തിരുവനന്തപുരം: സംസ്ഥാനത്തെ ഗാർഹികേതര വൈദ്യുതി ഉപയോക്താക്കളുടെ ബിൽ അടക്കുന്നതിനുളള ചട്ടത്തിൽ മാറ്റം. ഇനി മുതൽ 2000 രൂപയിൽ കുറവുളള വൈദ്യുതി ബിൽ മാത്രമേ നേരിട്ട് കെഎസ്ഇബി ഓഫീസിൽ അടയ്ക്കാനാവൂ. ബിൽ 2000 രൂപയ്ക്കു മുകളിലാണെങ്കിൽ നവംബർ ഒന്നു മുതൽ ഓൺലൈൻ പേയ്മെന്റ് മാത്രമേ സാധിക്കൂ.
കേന്ദ്ര സർക്കാരിന്റെ കർശന നിർദേശത്തെ തുടർന്നാണു പുതിയ തീരുമാനം. വ്യവസായ, വാണിജ്യ ഉപയോക്താക്കൾ ഉൾപ്പെടെ ഗാർഹിക ഉപയോക്താക്കളല്ലാത്ത മുഴുവൻ പേർക്കും ഇതു ബാധകമായിരിക്കും. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് വിശദീകരണം. ഇന്ത്യയിലെ ഒട്ടുമിക്ക വൈദ്യുതി വിതരണ കമ്പനികളെല്ലാം നഷ്ടത്തിലാണെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ജോലിഭാരം കുറയ്ക്കാനും ജീവനക്കാരെ മാറ്റി നിയമിക്കാനും സാധിക്കും. നിർദേശം നടപ്പാക്കിയില്ലെങ്കിൽ ബോർഡിനു കേന്ദ്രത്തിൽനിന്നു ലഭിക്കേണ്ട പല ആനുകൂല്യങ്ങളും പദ്ധതികളും വെട്ടിക്കുറച്ചേക്കാം. വൈദ്യുതി ബിൽ ഓൺലൈൻ ആയി അടയ്ക്കാൻ 12 മാർഗങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ഉപയോക്താക്കൾക്ക് അനായാസം ബിൽ അടയ്ക്കാനാകുമെന്നാണ് വൈദ്യുതി ബോർഡ് നൽകുന്ന വിശദീകരണം.