scorecardresearch
Latest News

കെഎസ്‌എഫ്ഇയിലെ വിജിലൻസ് റെയ്‌ഡ്: ധനമന്ത്രിയും സർക്കാരും രണ്ട് തട്ടിലെന്ന് പ്രതിപക്ഷം

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്‌ഡിനെ തള്ളി ധനമന്ത്രി തോമസ് ഐസക് ഇന്നലെ രംഗത്തെത്തിയിരുന്നു

Thomas Issac KSFE

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്‌ഡിൽ ധനവകുപ്പിനെ പ്രതിക്കൂട്ടിലാക്കാൻ പ്രതിപക്ഷം. സംസ്ഥാന സർക്കാരിനു കീഴിലുള്ള വിജിലൻസ് തന്നെ കെഎസ്എഫ്ഇയിൽ അടിയന്തര റെയ്ഡ് നടത്തിയതിൽ ധനമന്ത്രിക്ക് അടക്കം നീരസമുണ്ട്. സർക്കാരും ധനവകുപ്പും രണ്ട് തട്ടിലാണെന്ന് പരോക്ഷമായി ആരോപിക്കുകയാണ് പ്രതിപക്ഷം.

കെഎസ്എഫ്ഇയില്‍ റെയ്ഡ് നടത്തിയവര്‍ക്ക് ‘വട്ടാ’ണെന്നാണ് പറഞ്ഞ ധനമന്ത്രി ആര്‍ക്കാണ് വട്ടെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ വകുപ്പാണ് വിജിലന്‍സെന്ന് ഐസക് ഓര്‍ക്കണം. റെയ്‌ഡ് ഇടയ്ക്ക് നിര്‍ത്തിവയ്‌പ്പിച്ചോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണെമെന്നും സ്വന്തം വകുപ്പില്‍ ആര് ക്രമക്കേട് കണ്ടെത്തിയാലും ധനമന്ത്രി ചന്ദ്രഹാസമിളക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തോമസ് ഐസക്കിനെതിരെ ഗുരുതര ആരോപണവുമായാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. പ്രവാസി ചിട്ടിയിൽ ധനമന്ത്രി തട്ടിപ്പ് നടത്തിയെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. സ്വന്തം വിജിലന്‍സിന് വട്ടാണെന്ന് പറയുന്ന ധനമന്ത്രിയുള്ള സര്‍ക്കാരാണിതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. വിജിലന്‍സിനെതിരായ ധനമന്ത്രിയുടെ പരസ്യവിര്‍ശനം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read Also: വീടിനുള്ളിൽ നിന്ന് ദുർഗന്ധം, മുറിയിൽ മണ്ണിളകി കിടക്കുന്നു; വിതുര കൊലക്കേസിൽ പ്രതിക്കായി തെരച്ചിൽ

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്‌ഡിനെ തള്ളി ധനമന്ത്രി തോമസ് ഐസക് ഇന്നലെ രംഗത്തെത്തിയിരുന്നു. വിജിലൻസ് റെയ്‌ഡ് ഇപ്പോൾ വേണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. “അമ്പത് വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കെഎസ്എഫ്ഇ. ഏത് നിയമമനുസരിച്ചാണ് കെഎസ്എഫ്ഇയിൽ വരുന്ന പണമെല്ലാം ട്രഷറിയിൽ അടയ്‌ക്കണമെന്ന് പറയുന്നത് ? ഏതാളുടെ വട്ടാണ് റെയ്‌ഡിന് കാരണമെന്ന് എനിക്കറിയില്ല. നിയമം എന്തെന്ന് തീരുമാനിക്കേണ്ടത് വിജിലൻസല്ല. നിയമം വ്യാഖ്യാനിക്കാൻ ഇവിടെ നിയമവകുപ്പുണ്ട്. ന്യായമായ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വിജിലൻസിന് അന്വേഷിക്കാം,” ധനമന്ത്രി പറഞ്ഞു. വിജിലൻസ് റെയ്‌ഡിൽ ധനമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇങ്ങനെയൊരു റെയ്‌ഡ് ഇപ്പോൾ ആവശ്യമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ കെഎസ്എഫ്ഇ ഓഫിസുകളിൽ ഇന്നലെ രാവിലെയാണ് റെയ്‌ഡ് നടന്നത്. വിജിലൻസ് കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുപതോളം ഓഫിസുകളില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ചിട്ടികളിൽ ആളെണ്ണം പെരുപ്പിച്ചു കാട്ടി ചില മാനേജർമാർ തട്ടിപ്പ് നടത്തിയതായി വിജിലൻസ് കണ്ടെത്തൽ. നാല് കെഎസ്എഫ്ഇകളിൽ സ്വർണ പണയത്തിലും തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈടായി വാങ്ങുന്ന സ്വർണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നു. ശാഖകളിലെ ക്രമക്കേടുകൾ നടപടി ശുപാർശയോടെ സർക്കാരിനു കൈമാറുമെന്നാണ് വിജിലൻസ് അറിയിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ksfe vigilance raid thomas issac ramesh chennithala k surendran