തിരുവനന്തപുരം: കെഎസ്ഇബിയിലും പെൻഷൻ പ്രതിസന്ധിയെന്ന് സൂചന. ബോര്‍ഡും ജീവനക്കാരും സര്‍ക്കാരും തമ്മിലുണ്ടാക്കിയ ത്രികക്ഷി കരാര്‍ പ്രകാരം പെന്‍ഷന്‍ ട്രസ്റ്റ് രൂപീകരിച്ചെങ്കിലും ബോര്‍ഡിന് നിക്ഷേപം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പെന്‍ഷന്‍ ബാധ്യത വര്‍ഷം തോറും വലുതായിക്കൊണ്ടിരിക്കുകയാണെന്നും ചെയർമാൻ കെ.എസ്.പിളള ജീവനക്കാരുടെ പ്രതിനിധികൾക്ക് അയച്ച കത്തിൽ പറയുന്നു.

കെഎസ്ഇബിയിലെ ജീവനക്കാരുടെ പെന്‍ഷന്‍ സ്ഥിരത ഉറപ്പാക്കാനാണ് 2013 ൽ മാസ്റ്റര്‍ പെന്‍ഷന്‍ ആന്റ് ഗ്രാറ്റിവിറ്റി ട്രസ്റ്റ് രൂപീകരിച്ചത്. പക്ഷേ കരാർ പ്രകാരം അന്നുമുതൽ ഫണ്ടിലേക്ക് മാറ്റേണ്ട തുക കെഎസ്ഇബി ഇതുവരെ മാറ്റിയിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ തുക ഫണ്ടിലേക്ക് നിക്ഷേപിക്കാനുണ്ടെന്നും ചെയർമാന്റെ കത്തിലുണ്ട്.

പെന്‍ഷന്‍ ബാധ്യത 12418 കോടിയില്‍ നിന്ന് 30 ശതമാനം ഉയര്‍ന്ന് 16150 കോടിയിലെത്തിയിരിക്കുന്നു. സഞ്ചിത നഷ്ടം 1877 കോടി രൂപയാണ്. 840 ഓളം കോടി രൂപയാണ് പെന്‍ഷന്‍ ഇനത്തില്‍ ബോര്‍ഡിന് പ്രതിവര്‍ഷം ചെലവാകുന്നത്. ഇത് ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ജീവനക്കാരുടെ പ്രതിനിധികൾക്ക് ചെയർമാൻ കത്തെഴുതിയത്.

വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എന്‍.എസ്.പിള്ള കഴിഞ്ഞമാസം 30 ന് ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.