തിരുവനന്തപുരം: കെഎസ്ഇബിയിൽ ചെയർമാൻ ഡോ. ബി അശോകും സിപിഎം അനുകൂല സര്‍വിസ് സംഘടനയായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷനും തമ്മിലുള്ള പോര് മുറുകുന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെ ചെയർമാൻ സസ്പെന്‍ഡ് ചെയ്തു. സര്‍വീസ് ചട്ടം ലംഘിച്ച് സമരം ചെയ്തുവെന്നും ചെയര്‍മാനെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ആരോപിച്ചാണു സസ്പെന്ഷന്.
അസോസിയേഷന് സംസ്ഥാന ഭാരവാഹിയും എക്സിക്യൂട്ടീവ് എന്നീയറുമായ ജാസ്മിന് ബാനുവിനെ സസ്പെൻഡ് ചെയ്ത വിഷയത്തിൽ ചെയര്‍മാനും ഓഫീസേഴ്സ് അസോസിയേഷനും നേര്‍ക്കുനേര്‍ രംഗത്തുവന്നതിനു പിന്നാലെയാണു സുരേഷ് കുമാറിന്റെ സസ്പെന്ഷന്. വൈദ്യുതി മുന്‍ മന്ത്രിമാരായ എം.എം മണിയുടെയും എ.കെ ബാലന്റെയും സ്റ്റാഫ് അംഗമായിരുന്നു കോഴിക്കോട് സ്വദേശിയായ സുരേഷ് കുമാര്‍.
അനുമതിയില്ലാതെ അവധിയെടുത്തുവെന്നും ചുമതല കൈമാറുന്നതില്‍ വീഴ്ച വരുത്തിയെന്നും ആഭ്യന്തര പരിശോധനയില്‍ കണ്ടെത്തിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ജാസ്മിൻ ബാബുവിന്റെ സസ്പെന്ഷന്. എന്നാല്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ വാക്കാലുള്ള അനുമതി നല്‍കിയശേഷം ജാസ്മിന് ബാബു അവധിയില്‍ പോയതെന്ന് ചീഫ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് ഓഫീസേഴ്സ് അസോസിയേഷന് പറയുന്നത്.
Also Read: കെ. വി. തോമസ് സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്ത്: കെ. സുധാകരന്
ജാസ്മിന് ബാനുവിനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ചെയര്‍മാനെതിരേ ബോര്‍ഡ് അസ്ഥാനത്ത് ഓഫീസേഴ്സ് അസോസിയേഷന് ഇന്നലെ പ്രതിഷേധിച്ചിരുന്നു. ചെയര്‍മാന്റെ ഡയസ്നോണ്‍ ഉത്തരവ് തള്ളിക്കൊണ്ടായിരുന്നു അര്‍ധദിന സത്യഗ്രഹം. ഇതാണു സുരേഷ് കുമാറിനെ സസ്പെന്ഷന് ഇടയാക്കിയത്. കെഎസ് ഇ ബി ചെയര്മാന് സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും സുരേഷ് കുമാറിന്റെ സസ്പെന്‍ഷനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം, നടപടി രാഷ്ട്രീയപ്രേരിതമാണെന്നും സമരം ചെയ്തതിനു ചെയര്മാന് പ്രതികാരം ചെയ്യുകയാണെന്നും സുരേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചെയര്‍മാന്റെ ഏകപക്ഷീയ നടപടി അംഗീകരിക്കില്ലെന്നും തുടര്‍ നടപടി സംഘടനയോട് ആലോചിച്ച് തീരുമാനിക്കുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു. സുരേഷ് കുമാറിന്റെ സസ്പെന്‍ഷനെതിരെ ഓഫീസേഴ്സ് അസോസിയേഷന് കെഎസ്ഇബി ആസ്ഥാനത്തിനു മുന്നിലും സംസ്ഥാനത്തെ വിവിധ കെഎസ്ഇബി ഓഫീസുകളിലും പ്രതിഷേധിച്ചു.