കൊച്ചി: അനധികൃതമായി നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഫ്ലാറ്റ് ഒഴിപ്പിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഫ്ലാറ്റിലെ വൈദ്യുതി ബന്ധം നാളെ വിച്ഛേദിക്കും. ഇതുസംബന്ധിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഫ്ലാറ്റിലെത്തി നോട്ടീസ് പതിച്ചു.

വാട്ടര്‍ അതോറിറ്റിയും നോട്ടീസ് നല്‍കിയിട്ടുണ്ട്. മറ്റന്നാള്‍ മുതല്‍ ഫ്ലാറ്റുകളില്‍ കുടിവെള്ള വിതരണവും തടസപ്പെടും. സുപ്രീം കോടതിയില്‍നിന്നു കടുത്ത വിമര്‍ശനം കേട്ടതിനു പിന്നാലെയാണു ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയത്. ഫ്ലാറ്റുകളുടെ പരിസരത്ത് കര്‍ശന പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്.

Read Also: നാലിടത്ത് സ്ഥാനാര്‍ത്ഥികളായി; ഒരുക്കങ്ങള്‍ വേഗത്തിലാക്കി ഇടത് മുന്നണി

അതിനിടെ, നിയമം ലംഘിച്ച് ഫ്ലാറ്റ് നിർമിച്ച കമ്പനികൾക്കെതിരെ ക്രിമിനൽ കേസെടുക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി. ഫ്ലാറ്റ് പൊളിക്കുമ്പോൾ താമസക്കാര്‍ക്കുണ്ടാകുന്ന നഷ്ടം ഫ്ലാറ്റ് നിര്‍മാതാക്കളില്‍നിന്ന് ഈടാക്കാനാണു സര്‍ക്കാര്‍ നീക്കം.

മരട് വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ ചീഫ് സെക്രട്ടറി ടോം ജോസ് മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. ഫ്ലാറ്റ് പൊളിക്കാതെ മറ്റു വഴികളില്ലെന്നും കോടതി വിധി നടപ്പാക്കാൻ കാലതാമസമുണ്ടായാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.

Read Also: നാളെ ശക്തമായ മഴ, ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

മരടിൽ അനധികൃതമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിക്കുന്ന നടപടികളിലേക്കു നീങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കാതെയാകും ഫ്ലാറ്റുകൾ പൊളിച്ചുനീക്കുക. ഒക്ടോബർ ആദ്യവാരത്തോടെ ഫ്ലാറ്റുകൾ പൊളിക്കുന്ന നടപടികളിലേക്കു നീങ്ങാനാണു തീരുമാനം. ഇതിനായുളള കർമപദ്ധതിയുടെ വിവരങ്ങൾ ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു.

ഫ്ലാറ്റുകളിലേക്കുളള വെളളം, വൈദ്യുതി വിതരണം നിർത്താൻ ജല അതോറിറ്റിക്കും കെഎസ്ഇബിക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഫ്ളാറ്റുകളിലേക്കുള്ള പാചകവാതക കണക്ഷൻ വിച്ഛേദിക്കാൻ ഇന്ധനകമ്പനികൾക്കും നിർദേശം നൽകും.

Read Also: മരട് ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ ക്രിമിനൽ കേസെടുക്കും, മന്ത്രിസഭായോഗത്തിൽ തീരുമാനം

മരട് വിഷയത്തിൽ സുപ്രീം കോടതിയിൽനിന്ന് അതിരൂക്ഷ വിമർശനം കേട്ടതിനു പിന്നാലെയാണു ഫ്ലാറ്റുകൾ പൊളിക്കാൻ ദ്രുതഗതിയിലുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നത്. മരടിൽ സർക്കാരിൻ്റേതു കുറ്റകരമായ അനാസ്ഥയാണെന്നു സുപ്രീം കോടതി വിമർശിച്ചിരുന്നു. ക്രമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദി ചീഫ് സെക്രട്ടറിയായിരിക്കും. കേരളത്തിന്റെ നിലപാടിൽ ഞെട്ടലുണ്ടെന്നു പറഞ്ഞ കോടതി ഫ്ലാറ്റ് പൊളിക്കാൻ എത്ര സമയം വേണമെന്നും ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.