തിരുവനന്തപുരം: കെഎസ്ഇബിയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിന് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാറിനെതിരെ നടപടി. മുൻ വൈദ്യുതി മന്ത്രി എം.എം.മണിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി ആയിരിക്കെ ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതിന് 6,72,560 രൂപയാണ് പിഴയിട്ടത്. കെഎസ്ഇബി ചെയര്മാന് ബി.അശോകാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
പത്ത് ദിവസത്തിനകം തൃപ്തികരമായ വിശദീകരണം നൽകിയില്ലെങ്കിൽ 12 ഗഡുക്കളായി ശമ്പളത്തിൽ നിന്ന് പിടിക്കുമെന്നാണ് ഉത്തരവിലുള്ളത്. അതേസമയം, പിഴ സംബന്ധിച്ച് തനിക്ക് ഇതുവരെ ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് എം.ജി.സുരേഷ് കുമാര്‍ പ്രതികരിച്ചു. തന്നെ വ്യക്തിഹത്യ നടത്തുകയാണ് ചെയര്‍മാന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഇബി ചെയര്‍മാന്റെ വിലക്ക് ലംഘിച്ച് സമരം ചെയ്തതിനെ തുടര്‍ന്ന് സുരേഷ് കുമാറിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
അതേസമയം, വൈദ്യുതി ഭവന് മുന്നില്‍ നടത്തിവന്ന കെഎസ്ഇബി ജീവനക്കാരുടെ അനിശ്ചിതകാല സത്യാഗ്രഹ സമരം ചൊവ്വാഴ്ച അവസാനിപ്പിച്ചിരുന്നു. മേയ് 16 ന് മുമ്പ് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്കും, അനിശ്ചിതകാല നിരാഹര സമരത്തിലേക്കും നീങ്ങുമെന്നാണ് ഓഫീസേഴ്സ് അസോസിയേഷന് അറിയിച്ചിരിക്കുന്നത്.
Read More: ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ക്രൈം ബ്രാഞ്ചിന്റെ ഹർജി ഇന്ന് പരിഗണിക്കും