കൊച്ചി: മരടിലെ ഫ്ലാറ്റുകളിൽ നിന്ന് നാല് ദിവസത്തിനുള്ളിൽ താമസക്കാരെ ഒഴിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ. പൊളിക്കാനുള്ള ആക്ഷൻ പ്ലാൻ സർക്കാർ തയ്യാറാക്കി. ഞായറാഴ്ച മുതൽ ഒഴിപ്പിക്കൽ ആരംഭിക്കും. ഒക്ടോബർ 11 മുതൽ ഫ്ലാറ്റുകൾ പൊളിച്ചു തുടങ്ങും. മൂന്ന് മാസം കൊണ്ട് കെട്ടിടങ്ങൾ പൂർണമായും പൊളിക്കുമെന്നും 2020 ഫെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കി.

ഫ്ലാറ്റുകളിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നാലു ഫ്ലാറ്റുകളിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. പുലർച്ചെ അഞ്ച് മണിയോടെ ജീവനക്കാർ എത്തിയാണ് ഫ്ലാറ്റുകളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചത്. മരടിലെയും സമീപ പ്രദേശങ്ങളിലെയും കെഎസ്ഇബി ജീവനക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘമാണ് വൈദ്യുതി വിച്ഛേദിച്ചത്.

Read More: മരടിലെ ഫ്ലാറ്റുകളിലെ വൈദ്യുതി ബന്ധം നാളെ വിച്ഛേദിക്കും

നാല് ഫ്ലാറ്റുകളിലെയും വൈദ്യുതി ഒരേ സമയത്താണ് വിച്ഛേദിച്ചത്. കനത്ത പൊലീസ് സുരക്ഷ ഒരുക്കിയാണ് കെഎസ്ഇബിയുടെ നടപടി. വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് ഫ്ലാറ്റ് ഉടമകൾ പ്രതിഷേധം ആരംഭിച്ചു. പകൽ സമയത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കരുതെന്ന് അറിയിപ്പിൽ നിർദേശമുണ്ടായിരുന്നു. എന്നാൽ പുലർച്ചെ എത്തി ആരും അറിയാതെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഫ്ലാറ്റ് ഉടമകൾ ആരോപിച്ചു.

വാട്ടര്‍ അതോറിറ്റിയും നോട്ടീസ് നല്‍കിയിട്ടുണ്ട്. നാളെ മുതല്‍ ഫ്ലാറ്റുകളില്‍ കുടിവെള്ള വിതരണവും തടസപ്പെടും. സുപ്രീം കോടതിയില്‍നിന്നു കടുത്ത വിമര്‍ശനം കേട്ടതിനു പിന്നാലെയാണു ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയത്. ഫ്ലാറ്റുകളുടെ പരിസരത്ത് കര്‍ശന പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്.

അതിനിടെ, നിയമം ലംഘിച്ച് ഫ്ലാറ്റ് നിർമിച്ച കമ്പനികൾക്കെതിരെ ക്രിമിനൽ കേസെടുക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി. ഫ്ലാറ്റ് പൊളിക്കുമ്പോൾ താമസക്കാര്‍ക്കുണ്ടാകുന്ന നഷ്ടം ഫ്ലാറ്റ് നിര്‍മാതാക്കളില്‍നിന്ന് ഈടാക്കാനാണു സര്‍ക്കാര്‍ നീക്കം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.