തിരുവനന്തപുരം: ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇനി ക്യാഷ് കൗണ്ടറുകളിൽ നേരിട്ട് സ്വീകരിക്കില്ലെന്ന് കെ എസ് ഇ ബി. ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഓൺലൈനായി അടയ്ക്കാനാണ് കെ എസ് ഇ ബി ഉപയോക്താക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്. നിലവിൽ രണ്ടായിരം വരെയുള്ള ബില്ലുകൾ കൗണ്ടറുകളിൽ അടയ്ക്കാൻ കഴിയുമായിരുന്നു. ചീഫ് എഞ്ചിനീയര്‍ ഡിസ്ട്രിബ്യൂഷനാണ് ഇതുസംബന്ധിച്ച പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നിലവിൽ ഓൺലൈൻ ബാങ്കിങ് മുഖേനയും ഡിജിറ്റൽ വാലറ്റുകൾ വഴിയും കെ എസ് ഇ ബി ബില്ലുകൾ അടയ്ക്കാനാവും. എന്നാൽ ഉപഭോക്താക്കളിൽ പകുതിപേർ മാത്രമാണ് ഈ സേവനങ്ങൾ ഉപയോഗിക്കുന്നത്. പുതിയ പരിഷ്കാരത്തിലൂടെ ഡിജിറ്റല്‍ പേമെന്റ് പ്രോത്സാഹിപ്പിക്കുകയെന്നതാണ് ലക്ഷ്യം.
അടുത്ത തവണ മുതൽ പുതിയ പരിഷ്കാരം നടപ്പിലാക്കാനാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഓൺലൈനായി പണമടയ്ക്കാന്‍ കഴിയാത്തവർക്ക് കുറച്ചു നാൾ മാത്രം ഇളവ് നൽകിയാൽ മതിയെന്നും നിർദേശമുണ്ട്. 500 രൂപയ്ക്കു മുകളിൽ വരുന്ന ബില്ലുകളും നേരിട്ട് അടയ്ക്കുന്നത് നിരുത്സാഹപ്പെടുത്താനാണ് കെ എസ് ഇ ബി തീരുമാനം.
ബിൽ അടയ്ക്കൽ പൂർണമായും ഡിജിറ്റലാക്കണമെന്ന് മെയ് 12ന് ചേർന്ന ബോർഡ് യോഗം നിർദ്ദേശിച്ചിരുന്നു. ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് കാട്ടി ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ നിർദ്ദേശത്തെ തുടർന്നാണ് ഇപ്പോഴത്തെ നടപടി. ഉപഭോക്താക്കളിൽ പകുതിപേരും പണമടയ്ക്കാൻ ഡിജിറ്റൽ സേവനങ്ങളാണ് ഉപയോഗപ്പെടുത്തുന്നതെന്ന് കെ എസ് ഇ ബി പറയുന്നു. വരും വർഷങ്ങളിൽ ഇത് പൂർണമായും ഡിജിറ്റലാക്കാനാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം.
വൈദ്യുതി ബിൽ ഓൺലൈനായി അടയ്ക്കേണ്ടത് എങ്ങനെ?
കെ എസ് ഇ ബിയുടെ ഓൺലൈൻ കസ്റ്റമർ കെയർ പോർട്ടലായ www. kseb. in വഴിയും കെ എസ് ഇ ബി എന്ന ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷൻ വഴിയും പേ ടി എം, ഭിം ആപ്, ആമസോൺ പേ, ഗൂഗിൾ പേ തുടങ്ങിയ മൊബൈൽ ആപ്പുകൾ വഴിയും വിവിധ മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷനുകൾ വഴിയും വീട്ടിലിരുന്നുതന്നെ വൈദ്യുതി ബിൽ അടയ്ക്കാനാവും.
കെ എസ് ഇ ബി വെബ്സൈറ്റായ www. kseb. in ലെ ‘വെബ് സെൽഫ് സർവീസിൽ’ (Web Self Service) അക്കൗണ്ട് ഉണ്ടാക്കി അതിലൂടെയും മൊബൈൽ നമ്പർ, കൺസ്യൂമർ നമ്പർ എന്നിവ ഉപയോഗിച്ച് അതിലെ തന്നെ ‘ക്വിക്ക് പേ’ സംവിധാനത്തിലൂടെയും അതിവേഗം പണമടയ്ക്കാം.
‘ക്വിക്ക് പേ’ സംവിധാനത്തിലൂടെ പണമടയ്ക്കാൻ
കെഎസ്ഇബിയിൽ കൺസ്യൂമർ നമ്പറിനൊപ്പം മൊബൈൽ നമ്പറും നൽകിയിട്ടുണ്ടെങ്കിൽ, കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി, ‘ക്വിക്ക് പേ’ (http: //wss. kseb. in/selfservices/quickpay) ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ 13 അക്ക കൺസ്യൂമർ നമ്പറും ബിൽ നമ്പറും അതാത് കോളത്തിൽ നൽകുക. അതിനുശേഷം ഇ-മെയിൽ ഐഡി കൂടി നൽകി ‘പ്രൊസീഡ് ടു പേബിൽ’ (Proceed to Pay Bill)’ എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക.
അടുത്ത പേജില്‍ ബില്‍ തുക, അവസാന തീയതി എന്നിവ കാണിക്കും. ഈ പേജിന്റെ താഴെ ‘സെലക്ട് പെയ്മെന്റ്’ (Select Payment) എന്ന ഓപ്ഷനില്‍ നിന്നും നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഓപ്ഷൻ തെരഞ്ഞെടുക്കുക. അതിനു ശേഷം അടുത്ത പേജില്‍ ‘കൺഫോം പെയ്മെന്റ്’ (Confirm Payment) എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇതോടെ പണമടയ്ക്കൽ പൂർത്തിയാവുന്നതാണ്.
‘ഗൂഗിൾ പേ’ വഴി പണമടയ്ക്കാൻ
ബില്‍ അടയ്ക്കുന്നതിനായി ഗൂഗിള്‍ പേ (Google Pay) ആപ്ലിക്കേഷന്‍ തുറക്കുക. ശേഷം താഴെയായുള്ള ബില്‍സ് (Bills) എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക. തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ ഇലക്ട്രിസിറ്റി (Electricity) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

വിവിധ ബില്ലിങ് കമ്പനികളുടെ പേരുകള്‍ ഗൂഗിള്‍ പേ നല്‍കും. കേരള ഇലക്ട്രിസിറ്റി (കെഎസ്ഇബി) (Kerala Electricity – KSEB), ഉത്തര്‍ പ്രദേശ് പവര്‍, വെസ്റ്റ് ബംഗാള്‍ ഇലക്ട്രിസിറ്റി, അദ്വാനി ഇലക്ട്രിസിറ്റി എന്നിങ്ങനെ. ഇതിൽ കെഎസ്ഇബി തിരഞ്ഞെടുക്കുക.
കെഎസ്ഇബി തിരഞ്ഞെടുത്തതിന് ശേഷം നിങ്ങളുടെ അക്കൗണ്ട് ലിങ്ക് (Link Account) ചെയ്യുക. ഇതിനായി നിങ്ങളുടെ കണ്‍സ്യൂമര്‍ നമ്പരും (Consumer Number) പേരും നല്‍കുക, ഇതിന് ശേഷം നിങ്ങള്‍ അടയ്ക്കേണ്ട തുക എത്രയാണൊ അത് ഗൂഗിള്‍ പെയില്‍ കെഎസ്ഇബിയുടെ ചാറ്റില്‍ ലഭ്യമാകും.
പേ (Pay) എന്ന ഓപ്ഷന് തിരഞ്ഞെടുത്ത് സാധാരണയായി ചെയ്യുന്നതുപോലെ നിങ്ങളുടെ ആറക്ക പിന് നല്കി ബില്ലടയ്ക്കാവുന്നതാണ്.