന്റേയും അമ്മയുടേയും ഒറ്റമകളായിരുന്നു ഗോപിക. ബെംഗളൂരുവിലെ ആൾഗോ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഗോപിക മാസത്തിൽ രണ്ടോ മൂന്നോ തവണ വീട്ടിലെത്താറുണ്ട്. വീടുമായി അത്ര ആത്മബന്ധമുണ്ടായിരുന്നു ഗോപികയ്ക്ക്.
ഗോപിക ജോലി ചെയ്യുന്ന കമ്പനിയിൽ ശനിയും ഞായറും അവധിയാണ്. വെള്ളിയാഴ്ച വെെകിട്ട് ജോലി കഴിഞ്ഞ് നാട്ടിലേക്ക് ബസ് കയറുകയാണ് പതിവ്. പിന്നീട് അച്ഛനും അമ്മയ്ക്കുമൊപ്പം രണ്ട് ദിവസം. ഞായറാഴ്ച രാത്രി തിരിച്ചു ബെംഗളൂരുവിലേക്ക് പോകും. എന്നാൽ, ഇത്തവണ ഗോപികയ്ക്ക് വിധി കാത്തുവച്ചത് മരണമായിരുന്നു.
വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് തിരിക്കാമെന്ന് ഗോപിക തീരുമാനിച്ചു. എന്നാൽ, അച്ഛനും അമ്മയും ഒരു ദിവസം മുന്നേ നാട്ടിലേക്ക് തിരിക്കാൻ ഗോപികയോട് ആവശ്യപ്പെടുകയായിരുന്നു. വെള്ളിയാഴ്ച ശിവരാത്രിയോട് അനുബന്ധിച്ച് ഗോപികയുടെ കമ്പനിക്ക് അവധിയുണ്ടായിരുന്നു. ഒരു ദിവസം മുന്നേ വീട്ടിലെത്തണമെന്ന് അച്ഛനും അമ്മയും ആവശ്യപ്പെട്ടപ്പോൾ ഗോപിക ബുധനാഴ്ച രാത്രി തന്നെ പുറപ്പെടാമെന്ന് തീരുമാനിച്ചു. വ്യാഴാഴ്ച ജോലി ചെയ്ത ശേഷം പുറപ്പെടാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് വ്യാഴാഴ്ച ലീവെടുത്ത് ബുധനാഴ്ച തന്നെ പുറപ്പെടാൻ തീരുമാനിച്ചു.
Read Also: ‘കർമത്തിൽ വിശ്വസിക്കുക’; ശരണ്യയുടെ ഫെയ്സ്ബുക്ക് പ്രൊഫെെലിൽ നിറയെ കുഞ്ഞിന്റെ ചിത്രം
വ്യാഴാഴ്ചയ്ക്ക് ബുക്ക് ചെയ്ത ടിക്കറ്റ് ക്യാൻസൽ ചെയ്താണ് ഗോപിക ബുധനാഴ്ച നാട്ടിലേക്ക് ടിക്കറ്റെടുത്തത്. അച്ഛന്റേയും അമ്മയുടേയും നിർബന്ധ പ്രകാരമാണ് ആദ്യം ബുക്ക് ചെയ്ത ടിക്കറ്റ് ക്യാൻസൽ ചെയ്തത്. അവിനാശിയിൽ ഇന്ന് പുലർച്ചെ കെഎസ്ആർടിസി ബസിൽ ട്രക്ക് ഇടിച്ച് കയറി മരിച്ച 18 മലയാളികളിൽ ഒരാളാണ് ഗോപിക.
“പത്ത് മണിക്കൂർ ബസ് യാത്ര ചെയ്തു നാട്ടിലേക്ക് വരുന്നത് വലിയ ബുദ്ധിമുട്ടാണ്. എന്നാലും വീടിനോട് വലിയ ആത്മബന്ധമുള്ള കുട്ടിയാണ് ഗോപിക. അച്ഛന്റെയും അമ്മയുടെയും ഏകമകൾ. അതുകൊണ്ട് തന്നെ രണ്ടോ മൂന്നോ ദിവസം അവധിയുണ്ടെങ്കിൽ യാത്ര ചെയ്യുന്ന സമയമൊന്നും കാര്യമാക്കാറില്ല. ഗോപിക എങ്ങനെയെങ്കിലും നാട്ടിലെത്തും. പഠിക്കാൻ വളരെ മിടുക്കിയായിരുന്നു” ഗോപികയുടെ ബന്ധു പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷമായി ഗോപിക ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.

കൂട്ടുകാരിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള യാത്രയിലാണ് ശ്വേത. ഗവൺമെന്റ് മോഡൽ എഞ്ചിനീയറിങ് കോളേജിൽ ബിടെക്കിന് പഠിച്ചിരുന്ന ഗോപികയുടെ ബാച്ച്മേറ്റായിരുന്ന ശ്വേത പിന്നീട് ഗോപികയുടെ ബെംഗളൂരുവിലെ റൂംമേറ്റുമായിരുന്നു.
“പഠനത്തിൽ മിടുക്കിയായിരുന്നു അവൾ. ഞങ്ങൾ ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിലെ ബാച്ച്മേറ്റ്സ് ആയിരുന്നു. പിന്നീട് ബെംഗളൂരുവിൽ എത്തിയപ്പോൾ റൂംമേറ്റ്സുമായി. ഞാൻ ഇപ്പോഴും ഞെട്ടലിലാണ്. അവൾ എല്ലാ മാസവും വീട്ടിലേക്ക് വരുമായിരുന്നു. മിക്കപ്പോഴും ബസിലായിരുന്നു യാത്ര. ഞാനിപ്പോൾ കൊച്ചിയിലേക്ക് പോകുകയാണ്. അവളെ അവസാനമായി കാണാൻ,” ശ്വേത ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
Read Also: ‘മനസിലുണ്ട് അന്ന് രക്ഷിച്ചയാളുടെ ചിരിയുള്ള മുഖം; ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞില്ലല്ലോ’
തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര ശാന്തിനഗറിൽ ഇഎസ്ഐ റിട്ടയേഡ് ഉദ്യോഗസ്ഥൻ ഗോകുൽനാഥിന്റെയും വരദയുടെയും ഏകമകളായിരുന്നു ഗോപിക (24)യാണ് മരിച്ചത്. കേരള ഹെെക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സെക്രട്ടറിയാണ് ഗോപികയുടെ അമ്മ വരദ. സംഭവമറിഞ്ഞ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഗോപികയുടെ വസതി സന്ദർശിച്ചു. ബെംഗളൂരു ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന ഗോപിക നാട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.
പഠനത്തിൽ മിടുക്കിയായിരുന്ന ഗോപിക ബിടെക്കിന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് വിഭാഗത്തിൽ ഒന്നാം റാങ്കോടെയാണ് പാസായത്. 2016 ൽ തൃക്കാക്കര മോഡൽ എൻജീനിയറിങ് കോളേജിൽ നിന്നാണ് ഗോപിക ബിടെക് പൂർത്തിയാക്കുന്നത്. പ്ലസ്ടു വരെ തൃപ്പൂണിത്തുറ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിച്ചത്.