ആലപ്പുഴ: കെഎസ്എഫ്ഇ റെയ്ഡ് വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. കെഎസ്എഫ്ഇ റെയ്ഡിൽ വിജിലൻസിന് ദുഷ്ടലാക്കില്ല. വിജിലൻസിന്റെ അന്വേഷണം സ്വാഭാവിക നടപടി മാത്രമാണെന്ന് സുധാകരൻ പറഞ്ഞു. അഴിമതി പരിശോധിക്കുന്നതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. പൊതുമരാമത്ത് വകുപ്പിൽ തന്നെ 12 തവണ പരിശോധന നടന്നിട്ടുണ്ട്. പത്രത്തിലും ചാനലുകളിലും വന്നപ്പോഴാണ് പരിശോധന വിവരം താൻ അറിഞ്ഞതെന്നും സുധാകരൻ ആലപ്പുഴയിൽ പറഞ്ഞു.
“ഞാൻ അഴിമതിക്കെതിരെ നടപടിയെടുക്കുന്നയാളാണ്. അതുകൊണ്ട് അഴിമതിയെക്കുറിച്ച് അന്വേഷിക്കുമ്പോൾ എനിക്ക് സന്തോഷമാണുള്ളത്. എന്തിനാണ് അന്വേഷണ ഏജൻസികളെ ഇങ്ങനെ ഭയക്കുന്നത്. കെഎസ്എഫ്ഇയിലെ റെയ്ഡ് ഒരു തരത്തിലും സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നതല്ല. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും രജിസ്ട്രേഷൻ അടക്കമുള്ള നടപടികൾ പാലിച്ചാണ് പ്രവർത്തിക്കുന്നതെ”ന്നും സുധാകരൻ പറഞ്ഞു.
സാധാരണ അന്വേഷണമാണ് കെഎസ്എഫ്ഇയില്‍ നടന്നത്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വകുപ്പ് മന്ത്രിക്ക് റിപ്പോര്‍ട്ട് ലഭിക്കും. കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ട് പറന്നാല്‍ വിജിലന്‍സിനെ പിരിച്ചുവിടണമെന്നാണോ പറയുന്നതെന്നും സുധാകരന്‍ ചോദിച്ചു.
പരിശോധനയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രംഗത്തെത്തിയിരുന്നു. കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. റെയ്ഡിനു നിർദേശം നൽകിയതു വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറാണെന്നും പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്കു പങ്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിജിലൻസ് സാധാരണ നിലയിൽ നടത്തുന്ന പരിശോധനയാണ് കെഎസ്എഫ്ഇയിൽ നടന്നത്. വിജിലൻസ് ഡയറക്ടറുടെ അനുമതി മാത്രമാണ് പരിശോധനയ്ക്ക് വേണ്ടിയിരുന്നത്. 2019 ൽ മാത്രം വിവിധ സർക്കാർ, അർധ-സർക്കാർ സ്ഥാപനങ്ങളിൽ 18 മിന്നൽ പരിശോധനകൾ വിജിലൻസ് നടത്തിയിട്ടുണ്ട്. ഇത് എല്ലാ വർഷവും വിജിലൻസ് നടത്തുന്നതാണ്. അത് റെയ്ഡ് അല്ല. തങ്ങൾക്ക് കിട്ടുന്ന ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് സാധാരണ നടത്തുന്ന മിന്നൽ പരിശോധനയാണിത്. പരിശോധനയ്ക്ക് ശേഷം വിജിലൻസ് റിപ്പോർട്ട് നൽകും. ബാക്കി സർക്കാരാണ് തീരുമാനിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.