തിരുവനന്തപുരം: രാഷ്‌ട്രീയ സമ്മർദത്തിന് വഴി വരുമാനമില്ലാത്ത ഷെഡ്യൂളുകളിൽ ബസ് ഓടിക്കുന്നത് കെഎസ്ആർടിസി നിർത്തുന്നു. 10,000 രൂപയിൽ താഴെ വരുമാനമുള്ള സർവീസുകളാണ് ഈ മാസം 31 ന് ശേഷം പൂർണമായും റദ്ദാക്കാൻ തീരുമാനിച്ചത്. സാന്പത്തിക സ്ഥിതി മെച്ചപ്പെടുത്താണ് കെഎസ്ആർടിസിയുടെ പുതിയ നീക്കം. രാഷ്‌ട്രീയ നേതാക്കളുടെ വാക്ക് കേട്ട് നഷ്ടമുള്ള ഷെഡ്യൂളുകളിൽ ബസിറക്കിയാൽ യൂണിറ്റ് അധികാരികൾക്കെതിരെ കനത്ത നടപടിയെടുക്കുമെന്ന് കോർപറേഷൻ വ്യക്തമാക്കി.

ആയിരത്തോളം ഷെഡ്യൂളുകളാണ് ദിവസവും ഓടിക്കുന്നത്. ഇതിൽ 2600 ഷെഡ്യൂളുകൾ 10,000 രൂപയിൽ താഴെ മാത്രം വരുമാനമുള്ളവയാണെന്ന് അടുത്തിടെ നടത്തിയ കണക്കെടുപ്പിൽ കണ്ടെത്തിയിരുന്നു. ഇത് പുനഃക്രമീകരണം നടത്തി ശരാശരി വരുമാനം 10,000 രൂപയ്‌ക്ക് മുകളിലേയ്‌ക്ക് ഉയർത്തണമെന്ന് കഴിഞ്ഞ മാസം യൂണിറ്റുകൾക്ക് നിർദേശം നൽകിയിരുന്നു.

നഷ്ടം വരുന്ന ഷെഡ്യൂളുകൾ പുനഃക്രമീകരിച്ചപ്പോൾ, 800 രൂപ മാത്രം വരുമാനമുണ്ടായിരുന്ന ഒരു ഷെഡ്യൂളിൽ 12,000 രൂപ വരെ കിട്ടി. എന്നാൽ പുനഃക്രമീകരണത്തിനെതിരെ രാഷ്‌ട്രീയ നേതാക്കൾ രംഗത്തെത്തി യൂണിറ്റ് അധികൃതർക്കെതിരെ തിരിഞ്ഞു. ഇതിന്റെ ഫലമായി ചില ഷെഡ്യൂളുകൾ പഴയ സമയത്ത് തന്നെയാക്കി.

കണ്ണൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് പൂർണമായും ഷെഡ്യൂൾ പുനഃക്രമീകരണം നടക്കാതെ പോയത്. ആഴ്ചകൾ പിന്നിട്ടിട്ടും തീരുമാനം നടപ്പാക്കാൻ യൂണിറ്റ് മേധാവികൾ മടിക്കുന്നതിനെ തുടർന്നാണ് വീണ്ടും കർശന നിർദേശവുമായി കോർപറേഷൻ രംഗത്തെത്തിയിരിക്കുന്നത്. ഇനിയും നിർദേശം പാലിക്കാത്തവർക്കെതിരെ അച്ചടക്ക നടപടികളുണ്ടാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.