ഈരാറ്റുപേട്ട: കാര്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും യാത്രക്കാർക്ക് പലർക്കും കെഎസ്ആർടിസിയോട് മുടിഞ്ഞ സ്നേഹമാണെന്ന് ഈയടുത്താണ് വ്യക്തമായത്. ഈരാറ്റുപേട്ടയിൽ നിന്നുളള ചങ്ക് ബസ് ഓൾ കേരള ഫേമസായതും ഇങ്ങിനെയാണ്.

ഇന്നലെ കോട്ടയത്ത് നിന്ന് കട്ടപ്പനയ്ക്ക് പോയ ചങ്ക് ബസ് വഴിയിൽ കുമ്മണ്ണൂരിലെത്തിയപ്പോൾ തകരാറിലായി. ലിവർ ഇളകിയതിനെ തുടർന്ന് വഴിയിലായ ബസ് ഒരടി മുന്നോട്ട് നീങ്ങണമെങ്കിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാർ എത്തണമെന്ന സ്ഥിതി.

ഇതോടെ ബസിലെ യാത്രക്കാരെ മുഴുവൻ പിന്നാലെ വന്ന മറ്റൊരു ബസിലേക്ക് മാറ്റി. പക്ഷെ, ചങ്ക് ബസാണ് വഴിയിൽ കിടക്കുന്നത് എന്ന് മനസിലായതോടെ വഴിപോക്കരെല്ലാം ബസിന്റെ ചിത്രമെടുക്കാൻ തുടങ്ങി. സംഭവം കെഎസ്ആർടിസിക്ക് കൂടുതൽ നാണക്കേടായേക്കുമെന്ന് കരുതി, ബസിന്റെ മുൻവശത്ത് ‘ചങ്ക്’ എന്ന് പേരെഴുതിയ ഭാഗത്ത് ജീവനക്കാർ ചാക്ക് കൊണ്ട് മറച്ചു.

ചങ്ക് ബസ് വഴിയിലായപ്പോൾ. ചാക്ക് കൊണ്ട് പേര് മറച്ച ഭാഗം ചുവന്ന വൃത്തത്തിൽ

കുമ്മണ്ണൂരിലെത്തിയ മെക്കാനിക്കൽ വിഭാഗം ജീവനക്കാർ ചങ്ക് ബസിനെ ഈരാറ്റുപേട്ട ഡിപ്പോയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് തകരാർ പരിഹരിച്ച ശേഷം വൈകിട്ട് വീണ്ടും ബസ് സർവ്വീസ് നടത്തി. മലയാള മനോരമയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ