തൊടുപുഴ: അതീവ സുരക്ഷാ മേഖലയും പാരിസ്ഥിതിക ദുര്‍ബലപ്രദേശവുമായ പള്ളിവാസല്‍ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പളളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ നിലനില്‍പ്പിനു തന്നെ തുരങ്കം വയ്ക്കുമെന്ന് കെഎസ്ഇബിയുടെ റിപ്പോര്‍ട്ട്. കെഎസ്ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തയാറാക്കി അഡ്വക്കേറ്റ് കമ്മീഷനു നല്‍കിയ റിപ്പോര്‍ട്ടിലാണ് പളളിവാസല്‍ മേഖല അതീവ സുരക്ഷാ മേഖലയായി വേര്‍തിരിച്ചു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എടുത്തുപറയുന്നത്.

റവന്യൂ വകുപ്പിന് പിന്നാലെയാണ് കെഎസ്ഇബിയും പളളിവാസൽ മേഖലയിലെ പരിസ്ഥിതി ദുർബല പ്രദേശത്തെ നിർമ്മാണങ്ങൾ അപകട സാധ്യതയുളവാക്കുന്നതാണെന്ന് ചൂണ്ടിക്കാണിക്കുന്നത്. സിപി​ഐ ഭരിക്കുന്ന റവന്യൂ വകുപ്പ് മാത്രമല്ല, ഇടുക്കിയിലെ സിപിഎം നേതാവും മന്ത്രിയുമായ മണിയുടെ വകുപ്പാണ്  വൈദ്യുതി ബോർഡ്.  ഇടുക്കിയിലെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും ഭൂമി വിഷയങ്ങളും സംബന്ധിച്ച് നടക്കുന്ന രാഷ്ട്രീയ വിവാദങ്ങൾക്കിടിയിലാണ്  സിപിഎം മന്ത്രിയുടെ കീഴിലുളള വൈദ്യുതി വകുപ്പ് പോലും അപകട സാധ്യത വ്യക്തമാക്കി റിപ്പോർട്ട് നൽകിയിരിക്കുന്നത്.

മൂന്നാറിലെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മിൽ​ വലിയ തർക്കങ്ങൾക്കാണ് വഴിയൊരുക്കിയത്.  സിപിഎമ്മിനെതിരെ സിപിഐ ആയുധമാക്കിയതും ഇവിടുത്തെ ഭൂമി വിഷയങ്ങളും നിർമ്മാണ പ്രവർത്തനങ്ങളെ സംബന്ധിച്ച ആക്ഷേപങ്ങളുമായിരുന്നു. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കാൻ നടന്ന ശ്രമങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ തടഞ്ഞുവച്ചതായും പരാതി ഉയർന്നിരുന്നു. ഈ​ സംഭവ വികാസങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഈ​ റിപ്പോർട്ട് പുറത്തുവരുന്നത്.

പളളിവാസല്‍ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എന്‍ഒസി ലഭ്യമാക്കാനുള്ള നടപടി വേണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ച പളളിവാസല്‍ മേഖലയില്‍ നിന്നുള്ള മൂന്നു പേരുടെ ആവശ്യപ്രകാരം ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷണര്‍ അഡ്വക്കേറ്റ് കെ.കെ. രാജീവിനു കെഎസ്ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പള്ളിവാസല്‍ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും ഇതു ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കു വഴിവയ്ക്കുമെന്നും ചൂണ്ടിക്കാട്ടുന്നത്.

‘കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പളളിവാസല്‍ പദ്ധതി 1940-ലാണ് കമ്മീഷന്‍ ചെയ്തത്. 37.5 മെഗാവാട്ടാണ് പദ്ധതിയുടെ സ്ഥാപിത ശേഷി. വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യങ്ങള്‍ പരിഗണിച്ച് പളളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 60 മെഗാവാട്ട് വൈദ്യുതി അധികമായി ഉല്‍പ്പാദനം പ്രതീക്ഷിക്കുന്ന പദ്ധതിക്കായി വൈദ്യുതി ബോര്‍ഡ് ഇതുവരെ 179 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞിട്ടുണ്ട്. പദ്ധതിയുടെ 75 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി കഴിഞ്ഞതുമാണ്. പളളിവാസലിലെ സര്‍ജ് ഷാഫ്റ്റ് പ്രത്യേക മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. പ്രദേശത്തുള്ളവര്‍ക്കും വൈദ്യുതി വകുപ്പ് ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമാണ് ഈ റോഡ് ഉപയോഗിക്കുന്നത്. സര്‍ജ് ഷാഫ്റ്റിനും ടണല്‍ പൈപ്പിനു മുണ്ടാകുന്ന അപകടങ്ങളും ദുരന്തമായി മാറാനുളള സാധ്യതകളേറെയാണ്.”

“പളളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി മേഖലയില്‍ വീടുകള്‍ പണിയാനാണെന്നു പറയുന്നുണ്ടെങ്കിലും ടൂറിസം വരുമാനം ലക്ഷ്യമിട്ടുള്ള നിര്‍മാണങ്ങളായിരിക്കും വരികയെന്നു സംശയിക്കേണ്ടിയിരിക്കുന്നു’ കെഎസ്ഇബി റിപ്പോര്‍ട്ടില്‍ പറയുന്നു. കൂറ്റന്‍ പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശമായ പളളിവാസല്‍ മേഖലയില്‍ നല്‍കിയിട്ടുള്ള പട്ടയങ്ങളുടെ സാധുതയെപ്പറ്റി സംശയിക്കേണ്ടിയിരിക്കുന്നു. 2007-ല്‍ കെഎസ്ഇബി, റവന്യൂ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയ്ക്കു ശേഷം സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രദേശത്തെ പട്ടയങ്ങള്‍ കാന്‍സല്‍ ചെയ്ത് ഈ മേഖല സംരക്ഷിത പ്രദേശമായി സൂക്ഷിക്കണമെന്നു റിപ്പോര്‍ട്ടു നല്‍കിയിരുന്നു.

സെപ്റ്റംബര്‍ 18-ന് അഡ്വക്കേറ്റ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പളളിവാസല്‍ മേഖലയില്‍ യാതൊരു നിർമ്മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കരുതെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുണ്ടായാല്‍ പാരിസ്ഥിതിക ദുരന്തമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.