തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്‌ഡിനെ തള്ളി ധനമന്ത്രി തോമസ് ഐസക്. വിജിലൻസ് റെയ്‌ഡ് ഇപ്പോൾ വേണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
“അമ്പത് വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കെഎസ്എഫ്ഇ. ഏത് നിയമമനുസരിച്ചാണ് കെഎസ്എഫ്ഇയിൽ വരുന്ന പണമെല്ലാം ട്രഷറിയിൽ അടയ്‌ക്കണമെന്ന് പറയുന്നത് ? ഏതാളുടെ വട്ടാണ് റെയ്‌ഡിന് കാരണമെന്ന് എനിക്കറിയില്ല. നിയമം എന്തെന്ന് തീരുമാനിക്കേണ്ടത് വിജിലൻസല്ല. നിയമം വ്യാഖ്യാനിക്കാൻ ഇവിടെ നിയമവകുപ്പുണ്ട്. ന്യായമായ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വിജിലൻസിന് അന്വേഷിക്കാം,” ധനമന്ത്രി പറഞ്ഞു.
വിജിലൻസ് റെയ്‌ഡിൽ ധനമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇങ്ങനെയൊരു റെയ്‌ഡ് ഇപ്പോൾ ആവശ്യമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Read Also: ‘വൺ ഇന്ത്യ വൺ പെൻഷൻ’ ക്യാംപയ്‌ൻ ആർഎസ്എസിന്റെ ട്രോജൻ കുതിര: തോമസ് ഐസക്
സംസ്ഥാനത്തെ കെഎസ്എഫ്ഇ ഓഫിസുകളിൽ ഇന്നു രാവിലെയാണ് റെയ്‌ഡ് നടന്നത്. വിജിലൻസ് കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുപതോളം ഓഫിസുകളില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ചിട്ടികളിൽ ആളെണ്ണം പെരുപ്പിച്ചു കാട്ടി ചില മാനേജർമാർ തട്ടിപ്പ് നടത്തിയതായി വിജിലൻസ് കണ്ടെത്തൽ.
നാല് കെഎസ്എഫ്ഇകളിൽ സ്വർണ പണയത്തിലും തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈടായി വാങ്ങുന്ന സ്വർണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നു. ശാഖകളിലെ ക്രമക്കേടുകൾ നടപടി ശുപാർശയോടെ സർക്കാരിനു കൈമാറുമെന്നാണ് വിജിലൻസ് അറിയിച്ചത്.
അതേസമയം, വിജിലൻസ് കണ്ടെത്തലുകൾക്ക് പിന്നാലെ ധനവകുപ്പ് നിർദേശിച്ചതനുസരിച്ച് കെഎസ്എഫ്ഇ ചെയർമാൻ വിശദീകരണം നൽകി. കൊള്ളച്ചിട്ടി പ്രോത്സാഹിപ്പിക്കാറില്ലെന്നും കള്ളപ്പണനിക്ഷേപത്തിന് സാധ്യതയില്ലെന്നും കെഎസ്എഫ്ഇ ചെയർമാൻ പീലിപ്പോസ് തോമസ് പറഞ്ഞു. ചില വരിക്കാര്‍ ആദ്യ തവണ മുടക്കാറുണ്ട്. പകരം വരിക്കാരെ ചേര്‍ക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.