scorecardresearch

കെഎസ്എഫ്ഇയിലെ റെയ്‌ഡ്: പരസ്യപ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുന്നെന്ന് സിപിഎം

വിജിലന്‍സ്‌ പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് സിപിഎം

കെഎസ്എഫ്ഇയിലെ റെയ്‌ഡ്: പരസ്യപ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുന്നെന്ന് സിപിഎം

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ സിപിഎമ്മിന്റെ ഔദ്യോഗിക പ്രസ്‌താവന. റെയ്‌ഡുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നെന്ന് സിപിഎം സെക്രട്ടറിയേറ്റിന്റെ നിലപാട്. പരസ്യപ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഇടയാക്കിയെന്നും സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നു. കെഎസ്എഫ്ഇയിൽ പരിശോധന നടന്നതിനു പിന്നാലെ രൂക്ഷ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയിരുന്നു. കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്‌ഡിലെ വിവാദങ്ങൾ അവസാനിപ്പിക്കാനാണ് സിപിഎം തീരുമാനം. അതിന്റെ ഭാഗമായാണ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.

‘കെഎസ്‌എഫ്‌ഇയിലെ വിജിലന്‍സ്‌ പരിശോധനയുടെ പശ്ചാത്തലത്തില്‍ സിപിഎമ്മിലും സര്‍ക്കാരിലും വ്യത്യസ്‌ത അഭിപ്രായമുണ്ടെന്ന പ്രചാരവേല അടിസ്ഥാനരഹിതവും ആശയ കുഴപ്പം സൃഷ്ടിക്കാനുമുള്ള രാഷ്ട്രീയ എതിരാളികളുടെ വ്യഥാ ശ്രമവുമാണ്‌. കെഎസ്‌എഫ്‌ഇയില്‍ വിജിലന്‍സ്‌ നടത്തിയത്‌ സാധാരണ ഗതിയിലുള്ള പരിശോധനയാണെന്ന്‌ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌.

വിജിലന്‍സ്‌ പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്‌. കെഎസ്‌എഫ്‌ഇ പോലെ മികവാര്‍ന്ന സ്ഥാപനത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ പരിശോധനയെ ചിലര്‍ ഉപയോഗിക്കുന്നതു കണ്ട്‌ നടത്തിയ പ്രതികരണങ്ങളായിരുന്നു അത്‌. എന്നാല്‍, അത്തരം പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു,’ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

Read Also: വിജിലൻസിന് ദുഷ്ടലാക്കില്ല; ഐസക്കിനെ തള്ളി ജി. സുധാകരൻ

കേരളത്തിലെ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ മികച്ച നിലയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പൊതുസമൂഹത്തില്‍ നല്ല സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്‌. അതു കൊണ്ടു കൂടിയാണ്‌ നിരന്തരം വിവാദങ്ങള്‍ സൃഷ്ടിച്ച്‌ ആശയകുഴപ്പമുണ്ടാക്കാന്‍ കഴിയുമോയെന്ന്‌ പ്രതിപക്ഷവും, ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്‌, എല്ലാ സീമകളേയും ലംഘിച്ചുള്ള ഈ ജനാധിപത്യവിരുദ്ധ നീക്കം ജനം തിരിച്ചറിയുന്നുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ പാര്‍ടിയിലും സര്‍ക്കാരിലും ഭിന്നിപ്പുണ്ട്‌ എന്ന്‌ വരുത്തി തീര്‍ക്കാനുള്ള ശ്രമം തുടങ്ങിയിട്ടുള്ളത്‌. പാര്‍ട്ടിയും, എല്‍ഡിഎഫും ഒറ്റക്കെട്ടാണെന്നത്‌ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കരുത്തു പകരുന്ന പ്രധാന ഘടകമാണെന്ന് സിപിഎം പറയുന്നു‌.

ഇത്‌ രാഷ്ട്രീയ എതിരാളികളെ നിരാശരാക്കുന്നുണ്ട്‌. അതാണ്‌ ഇപ്പോഴത്തെ പ്രചാരവേലകളില്‍ പ്രതിഫലിക്കുന്നത്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തും വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടെന്ന തിരിച്ചറിവ്‌ പ്രധാനമാണ്‌. കേരളത്തിലെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ്‌ കെഎസ്‌എഫ്‌ഇ. അതിനെ തകര്‍ക്കുന്നതിനായി സങ്കുചിത രാഷ്ട്രീയ ലക്ഷ്യം വെച്ച്‌ യുഡിഎഫും ബിജെപിയും നടത്തുന്ന നീക്കം പൊതുസമൂഹം തിരിച്ചറിയുന്നുണ്ടെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി.

അതേസമയം, കെഎസ്എഫ്ഇയിലെ റെയ്‌ഡ് വകുപ്പ് മന്ത്രി അറിയേണ്ടതായിരുന്നു എന്നാണ് തോമസ് ഐസക്കിന്റെ നിലപാട്. സംസ്ഥാന സെക്രട്ടറിയേറ്റിൽ ഐസക് ഇക്കാര്യം അറിയിച്ചതായാണ് സൂചന.

കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. വിജിലൻസ് സാധാരണ നിലയിൽ നടത്തുന്ന പരിശോധനയാണ് കെഎസ്എഫ്ഇയിൽ നടന്നത്. വിജിലൻസ് ഡയറക്ടറുടെ അനുമതി മാത്രമാണ് പരിശോധനയ്ക്ക് വേണ്ടിയിരുന്നത്. 2019 ൽ മാത്രം വിവിധ സർക്കാർ, അർധ-സർക്കാർ സ്ഥാപനങ്ങളിൽ 18 മിന്നൽ പരിശോധനകൾ വിജിലൻസ് നടത്തിയിട്ടുണ്ട്. ഇത് എല്ലാ വർഷവും വിജിലൻസ് നടത്തുന്നതാണ്. അത് റെയ്ഡ് അല്ല. തങ്ങൾക്ക് കിട്ടുന്ന ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് സാധാരണ നടത്തുന്ന മിന്നൽ പരിശോധനയാണിത്. പരിശോധനയ്ക്ക് ശേഷം വിജിലൻസ് റിപ്പോർട്ട് നൽകും. ബാക്കി സർക്കാരാണ് തീരുമാനിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഎമ്മിൽ ഭിന്നതയെന്ന മാധ്യമ വാർത്തകളെ പിണറായി വിജയൻ നിഷേധിച്ചു. താനും തോമസ് ഐസക്കും തമ്മിൽ എന്തോ പ്രശ്നമുണ്ടെന്നു പ്രചരിപ്പിച്ച് പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ മനസിൽ വച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്‌ഡുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രിയും രണ്ട് തട്ടിലാണെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പിണറായി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ksfe raid conflict in cpm thomas issac pinarayi vijayan

Best of Express