തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ ആദ്യമായി ബെംഗളുരുവില്‍ നിന്ന് വാരാന്ത്യ സര്‍വീസുകള്‍ തുടങ്ങാന്‍ തീരുമാനം. മലയാളികളുടെ ഏറെനാളത്തെ ആവശ്യമാണ് ഇതോടെ സഫലമാകുന്നത്. കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം എന്നിവടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസിനായുള്ള ബസ്സുകള്‍ ഈ ദിവസങ്ങളിൽ സർവീസ് നടത്തുക.

വെളളിയാഴ്ച ബെംഗളുരുവിൽ നിന്നും കേരളത്തിലേയ്ക്ക് ആദ്യ യാത്ര നടത്താനുളള ബസ്സുകൾ വ്യാഴാഴ്ച്ച ബെംഗളുരുവിലേക്ക് തിരിക്കും. കോഴിക്കോട്ടേക്ക് രണ്ടും, തൃശ്ശൂര്‍, എറണാകുളം എന്നിവടങ്ങളിലേക്ക് ഒന്നു വീതം സര്‍വീസും നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചരിക്കുന്നത്. നിലവില്‍, അതത് ജില്ലകളില്‍ നിന്നുള്ള സര്‍വീസുകളുടെ അധിക ബസ്സുകള്‍ ഉപയോഗിച്ചായിരിക്കും ആദ്യ വാരാന്ത്യ സര്‍വീസ് നടത്തുകയെന്ന് ഉന്നത കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ ഐഇ മലയാളത്തോട് പറഞ്ഞു. സൂപ്പര്‍ ഡീലക്‌സ്/ശബരി ഡീലക്‌സ്/ സൂപ്പര്‍ എക്‌സ്പ്രസ്സ് ശ്രേണിയിലുള്ള സെമി സ്ലീപ്പര്‍ ബസ്സുകളായിരിക്കും സര്‍വീസിന് ഉപയോഗിക്കുക. പ്രത്യേക സര്‍വീസുകളെല്ലാം മാനന്തവാടി – മൈസുര്‍ വഴിയായിരിക്കും ബെംഗളുരുവിലേക്ക് സര്‍വീസ് നടത്തുക.

ബെംഗളരുവില്‍ നിന്ന് വെളളിയാഴ്ച്ച പുറപ്പെട്ട, ശനിയാഴ്ച്ച കേരളത്തിലെത്തുന്ന ബസ്സുകള്‍ ഞായറാഴ്ച്ച വൈകിട്ട് ബെംഗളരുവിലേക്ക് തിരിക്കും. തിങ്കളാഴ്ച്ച പുലർച്ചെ തന്നെ ഇവയെല്ലാം ബെംഗളുരുവില്‍ എത്തത്തക്ക രീതിയില്‍ സര്‍വീസ് ക്രമീകരിക്കാനാണ് കെഎസ്ആര്‍ടിസിയുടെ ശ്രമം. നിലവില്‍ കെഎസ്ആര്‍ടിസിയുടെ മിക്ക സൂപ്പര്‍ ക്ലാസ് വാരാന്ത്യ സര്‍വീസുകളും ദിവസങ്ങള്‍ക്ക് മുന്നേ തന്നെ പൂർണമായും ബുക്ക് ചെയ്യപ്പെടാറാണ് പതിവ്. ഇതോടെ ടിക്കറ്റ് ലഭിക്കാത്തവര്‍ ഉയര്‍ന്ന നിരക്ക് നല്‍കി സ്വകാര്യ സര്‍വീസുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. കര്‍ണാടക ആര്‍ടിസിയുടെ രണ്ട് മള്‍ട്ടി ആക്‌സില്‍ ബസ്സുകള്‍ അടക്കം മൂന്ന് വാരാന്ത്യ സര്‍വീസുകള്‍ നേരത്തെ മുതല്‍ നടത്താറുണ്ടെങ്കിലും, ഇവയൊന്നും തിരക്ക് നിയന്ത്രിക്കാന്‍ പര്യാപ്തമല്ല.

ബെംഗളുരു സാറ്റലൈറ്റ് സ്റ്റേഷനിൽ നിന്നും വെളളിയാഴ്ചകളിൽ വൈകുന്നേരം 6.30  ന് എറണാകുളത്തേയ്ക്കും രാത്രി 7.10 ന് തൃശൂരിലേയ്ക്കും രാത്രി 8.30 നും 09.30 നും കോഴിക്കോടേയ്ക്കുമുളള ബസുകൾ പുറപ്പെടും. ബെംഗളുരുവിലേയ്ക്കുളള ബസുകൾ ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് എറണാകുളത്ത് നിന്നും രാത്രി 7.10 നും തൃശൂർ നിന്നും രാത്രി 8.15 നും 8.30 നും കോഴിക്കോടും നിന്നും യാത്ര തിരിക്കും. ഇവ പുലർച്ച ബെംഗളുരുവിൽ എത്തുന്നവിധമുളള ക്രമീകരണമാണ് കെ. എസ് ആർ ടി സി നടത്തുന്നത്. ഈ ബസ്സുകളിലെ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് അവസാന തീരുമാനമായിട്ടില്ല. ഇന്നോ നാളെയോ ഇതു സംബന്ധിച്ച അവസാന തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഐടിമേഖലയിൽ ഉൾപ്പടെ ഒട്ടേറെ മലയാളികൾ ബെംഗളുരുവിൽ ജോലി ചെയ്യുന്ന സാഹചര്യത്തിൽ  ഈ സർവീസുകൾ  സഹായമായി മാറുകയും കെ എസ് ആർ ടി സിയുടെ വരുമാനത്തിൽ വർധനവ് ഉണ്ടാക്കുകയും ചെയ്യുന്ന പദ്ധതിയായിരിക്കും എന്നാണ്  പ്രതീക്ഷിക്കുന്നത്. നിലവിൽ തിരക്കുളള സമയങ്ങളിൽ ഫ്ലെക്സി റേറ്റുകളും മറ്റുമായി സ്വകാര്യ ബസ്സുകൾ യാത്രക്കാരെ പിഴിയുന്നുവെന്ന പരാതി ഉയരുമ്പോൾ നേരിയൊരു ആശ്വാസമാകും കെ എസ് ആർടി സിയുടെ പുതിയ സർവീസുകൾ എന്നാണ് പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ