തിരുവനന്തപുരം: കേരളത്തില്‍ വ്യാപക മഴ പെയ്യുകയാണ്. സംസ്ഥാനത്ത് ഇന്നു മാത്രം 18 പേരാണ് മരിച്ചത്. എഴു പേരെ കാണാതായിട്ടുണ്ട്. ഇരുന്നൂറില്‍ പരം ഇടങ്ങളില്‍ ഉരുള്‍പൊട്ടി. 20,000 വീടുകളാണ് മഴയില്‍ പൂര്‍ണ്ണമായും തകര്‍ന്നത്. സംസ്ഥാനത്താകെ 1103 ദുരിതാശ്വസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സംസ്ഥാനത്ത് ചില പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. റോഡുകള്‍ വെള്ളത്തിനടിയിലാണ്. ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു. ഈ സാഹചര്യത്തില്‍ വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങളുടെ അടിയന്തര ശ്രദ്ധയ്ക്ക്, കെഎസ്ഇബി സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

കെഎസ്ഇബി നല്‍കുന്ന അറിയിപ്പ്

1. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോര്‍മറുകള്‍, പോസ്റ്റുകള്‍, ലൈനുകള്‍ മറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍, പ്രതിഷ്ഠാപനങ്ങള്‍ എന്നിവയുടെ സമീപത്ത് പോകാതിരിക്കുക.

2. ഇലക്ട്രിക് ലൈനുകളിലും ട്രാന്‍സ്‌ഫോര്‍മറുകളിലും മറ്റ് പ്രതിഷ്ഠാപനങ്ങളിലും അപകടകരമായതോ, അസാധാരണമായതോ ആയ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള സെക്ഷന്‍ ഓഫീസില്‍ അറിയിക്കണം. 1912 എന്ന ട്രോള്‍ ഫ്രീ നമ്പരിലും 9496001912 എന്ന വാട്‌സ്ആപ്പ് നമ്പരിലും ഇത് അറിയിക്കാവുന്നതാണ്.

3. ലൈനുകളില്‍ മുട്ടി നില്‍ക്കുന്നതും, ലൈനിന് വളരെ സമീപമുള്ള മരങ്ങളിലും, ശിഖരങ്ങളിലും സ്പര്‍ശിച്ചാല്‍ അപകടസാധ്യത ഉണ്ട്. അസ്വാഭാവികമായ എന്തെങ്കിലും ശ്രദ്ധയില്‍ വന്നാല്‍ ഉടന്‍ വൈദ്യുതി ബോര്‍ഡിനെ അറിയിക്കുക.

4. പൊതു നിരത്തുകളിലും മറ്റും യാത്ര ചെയ്യുമ്പോള്‍ വളരെയേറെ ശ്രദ്ധിച്ച് മാത്രം നടക്കുക. ശിഖരങ്ങളും മരങ്ങളും വീണ് വൈദ്യുതി കമ്പി പൊട്ടിവീണിരിക്കുവാന്‍ സാധ്യതയുണ്ട്. ജലനിരപ്പ് ഉയരുകയും, ലൈനുകള്‍ താഴ്ന്ന് സുരക്ഷിതമായ അകലം ഇല്ലാത്ത പ്രദേശങ്ങളും ഉണ്ടാവാം. പരിചിതമല്ലാത്ത റൂട്ടുകളിലും റോഡിലും കൂടിയുള്ള യാത്ര കഴിവതും ഒഴിവാക്കുക.

5. കെട്ടിടത്തിനകത്തും പുറത്തും നല്‍കിയിരിക്കുന്ന മുഴുവന്‍ താല്‍ക്കാലിക വൈദ്യുതി കണക്ഷനുകളും വിച്ഛേദിക്കുക. കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്നതും, വെള്ളം കയറിയതുമായ സ്ഥലങ്ങളിലെ മോട്ടോറുകള്‍, ലൈറ്റുകള്‍, മറ്റുപകരണങ്ങള്‍ എന്നിവയിലേക്കുള്ള വൈദ്യുതി ബന്ധം ഉടന്‍ തന്നെ വിച്ഛേദിക്കണം.

6. ജനറേറ്ററുകള്‍, ഇന്‍വര്‍ട്ടറുകള്‍ എന്നിവ അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം പ്രവര്‍ത്തിപ്പിക്കുക. ആവശ്യമെങ്കില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കുവാനും, ഉപയോഗിക്കുവാനും വളരെയേറെ ശ്രദ്ധിക്കുക.

7. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തറനിരപ്പില്‍ വെള്ളം കയറുന്നതിനു മുന്‍പായി തന്നെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക. വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ട് കണക്ഷന്‍ വിച്ഛേദിക്കുക.

8. മൊബൈലും, ചാര്‍ജിങ് ലൈറ്റും ഉള്‍പ്പടെ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക. കുറച്ചു ദിവസങ്ങള്‍ വൈദ്യുതി തടസ്സപ്പെടാനാണ് സാധ്യത.

9. ഓര്‍ക്കുക, കുറച്ച് ദിവസങ്ങള്‍ വൈദ്യുതി ഇല്ലെങ്കിലും നമുക്ക് തുടര്‍ന്ന് ജീവിക്കാന്‍ സാധിക്കും. പക്ഷേ ഒരൊറ്റ അശ്രദ്ധ മതി, നമ്മുടെ ജീവന്‍ പോകാന്‍. സ്വയം കരുതിയിരിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.