തിരുവനന്തപുരം: കെഎസ്ആർടിയിയുടെ നഷ്‌ടം കുറയ്‌ക്കാനും കടത്തിൽ നിന്നു രക്ഷിക്കാനും ജീവനക്കാരുടെ എണ്ണം കുറയ്‌ക്കാൻ നിർദേശം. കേരള സർക്കാർ നിയോഗിച്ച സുശീൽ ഖന്നയുടെ റിപ്പോർട്ടിലാണ് ഈ നിർദേശം മുന്നോട്ട് വയ്‌ക്കുന്നത്. ഈ നിർദേശങ്ങൾ അടങ്ങിയ അന്തിമ റിപ്പോർട്ടിനു മുന്നോടിയായുളള രൂപരേഖ സർക്കാരിനു കൈമാറി.

ഒരു ബസിന് 7.2 എന്ന അനുപാതത്തിലാണ് ഇപ്പോൾ കെഎസ്ആർടിസിക്ക് ജീവനക്കാരുളളത്. ഇത് മാറ്റി ദേശീയ ശരാശരിയായ 5.2 ആക്കി കുറയ്‌ക്കണമെന്നാണ് റിപ്പോർട്ടിൽ ശുപാർശ ചെയ്‌തിട്ടുളളത്. ഇതുകൂടാതെ യാത്രക്കാരുടെ ആവശ്യങ്ങൾ പഠിച്ച് സർവീസുകൾ പുനഃക്രമീകരിക്കണമെന്നും നിർദേശം ചെയ്‌തിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ ഘടനയിൽ​ സമഗ്ര മാറ്റം ആവശ്യമാണ്. മുഴുവൻ സമയ മാനേജിങ് ഡയറക്‌ടറെ നിയമിക്കണം, ബസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണം, വർക്‌ഷോപ്പുകൾ നവീകരിച്ച് അറ്റകുറ്റപണിക്ക് പരമാവധി ഒരു ദിവസം എന്ന നിബന്ധന വയ്‌ക്കണം എന്നിങ്ങനെയാണ് റിപ്പോർട്ടിലുളള മറ്റ് നിർദേശങ്ങൾ.

റിപ്പോർട്ടിന്റെ രൂപരേഖ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. രണ്ടാഴ്‌ചയ്‌ക്കുളളിൽ പൂർണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാർ നിർദേശം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ