വൈദ്യുതി ബില്ലിലെ അധിക തുക: 50 ശതമാനം വരെ സബ്‌സിഡി അനുവദിക്കും, 40 യൂണിറ്റ് പരിധിയിലുള്ളവർ അധിക തുക നൽകേണ്ടതില്ല

കോവിഡ് കാലത്ത് ബില്ലടച്ചില്ല എന്ന കാരണത്താൽ ആരുടെയും വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Electricity

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോക്താക്കൾക്ക് അമിത ബില്ല് വരുന്ന പരാതികളുടെ അടിസ്ഥാനത്തിൽ ബിൽതുകയുമായി ബന്ധപ്പെട്ട് ഇളവുകൾ വരുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 40 യൂണിറ്റ് വരെ സൗജന്യമായോ കുറഞ്ഞ നിരക്കിലോ വൈദ്യുതി ഉപയോഗിച്ചിരുന്നവരിൽ നിന്ന് മുൻ മാസങ്ങളിലെ അതേ ബിൽ തുക ഈടാക്കാൻ വൈദ്യുതി വകുപ്പ് തീരുമാനിച്ചു. 40 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഇത്തവണത്തെ ബില്ലിലെ അധിക തുകയുടെ 20 ശതമാനം മുതൽ 50 ശതമാനം വരെ സബ്സിഡി അനുവദിക്കുന്നതിനും തീരുമാനമായി.

40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിച്ചിരുന്നവർക്ക്

40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 500 വാട്ടിൽ താഴെ കണക്ടഡ് ലോഡുള്ളവർക്ക് സൗജന്യ നിരക്കിലാണ് വൈദ്യുതി നൽകാറ്. ഈ വിഭാഗത്തിൽ പെട്ടവർക്ക് ഇപ്പോൾ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ തന്നെ സൗജന്യം അനുവദിക്കും.

Read More: വീണ്ടും 90 കടന്ന് പുതിയ കോവിഡ് കേസുകൾ; ജാഗ്രത ഇനിയും വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി: അറിയാം ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടിൽ താഴെ കണക്ടഡ് ലോഡുള്ളവരിൽ നിന്ന് 1.50 രൂപയാണ് നിരക്ക് ഈടാക്കാറ്. ഈ വിഭാഗത്തിൽ പെട്ട ഉപഭോക്താക്കൾക്ക് ഇപ്പോഴുണ്ടായ ഉപഭോഗം എത്ര യൂണിറ്റ് ആയാലും ഒരു രൂപ 50 പൈസ എന്ന നിരക്കിൽ തന്നെ ബില്ല് കണക്കാക്കും.

40 യൂണിറ്റിനു മുകളിൽ ഉപയോഗിച്ചവർക്ക്

40 യൂണിറ്റിനു മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കളെ നാല് സ്ലാബുകളായി തിരിച്ചാണ് സബ്സിഡി അനുവദിക്കുക.

  • പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ഇത്തവണ അധികഉപഭോഗം മൂലമുണ്ടായ ബില്ലിൽ ബിൽതുക വർധനവിന്റെ പകുതി സബ്സിഡി നൽകും.
  • പ്രതിമാസം 100 യൂനിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ഇത്തവണ അധിക ഉപഭോഗം മൂലമുണ്ടായ ബിൽ തുകയുടെ വർധനവിന്റെ 30 ശതമാനം സബ്സിഡി അനുവദിക്കും.
  • പ്രതിമാസം 150 യൂനിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ഇത്തവണ അധിക ഉപഭോഗം മൂലമുണ്ടായ ബിൽ തുകയുടെ വർധനവിന്റെ 25 ശതമാനം സബ്സിഡി അനുവദിക്കും.
  • പ്രതിമാസം 150 യൂനിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് ഇത്തവണ അധിക ഉപഭോഗം മൂലമുണ്ടായ ബിൽ തുകയുടെ വർധനവിന്റെ 20 ശതമാനം സബ്സിഡി അനുവദിക്കും.

തവണകളായി അടയ്ക്കാം

ലോക്ക്ഡൗൺ കാലത്തെ വൈദ്യുതി ബില്ല് തവണകളായി ഉപഭോക്താക്കൾക്ക് അടയ്ക്കാം. നേരത്തേ മൂന്ന് തവണകളായി ബില്ല് അടയ്ക്കാൻ അനുമതി നൽകിയിരുന്നു. ഇപ്പോഴത് അഞ്ച് തവണകളാക്കി വർധിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ബില്ലിങ്ങിൽ പുതുതായി അനുവദിച്ച ഇളവുകൾ കാരണം വൈദ്യുതി ബോർഡിന് 200 കോടിയോളം രൂപയുടെ അധിക ബാധ്യതയുണ്ടാവുമെന്നാണ് അവർ
കണക്കാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ നടപടികളുടെ ഗുണം 90 ലക്ഷം ഗാർഹിക ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വൈദ്യുതി ഉപഭോഗം വര്‍ദ്ധിച്ചത് സ്വാഭാവികമായി സംഭവിച്ചതാണെങ്കിലും കുറഞ്ഞ ഉപഭോഗം മാത്രമുണ്ടായിരുന്നവരും സൗജന്യങ്ങള്‍ക്ക്…

Posted by Pinarayi Vijayan on Thursday, 18 June 2020

നേരത്തേ തന്നെ വൈദ്യുതി ബോർഡിനെ അറിയിച്ചിരുന്നു

ലോക്ക്ഡൗൺ കാലത്തെ വൈദ്യുതി ബില്ല് വർധനവ് സംബന്ധിച്ച പരാതികൾ നേരത്തേ തന്ന വൈദ്യുതി വകുപ്പിനെ അറിയിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Read More: ആവശ്യമെങ്കിൽ ട്രൂനാറ്റ് കിറ്റുകൾ ഗൾഫ് രാജ്യങ്ങളിലെത്തിക്കും: മുഖ്യമന്ത്രി

“സാധാരണ നിലയിൽ തന്നെ വൈദ്യുത ഉപഭോഗം വർധിക്കുന്ന സമയമാണ് ഫെബ്രുവരി തൊട്ട് മേയ് വരെയുള്ള കാലം. ഇത്തവണ ലോക്ക്ഡൗൺ കൂടിയായിതിനാൽ കുടുംബാംഗങ്ങളെല്ലാം വീടുകളിലുണ്ടായിരുന്നു. വൈദ്യുതി ഉപഭോഗം വലിയ തോതിൽ വർധിച്ചു. ലോക്ക്ഡൗൺ മൂലം റീഡിങ്ങ് എടുക്കാൻ കഴിയാത്തതിനാൽ നാലുമാസത്തെ ബില്ല് ഒന്നിച്ചാണ് കൊടുത്തത്. അതോടെ ബിൽ തുക കണ്ട് പലരും അമ്പരന്നു, പ്രതിഷേധവും വന്നു. താരിഫ് ഘടനയിലോ വൈദ്യുതി നിരക്കുകളിലോ യാതൊരു വ്യത്യാസവും ഇപ്പോൾ വരുത്തിയിട്ടില്ല. എങ്കിൽക്കൂടി, പരാതികളുയർന്ന സാഹചര്യത്തിൽ അവ പരിശോധിക്കാനും, പിശകുകളുണ്ടായിട്ടുണ്ടെങ്കിൽ തിരുത്താനും വൈദ്യുതി ബോർഡിനോട് പരാതി ശ്രദ്ദയിൽ വന്നപ്പോൾ തന്നെ സർക്കാർ നിർദേശിച്ചിരുന്നു,” – മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി ബന്ധം വിച്ഛേദിക്കില്ല

പരാതികൾ വൈദ്യുതി ബോർഡിനെ അറിയിച്ചതിനെത്തുടർന്നാണ് ബില്ല് തവണകളായി അടക്കാൻ അനുമതി നൽകുന്നതടക്കമുള്ള ആദ്യഘട്ട ഇളവുകൾ അനുവദിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിന് പുറമേയാണ് സബ്സിഡി നൽകുന്നതടക്കമുള്ള ഇപ്പോൾ കൈക്കൊണ്ട തീരുമാനങ്ങൾ. കോവിഡ് കാലത്ത് ബില്ലടച്ചില്ല എന്ന കാരണത്താൽ ആരുടെയും വൈദ്യുതി ബന്ധം വിച്ഛേദിക്കില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More:  കേരളത്തിൽ ഇന്ന് 97 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവരുടെ എണ്ണത്തിലും വർധനവ്

“വൈദ്യുതി ഉപഭോഗം വർധിച്ചത് സ്വാഭാവികമായി സംഭവിച്ചതാണെങ്കിൽ കുറഞ്ഞ ഉപഭോഗം മാത്രമുണ്ടായിരുന്നവരും സൗജന്യങ്ങൾക്ക് അർഹതയുണ്ടായിരുന്നതുമായ ഉപഭോക്താക്കൾക്ക് ഉയർന്ന ബില്ല് വന്നത് പ്രയാസം സൃഷ്ടിക്കും. ഇത് കണക്കിലെടുത്താണ് ചില പ്രധാന തീരുമാനങ്ങൾ സർക്കാർ നിർദേശം അനുസരിച്ച് വൈദ്യുതി ബോർഡ് എടുത്തത്,” – മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kseb relaxation on excess electricity bill by 20 to 50 percent subsidy

Next Story
കേരളത്തിൽ ഇന്ന് 97 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവരുടെ എണ്ണത്തിലും വർധനവ്CM, Pinarayi Vijayan, K T Jaleel, Strikes, പിണറായി വിജയൻ, കെടി ജലീൽ, സമരങ്ങൾ, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com