/indian-express-malayalam/media/media_files/uploads/2023/08/farm.jpg)
406 കുലവാഴകള്‍ വെട്ടിനിരത്തി കെഎസ്ഇബി; നഷ്ടം ലക്ഷങ്ങള്‍, ക്രൂരതയെന്ന് കൃഷി മന്ത്രി
തിരുവനന്തപുരം: കോതമംഗലം പുതുപ്പാടി ഇളങ്ങടത്ത് കെഎസ്ഇബി വാഴ കൃഷി വെട്ടി നശിപ്പിച്ച സംഭവത്തില്‍ കര്‍ഷകന് ഉചിതമായ സഹായം നല്‍കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പരാതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കെ എസ് ഇ ബിയുടെ പ്രസരണ വിഭാഗം ഡയറക്റ്ററോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
വാഴകള്‍ വെട്ടാനുള്ള കാരണവും മന്ത്രി വിശദീകരിച്ചു. 220 കെ വി ലൈനിന് കീഴില്‍ പരാതിക്കാരന്‍ വാഴകള്‍ നട്ടിരുന്നു എന്നും, അവ ലൈനിന് സമീപം വരെ വളര്‍ന്നിരുന്നു എന്നും പ്രാഥമിക അന്വേഷണത്തില്‍ മനസിലാക്കുന്നു. ഈ മാസം നാലാം തീയതി 12.56 ന് മൂലമറ്റം നിലയത്തില്‍ നിന്നുള്ള പ്രസ്തുത ലൈന്‍ തകരാരിലാകുകയും, തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പരാതിക്കാരന്റെ വാഴയുടെ ഇലകള്‍ കാറ്റടിച്ചപ്പോള്‍ ലൈനിന് സമീപം എത്തുകയും ചില വാഴകള്‍ക്ക് തീ പിടിക്കുകയും ചെയ്തു എന്നും മനസിലാക്കുന്നു.
കെ എസ് ഇ ബി എല്‍ ജീവനക്കാര്‍ സ്ഥല പരിശോധന നടത്തിയപ്പോള്‍, സമീപവാസിയായ ഒരു സ്ത്രീയ്ക്ക് ചെറിയ തോതില്‍ വൈദ്യുതി ഷോക്ക് ഏറ്റതായും മനസിലാക്കി. വൈകുന്നേരം ഇടുക്കി - കോതമംഗലം 220 കെ വി ലൈന്‍ പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമായതിനാല്‍, മനുഷ്യ ജീവന് അപകടം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ലൈനിന് സമീപം വരെ വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടിമാറ്റി ലൈന്‍ ചാര്‍ജ് ചെയ്തു എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.
ഇടുക്കി ജല വൈദ്യുത പദ്ധതിയില്‍ നിന്നും വൈകുന്നേരത്ത് ലഭിക്കുന്ന അധിക ഉല്‍പ്പാദന ശേഷി ഉപയോഗിക്കണമെങ്കില്‍ പ്രസ്തുത ലൈന്‍ തകരാര്‍ അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട്. അടിയന്തിര പ്രാധാന്യമായതിനാലാണ് പെട്ടെന്ന് നടപടി എടുക്കേണ്ട സാഹചര്യമുണ്ടായതെന്നും മന്ത്രി അറിയിച്ചു.
കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടി അത്യന്തം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പ്രതികരിച്ചിരുന്നു. കോതമംലം വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഒന്‍പത് മാസം പ്രായമായ കുലവാഴകളാണ് വെഎസ്ഇബി ജീനക്കാരെത്തി വെട്ടി നശിപ്പിച്ചത്.
വാഴയില ലൈനില്‍ മുട്ടിയെന്ന പേരില്‍ നൂറുകണക്കിന് കുലവാഴകള്‍ വെട്ടിനിരത്തിയത്. വാരപ്പെട്ടിയില്‍ 220 കെ.വി. ലൈനിന് താഴെയുള്ള ഭൂമിയില്‍ കൃഷി ചെയ്തിരുന്ന 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി. ജീവനക്കാര്‍ വെട്ടിനശിപ്പിച്ചെന്ന് പരാതി ഉയര്‍ന്നത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കര്‍ഷകന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. രണ്ടര ഏക്കറില്‍ 1600 ഏത്തവാഴകളാണുള്ളത്. ഇതില്‍ അര ഏക്കറിലെ വാഴകളാണ് വെട്ടിനശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൂലമറ്റത്ത് നിന്നെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാര്‍ വാഴകള്‍ വെട്ടിയതെന്ന് കുടുംബം പറയുന്നു.
അപകടം ഒഴിവാക്കാനാണ് വാഴ വെട്ടിയതെന്നും കര്‍ഷകനെ ദ്രോഹിക്കാന്‍ ചെയ്തതല്ലെന്നാണ് കെഎസ്ഇബി ജീവനക്കാരുടെ വാദം. കര്‍ഷകന്റെ വിയര്‍പ്പിന് വില നല്‍കാതെ വിളകളെ വെട്ടിനശിപ്പിച്ചത് തീര്‍ത്തും ക്രൂരതയാണെന്നാണ് കൃഷി മന്ത്രിയുടെ പ്രതികരണം. ഹൈടെന്‍ഷര്‍ ലൈനിന് കീഴില്‍ കൃഷി ചെയ്യുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങളെ ഒട്ടും ചെറുതായി കാണുന്നില്ല. ഈ സ്ഥലത്ത് വാഴക്കൃഷി ചെയ്യാന്‍ പാടില്ലായെങ്കില്‍ നേരത്തേ തന്നെ കെ.എസ്.ഇ.ബി. ഇടപെടേണ്ടതായിരുന്നു. വാഴ കുലച്ച് കുലകള്‍ വില്‍ക്കാറായ സമയത്ത് ഏകപക്ഷീയമായി ഒരു കര്‍ഷകന്റെ അദ്ധ്വാനത്തെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.