തിരുവനന്തപുരം: സമൂഹമാധ്യമങ്ങളുടെ സാധ്യത കൂടുതൽ ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് കെഎസ്‌ആർടിസിയും. ഫെയ്സ്ബുക്ക് വാട്സ്ആപ്പ് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് യാത്രക്കരുടെ അന്വേഷണങ്ങൾക്ക് മറുപടി പറയാനാണ് പുതിയ പദ്ധതിയിലൂടെ കെഎസ്ആർടിസി ശ്രമിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ സെല്ലിനാണ് കെഎസ്ആർടിസി രൂപം നൽകിയിരിക്കുന്നത്.

കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജായ //www.facebook.com/KeralaStateRoadTransportCorporation/ എന്ന പേജിലൂടെയും 8129562972 എന്ന വാട്സ്ആപ്പ് നമ്പരിലൂടെയും യാത്രക്കാർക്ക് ബസ് സർവീസുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കും.പരീക്ഷണാടിസ്ഥാനത്തിലാണ് നിലവിൽ സോഷ്യൽ മീഡിയ സെല്ലിന് രൂപം നൽകിയിരിക്കുന്നത്.

കെഎസ്ആർടിസിയിൽ മുൻ മാനേജിംഗ് ഡയറക്ടർ ആയിരുന്ന രാജമാണിക്യം മുൻകൈയെടുത്തു രൂപീകരിച്ച സോഷ്യൽ മീഡിയ സെൽ നിലവിലെ ചെയർമാൻ ആൻഡ് മാനേജിംങ് ഡയറക്ടറായ എം.പി.ദിനേശിന്റെ പ്രത്യേക താല്പര്യപ്രകാരം പൂർണസമയം പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്ന രീതിയിൽ പ്രവർത്തിച്ചു തുടങ്ങുകയായിരുന്നു. മുൻ മാനേജിംങ് ഡയറക്ടറായിരുന്ന ടോമിൻ ജെ തച്ചങ്കരി സോഷ്യൽ മീഡിയ സെല്ലിലൂടെ പൊതുജനങ്ങളിലേക്ക് കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ എത്തിക്കുന്നതിന് തുടക്കം കുറിച്ചിരുന്നു. അതെ പാത പിന്തുടർന്നാണ് നിലവിലെ സോഷ്യൽ മീഡിയ സെല്ലിന്റെ പ്രവർത്തനം.

മുപ്പത് ലക്ഷത്തിലധികം യാത്രക്കാർ വരുന്ന കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കാൻ സോഷ്യൽ മീഡിയ സെല്ലിലൂടെ സാധിക്കും.

ദീർഷദൂര ബസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, റിസർവേഷൻ വിവരങ്ങൾ എന്നിവ ഈ സൗകര്യം ഉപയോഗിച്ച് യാത്രക്കാർക്ക് ലഭിക്കും. യാത്രക്കിടെ ഉണ്ടാകുന്ന പരാതികളും സോഷ്യൽ മീഡിയ സെല്ലിനെ അറിയിക്കാം. തങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ സോഷ്യൽ മീഡിയ സെൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് കൈമാറും.

കെഎസ്ആർടിസിയുടെ പോരായ്മകൾ മനസിലാക്കാനും യാത്രക്കാരുടെ ആവശ്യനുസരണം പുതിയ സൗകര്യങ്ങൾ ഒരുക്കാനും റൂട്ടുകൾ ക്രമീകരിക്കാനും ശ്രമമുണ്ടാകും. പുതിയ റൂട്ടുകൾ സംബന്ധിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനും പുതിയ സൗകര്യം പ്രയോജനപ്പെടുത്തും. സോഷ്യല്‍മീഡിയ സെല്ലില്‍ നിന്നുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട ട്രാഫിക്, ഓപ്പറേഷന്‍ വിഭാഗങ്ങള്‍ക്കും എം.ഡി.ക്കും അപ്പപ്പോള്‍ കൈമാറുന്നുണ്ട്. കേരള പോലീസിന്റെ സൈബര്‍ വിഭാഗത്തില്‍നിന്നു പരിശീലനം ലഭിച്ച ജീവനക്കാരാണ് സെല്ലിലുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.