scorecardresearch
Latest News

‘മുന്‍ സര്‍ക്കാരിന്റെ കാലത്ത് അഴിമതി നടന്നതായി പറഞ്ഞിട്ടില്ല’; വ്യക്തമാക്കി കെഎസ്ഇബി ചെയര്‍മാന്‍

മുന്‍ സര്‍ക്കാരിന്റെ കാലത്ത് താന്‍ ഊർജ്ജ സെക്രട്ടറിയായിരുന്നെന്നും കാര്യങ്ങള്‍ എല്ലാം അറിയാമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു

KSEB Chairman, LDF Government, MM Mani

തിരുവനന്തപുരം: മുന്‍ സര്‍ക്കാരിന്റെ കാലത്ത് അഴിമതി നടന്നെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കെഎസ്ഇബി ചെയര്‍മാന്‍ ബി.അശോക്. മൂന്നാറിലെ ഭൂമി പാട്ടത്തിന് നല്‍കുമ്പോള്‍ അഥവാ മൂന്നാം കക്ഷിക്ക്‌ കൈമാറുമ്പോൾ ബോർഡിനുള്ളിൽ പാലിക്കേണ്ട ഭരണ നടപടി ക്രമം പാലിച്ചില്ല എന്നാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുൻ മന്ത്രിയെയോ സർക്കാരിനെയോ ബന്ധപ്പെടുത്തിയത് തെറ്റായിട്ടാണ്. പറഞ്ഞിട്ടില്ലാത്തത് പറഞ്ഞതായി പ്രചരിപ്പിക്കുന്നത് ശരിയല്ല. അന്ന് ഊർജ്ജ സെക്രട്ടറിയായിരുന്ന ഞാനും സർക്കാരിന്റെ ഭാഗവും കാര്യങ്ങൾ അറിയുന്ന വ്യക്തിയുമാണെന്ന് സവിനയം ഓർമ്മിപ്പിക്കുന്നുവെന്നും കെഎസ്ഇബി ചെയര്‍മാന്‍ വ്യക്തമാക്കി.

കെഎസ്ഇബി ചെയര്‍മാന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ പ്രതികരണവുമായി മുന്‍ വൈദ്യുതി മന്ത്രി എം.എം.മണി എത്തിയിരുന്നു. “തന്റെ കാലത്ത് എല്ലാം നിയമപരമായാണ് നടന്നത്. ഇപ്പോള്‍ വൈദ്യുതി ഭവനില്‍ പൊലീസിനെ കയറ്റേണ്ട അവസ്ഥയായിരിക്കുന്നു. നിലവിലെ മന്ത്രിയുടെ അറിവോടെയാണോ ചെയര്‍മാന്റെ പ്രതികരണമെന്ന് അറിയേണ്ടതുണ്ട്,” എം.എം.മണി പറഞ്ഞു.

അതേസമയം, എം.എം.മണിയുടെ ആരോപണങ്ങള്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിഷേധിച്ചു. “തന്റെ അറിവോടെയല്ല അത്തരമൊരു ചെയര്‍മാന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇത് സംബന്ധിച്ച് അദ്ദേഹത്തിനോട് വിശദീകരണം തേടി. ഇടതു സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ല എന്നാണ് മറുപടി ലഭിച്ചത്. മൂന്നാര്‍ ഹൈഡല്‍ ടൂറിസത്തിനു നല്‍കിയ ഭൂമി പലരുടെയും കൈവശമാണുള്ളത്,” മന്ത്രി വിശദമാക്കി.

ചെയര്‍മാന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളാണെന്നും രാജിവയ്ക്കണമെന്നും ഇടതു യൂണിയനുകള്‍ ആവശ്യപ്പെട്ടു. കെഎസ്ഇബിയുടെ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിയിട്ടില്ലെന്ന് ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി.സുരേഷ് പറഞ്ഞു. സുരേഷ് ചെയര്‍മാനെതിരെ നേരത്തെ ഫെയ്സ്ബുക്ക് കുറിപ്പിട്ടിരുന്നു. ഇതിന് ചെയര്‍മാന്‍ നല്‍കിയ മറുപടിയാണ് വിവദത്തിലേക്ക് നയിച്ചിരിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇടതു യൂണിയനുകള്‍ കെഎസ്ഇബിക്ക് വലിയ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നു. സര്‍ക്കാരിന്‍റ മുന്‍കൂര്‍ അനുമതി തേടാതെ 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കി. ഇതിപ്പോള്‍ എജിയുടെ വിശദീകരണം തേടലില്‍ എത്തിയിരിക്കുന്നുവെന്ന് ചെയര്‍മാന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ടൂറിസം വികസനത്തിന് പല സൊസൈറ്റികള്‍ക്കും ബോര്‍ഡിന്റെയോ സര്‍ക്കാരിന്റെയോ അനുമതി ഇല്ലാതെ ഏക്കര്‍ കണക്കിന് സ്ഥലം പാട്ടത്തിന് നല്‍കി. ചട്ടവിരുദ്ധമായി നിലപാട് ഫയലില്‍ എഴുതി ചേര്‍ത്ത് ഒപ്പിടാന്‍ ചീഫ് എൻജിനീയർക്കുമേൽ യൂണിയനുകളുടെ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ചെയര്‍മാന്‍ ആരോപിക്കുന്നു.

Also Read: പാര്‍ലമെന്റ് നടപടികള്‍ സംപ്രേഷണം ചെയ്യുന്ന ‘സന്‍സദ് ടിവി’യുടെ ചാനല്‍ യൂട്യൂബ് റദ്ദാക്കി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kseb chairman b ashok kerala government mm mani