വടകര: കോഴിക്കോട് വടകരയില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്ന് പേര്‍ മരിച്ചു. ശനിയാഴ്ച രാത്രിയില്‍ ദേശീയപാത മുട്ടുങ്ങല്‍ കെ.എസ്.ഇ.ബി ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരിൽ രണ്ടു പേരെ തിരിച്ചറിഞ്ഞു. കൊയിലാണ്ടി കുറ്റിയാടിനിലയംകുനി ശ്രീജിത്ത് (21), കൊയിലാണ്ടി സ്വദേശി അനന്തു എന്നിവരാണ് മരിച്ചത്.

കെ.എൽ 56 ക്യു-8619 ബൈക്ക് യാത്രക്കാരാണ് അപകടത്തിൽപെട്ടത്. കോഴിക്കോട് നിന്ന്​ കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്​റ്റ്​ എക്സ്പ്രസിൽ എതിരെ മറ്റൊരു വാഹനത്തെ മറികടന്നുവന്ന ബൈക്ക് ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. രണ്ടുപേർ അപകടസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയുമാണ്​ മരിച്ചത്.

അപകടസമയത്ത് ഇതുവഴി കടന്നു പോകുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗതക്കുരുക്കിൽ പെട്ടു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൈലറ്റ് വാഹനത്തിലെ പൊലീസുകാരടക്കം രക്ഷാപ്രവർത്തനം നടത്തി. മൂന്നുപേരുടെയും മൃതദേഹം വടകര ജില്ലആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ