തിരുവനന്തപുരം: സിപിഎമ്മിൽ ഭിന്നതയെന്ന മാധ്യമ വാർത്തകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. താനും തോമസ് ഐസക്കും തമ്മിൽ എന്തോ പ്രശ്നമുണ്ടെന്നു പ്രചരിപ്പിച്ച് പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ മനസിൽ വച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്‌ഡുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രിയും രണ്ട് തട്ടിലാണെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പിണറായി.
കെഎസ്എഫ്ഇയിൽ നടന്നത് സാധാരണ നിലയിലുള്ള പരിശോധന, മറ്റ് അനുമതികൾ വേണ്ട; പ്രതിരോധിച്ച് മുഖ്യമന്ത്രി
കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിജിലൻസ് സാധാരണ നിലയിൽ നടത്തുന്ന പരിശോധനയാണ് കെഎസ്എഫ്ഇയിൽ നടന്നത്. വിജിലൻസ് ഡയറക്ടറുടെ അനുമതി മാത്രമാണ് പരിശോധനയ്ക്ക് വേണ്ടിയിരുന്നത്. 2019 ൽ മാത്രം വിവിധ സർക്കാർ, അർധ-സർക്കാർ സ്ഥാപനങ്ങളിൽ 18 മിന്നൽ പരിശോധനകൾ വിജിലൻസ് നടത്തിയിട്ടുണ്ട്. ഇത് എല്ലാ വർഷവും വിജിലൻസ് നടത്തുന്നതാണ്. അത് റെയ്ഡ് അല്ല. തങ്ങൾക്ക് കിട്ടുന്ന ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് സാധാരണ നടത്തുന്ന മിന്നൽ പരിശോധനയാണിത്. പരിശോധനയ്ക്ക് ശേഷം വിജിലൻസ് റിപ്പോർട്ട് നൽകും. ബാക്കി സർക്കാരാണ് തീരുമാനിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് മലപ്പുറത്ത്; കുറവ് ഇടുക്കിയിൽ
വീണ്ടും മാധ്യമ സിൻഡിക്കേറ്റ് ആരോപണം
ഒരു ഇടവേളയ്ക്ക് ശേഷം മാധ്യമ സിൻഡിക്കേറ്റ് ആരോപണം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് ആക്ട് ഭേദഗതി പിൻവലിച്ചതുമായി ബന്ധപ്പെട്ടുയർന്ന ചില വാർത്തകളിലാണ് മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയത്. ഉപദേശകൻ രമൺ ശ്രീവാസ്തവയുടെ താൽപര്യപ്രകാരമാണ് പൊലീസ് ആക്ട് നിയമ ഭേദഗതിയുമായി സർക്കാർ മുന്നോട്ടുപോയതെന്നും ഇതിനെതിരെ മന്ത്രിസഭാ യോഗത്തിൽ ചർച്ചയുണ്ടായെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ‘ഇതെല്ലാം ഉപദേശകൻ ചെയ്തുവച്ചതാണ്, വേണ്ടത്ര ആലോചനയില്ലായിരുന്നു’ എന്നെല്ലാം മന്ത്രിസഭാ യോഗത്തിൽ സംസാരമുണ്ടായിയെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഇങ്ങനെയൊരു ചർച്ചയേ മന്ത്രിസഭായോഗത്തിൽ ഉയർന്നിട്ടില്ല. ഇല്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പഴയ മാധ്യമ സിൻഡിക്കേറ്റ് വീണ്ടും ആവർത്തിക്കുകയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.