തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെഎ‌സ്‌ഇ‌ബി നല്‍കിയ തുകയില്‍ കുറവ് വന്നതായി സോഷ്യല്‍ മീഡിയയില്‍ ആരോപണം. 132.46 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനുണ്ട് എന്ന് കെഎ‌സ്‌ഇ‌ബി പത്രക്കുറിപ്പിലൂടെ നേരത്തെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് തുക കൈമാറിയത്. എന്നാല്‍, കൈമാറിയ തുക 131.26 കോടിയാണ്. തുകയില്‍ എങ്ങനെയാണ് വ്യത്യാസം വന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം ചോദ്യങ്ങള്‍ ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ കണക്കുകൾ സഹിതം വിശദീകരണം നല്‍കുകയാണ് കെഎ‌സ്‌ഇ‌ബി.

വൈദ്യുതി മന്ത്രി എം.എം.മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലും ആദ്യം 132.46 കോടി കൈമാറി എന്ന തരത്തിലായിരുന്നു കുറിപ്പുണ്ടായിരുന്നത്. എന്നാല്‍, ഇത് പിന്നീട് 131.26 കോടി ആയി തിരുത്തിയിരുന്നു. ഇതോടെ സംശയം വര്‍ധിച്ചു. എന്നാല്‍, കണക്കുകളില്‍ പിഴവുകളൊന്നും ഇല്ലെന്നും മറ്റ് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കെഎ‌സ്‌ഇ‌ബി തന്നെ വ്യക്തമാക്കുന്നുണ്ട്.

Read Also: മഞ്ജുവിനും സംഘത്തിനും ഷൂട്ടിങ്ങിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് മന്ത്രി

പ്രളയാനന്തര പുനർനിർമ്മാണത്തിനായി 2018 ഓഗസ്റ്റ് 21 നാണ് കെ‌എസ്‌ഇ‌ബി ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ തുക കെെമാറുന്നത്. 50 കോടിയാണ് അന്ന് ആകെ കെെമാറിയ തുക. അതിൽ, 35 കോടി രൂപ ബോർഡിന്റെ വിഹിതവും, ഒരു കോടി രൂപ പവർ ഫിനാൻസ് കോർപ്പറേഷന്റെയും ബാക്കി തുകയായ 14 കോടി രൂപ ബോർഡിലെ ഓഫീസർമാരുടെയും ജീവനക്കാരുടെയും പെൻഷൻകാരുടെയും വിഹിതമായാണ് ഈ തുക മുൻകൂറായി നൽകിയത്.

ഈ 14 കോടിയിൽ, 10.23 കോടി രൂപ ജീവനക്കാരുടെയും ഓഫീസർമാരുടെയും രണ്ടു ദിവസത്തെ ശമ്പള വിഹിതവും, 2.57 കോടി രൂപ പെൻഷൻകാരുടെ ഒരു ദിവസത്തെ പെൻഷൻ വിഹിതവുമാണ്. 14 കോടിയിൽ ബാക്കിയുള്ള 1.2 കോടി രൂപ സാലറി ചാലഞ്ചിൽ നിന്നും കിട്ടുമെന്ന് പ്രതീക്ഷിച്ച തുകയുടെ മുൻകൂർ വിഹിതമാണ്. ആകെ തുക 50 കോടിയാകാൻ വേണ്ടി ബോർഡ് 1.2 കോടി കൂടുതൽ എടുക്കുകയായിരുന്നു. ഇത് പിന്നീട് സാലറി ചലഞ്ചിലൂടെ ലഭിക്കുമെന്ന ധാരണയിലാണ് മുൻകൂർ വിഹിതമായി എടുത്തത്. ബോർഡിന്റെ വിഹിതമായി അങ്ങനെ 36.2 കോടി രൂപ എടുക്കേണ്ടി വന്നു. 35 കോടി നൽകാനാണ് ബോർഡ് തീരുമാനിച്ചിട്ടുണ്ടായിരുന്നത്. കൂടുതലായി ബോർഡ് എടുത്ത 1.2 കോടി രൂപയാണ് ഇപ്പോൾ കുറവ് വന്നിരിക്കുന്നത്. ആ തുക ബോർഡ് ഇപ്പോൾ കിഴിച്ചതാണ്.

മുൻകൂറായി കൈമാറിയ 1.2 കോടി രൂപ, സാലറി ചാലഞ്ചിലൂടെ പിരിഞ്ഞു കിട്ടിയ 132.46 കോടി രൂപയിൽ കിഴിച്ച് ബാക്കിയായ 131.26 കോടി രൂപയാണ് ഓഗസ്റ്റ് 20 ന് (ഇന്നലെ) ബോർഡ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. സാലറി ചലഞ്ചിലൂടെ പിരിഞ്ഞു കിട്ടിയ തുക എന്ന നിലയിലാണ് ഓഗസ്റ്റ് 19 ലെ പത്രക്കുറിപ്പിൽ 132.46 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുണ്ട് എന്ന് രേഖപ്പെടുത്തിയത്. ഇതാണ് പിന്നീട് സമൂഹ മാധ്യമങ്ങളിലടക്കം തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ പ്രചരിച്ചത്. മുഖ്യമന്ത്രിക്ക് മുൻകൂർ നൽകിയ 1.2 കോടി രൂപ കുറച്ച തുകക്കുള്ള (131.26 കോടി) ചെക്കാണ് ഇന്നലെ വെെദ്യുതി മന്ത്രി എം.എം.മണി കൈമാറിയതെന്ന് കെഎസ്ഇ‌ബി തന്നെ അറിയിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.