തിരുവനന്തപുരം: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലേയ്ക്കുള്ള തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. നിലയ്ക്കലിൽ നിന്നും ഓരോ മിനിറ്റ് ഇടവിട്ട് നോണ്‍ എസി ബസ്സുകളും രണ്ട് മിനിറ്റ് ഇടവിട്ട് എസി ബസ്സുകളും ഉള്‍പ്പെടെ ആകെ 250 ബസ്സുകളാണ് ഈ വര്‍ഷം ചെയിന്‍ സര്‍വീസിനായി ക്രമീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ഇത്തവണ കെഎസ്ആര്‍ടിസി മാത്രമാണ് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് സര്‍വീസ് നടത്തുന്നത്. അതുകൊണ്ട് നിലയ്ക്കല്‍-പമ്പ റൂട്ടില്‍ 24 മണിക്കൂറും കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കും. ഇതിനായി 10 ഇലക്ട്രിക് ബസ്സുകളുള്‍പ്പെടെ ആവശ്യാനുസരണം കെഎസ്ആര്‍ടിസി ബസ്സുകള്‍ സജ്ജീകരിക്കും. എസി ബസ്സുകളും നോണ്‍ എസി ബസ്സുകളും ഇതില്‍ ഉള്‍പ്പെടും. നവംബര്‍ 16 മുതല്‍ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ തുടച്ചയായി സര്‍വീസ് ആരംഭിക്കും. ഇലക്ട്രിക് ബസ്സുകള്‍ക്ക് കിലോമീറ്ററിന് നാല് രൂപ ചെലവ് വരും. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ ഈ ബസ്സുകള്‍ ഓടിക്കും. നിലയ്ക്കലും പമ്പയിലും കെഎസ്ആര്‍ടിസി വക പെയ്ഡ് ക്ലോക്ക് റൂം സംവിധാനം ഉണ്ടായിരിക്കും. കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് ഉള്ളവര്‍ക്ക് ഈ സൗകര്യം ലഭിക്കും. 24 മണിക്കൂറിനാണ് ക്ലോക്ക് റൂം ഫീസ് നിശ്ചയിക്കുന്നത്. പരമാവധി 48 മണിക്കൂര്‍ വരെ നിശ്ചിത തുക അടച്ച് ലഗേജുകള്‍ ഇവിടെ സൂക്ഷിക്കാം. അതിനുശേഷം വരുന്ന ഓരോ ദിവസത്തിനും അധികതുക നല്‍കണം.

എയര്‍പോര്‍ട്ടില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നും തീര്‍ത്ഥാടകരെ സ്വീകരിച്ച് ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ കൊണ്ടുവിടുന്നതരത്തില്‍ അയ്യപ്പദര്‍ശന ടൂര്‍ പാക്കേജ് ക്രമീകരിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ 29 മുതല്‍ ടൂര്‍ പാക്കേജിന് കെഎസ്ആര്‍ടിസിയുടെ വെബ്‌സൈറ്റ് വഴി മുന്‍കൂര്‍ ബുക്കിങ് നടത്താം. യാത്രാമധ്യേ ബാത്ത്‌റൂം, ടോയ്‌ലറ്റ് സൗകര്യവും കൂടാതെ പമ്പാ യാത്രയിലും മടക്കയാത്രയിലും സൗജന്യമായി ഓരോ കുപ്പി കുടിവെള്ളവും കെഎസ്ആര്‍ടിസി ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബസ്സില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനും വൈഫൈ സംവിധാനം ലഭിക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കും.

ക്യൂആര്‍ കോഡോടുകൂടിയ ഡിജിറ്റല്‍ ടിക്കറ്റിങ് സംവിധാനമാണ് നടപ്പാക്കുക. സെന്‍ട്രല്‍ സെര്‍വറുമായി ബന്ധപ്പെടുത്തിയതിനാല്‍ യാത്രക്കാരുടെ തിരക്കനുസരിച്ച് സര്‍വീസ് ഓപ്പറേറ്റ് ചെയ്യാന്‍ സാധിക്കും. പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്കരിച്ച ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനമായിരിക്കും ഇത്തവണ കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുക. ഓണ്‍ലൈന്‍ വെര്‍ച്വല്‍ ക്യൂ ടിക്കറ്റും കെഎസ്ആര്‍ടിസിയുടെ സൈറ്റില്‍ നിന്നു ലഭ്യമാകും. കെഎസ്ആര്‍ടിസിയുടെ കണ്ടക്ടര്‍ലെസ് ബസ്സുകളായിരിക്കും നിലയ്ക്കല്‍-പമ്പ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. കെഎസ്ആര്‍ടിസി സൈറ്റില്‍ നിന്ന് ടിക്കറ്റെടുത്തു കഴിഞ്ഞ് പൊലീസിന്റെ വെര്‍ച്വല്‍ ക്യൂ ടിക്കറ്റും എടുക്കാം.

നിലയ്ക്കലും പമ്പയിലുമായി 15 ടിക്കറ്റ് കൗണ്ടറുകള്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ടായിരിക്കും. ഇതു കൂടാതെ 15 കിയോസ്‌കുകളും സജ്ജീകരിക്കും. തുക അടച്ചോ, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇവിടെ നിന്നും ടിക്കറ്റ് ലഭ്യമാകും. എല്ലാ ബുക്കിങ് കൗണ്ടറുകളിലും ഇ പോസ് മെഷീന്‍ സ്ഥാപിച്ചിട്ടുണ്ട്.

ശബരിമലയ്ക്ക് സര്‍വീസ് നടത്തുന്ന ബസ്സുകളില്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തും. ഇതിലൂടെ അപകടം, ബ്രേക്ക് ഡൗണ്‍ എന്നിവ ഉടന്‍തന്നെ അറിയാനും അടിയന്തരമായി കൈകാര്യം ചെയ്യാനും സാധിക്കും. 800 ജീവനക്കാരെ മൂന്ന് ഷിഫ്റ്റുകളിലായി ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കും. നോണ്‍ എസി സര്‍വീസുകള്‍ക്ക് 40 രൂപയും എസി സര്‍വീസുകള്‍ക്ക് 75 രൂപയും നിലയ്ക്കല്‍ -പമ്പ റൂട്ടില്‍ ഈടാക്കും. മറ്റു ഡിപ്പോകളില്‍ നിന്നുള്ള പമ്പ സര്‍വീസുകളില്‍ നിലയ്ക്കല്‍ -പമ്പ റൂട്ടില്‍ പ്രത്യേകം ചാര്‍ജ് ഈടാക്കുകയില്ല. ഭക്തരുടെ അന്വേഷണങ്ങള്‍ക്കും അറിയിപ്പുകള്‍ക്കും പ്രത്യേക കൗണ്ടര്‍ സംവിധാനവും നിലയ്ക്കലും പമ്പയിലും കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

ശബരീദർശൻ വെബ് സൈറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.