കൊച്ചി: സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി സംസ്ഥാനത്ത് തന്നെ ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിട്ട് കേരള ഇലക്ട്രിസിറ്റി ബോർഡ് മുന്നോട്ട് വച്ച സൗര പദ്ധതിക്ക് അപേക്ഷകരുടെ പ്രവാഹം. പുരപ്പുറത്ത് സോളാർ പാനലുകൾ കെഎസ്ഇബി സ്വന്തം ചിലവിൽ സ്ഥാപിക്കുമെന്നത് കേട്ടറിഞ്ഞ് കേട്ടറിഞ്ഞ് രജിസ്റ്റർ ചെയ്യുന്നവരാണ് ഏറെയും.
ഒരു ലക്ഷം അപേക്ഷകരെയെങ്കിലും ലക്ഷ്യമിട്ടാണ് വീടിന് മുകളിൽ സോളാർ പാനലുകൾ ഘടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ജൂൺ 14 ന് സംസ്ഥാന സർക്കാരിന്റെ 5 ഊർജ്ജ മിഷൻ പദ്ധതികളുടെ ഭാഗമായാണ് പുരപ്പുറത്ത് നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതിക്ക് രൂപം നൽകിയത്.
ഇതിന്റെ പ്രാഥമിക പഠനം നടത്തിയ ശേഷമാണ് ജനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചത്. ഇത് പ്രകാരം മൂന്ന് രീതിയിൽ വീട്ടിൽ സോളാർ പാനലുകൾ സ്ഥാപിക്കാം. സ്വന്തം ചിലവിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നവർക്ക് തങ്ങളുടെ ആവശ്യത്തിനുളള വൈദ്യുതി എടുത്ത് ബാക്കി കെഎസ്ഇബിക്ക് വിൽക്കാം. കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ 45000 മുതൽ 60000 രൂപ വരെയാണ് ചിലവ് വരുക.
വീടിന് മുകളിൽ സോളാർ പാനൽ സ്ഥാപിക്കാവുന്നതാണ് രണ്ടാമത്തെ പദ്ധതി. ഇതിന്റെ മുഴുവൻ ചിലവും കെഎസ്ഇബി വഹിക്കും. ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ പത്ത് ശതമാനം വീട്ടുടമയ്ക്ക് സൗജന്യമായി നൽകിയ ശേഷം ബാക്കി വരുന്ന വൈദ്യുതി കെഎസ്ഇബി കൊണ്ടുപോകും.
ഇതല്ലെങ്കിൽ പൂർണ്ണമായും കെഎസ്ഇബിയുടെ ചിലവിൽ സോളാർ പാനൽ സ്ഥാപിച്ച് നിശ്ചിത നിരക്കിൽ 25 വർഷത്തേക്ക് പരിധിയില്ലാതെ വൈദ്യുതി ഉപയോഗിക്കാം. വീട്ടിലല്ലാതെ സ്വന്തമായുളള സ്ഥലത്തോ കെട്ടിടത്തിലോ സോളാർ പാനലുകൾ സ്ഥാപിക്കാവുന്നതാണ്.
മൂന്ന് വർഷത്തിനുളളിൽ ആയിരം മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. ഇപ്പോൾ സംസ്ഥാനത്തിന് ആവശ്യമായതിന്റെ 30 ശതമാനം മാത്രമാണ് കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നത്. സൗര പദ്ധതി വിജയകരമായി പൂർത്തിയാവുകയാണെങ്കിൽ 30 ശതമാനം വൈദ്യുതി കൂടി ഈ പദ്ധതിയിലൂടെ ഉൽപ്പാദിപ്പിക്കാനാവും. അങ്ങിനെ വന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര പൂളിൽ നിന്നും വാങ്ങുന്ന വൈദ്യുതിയുടെ അളവ് കുറയ്ക്കാനും കെഎസ്ഇബിക്ക് സാധിക്കും.