scorecardresearch
Latest News

കാൽ ലക്ഷം വീട്, ഏഴ് മാസം, ലക്ഷ്യം 200 മെഗാവാട്ട്; ‘ഓണത്തിന് ഇടയിൽ ഊർജ്ജക്കച്ചവട’വുമായി കെഎസ്ഇബി

ഓണത്തിന് സംസ്ഥാനത്തെ കാൽ ലക്ഷം വീടുകളിൽ സൗരോർജ്ജോൽപ്പാദനം ലക്ഷ്യമിടുകയാണ് കെ എസ് ഇ ബി

Solar Energy, KSEB
Photo: KSEB

തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്തെ കാൽ ലക്ഷം വീടുകളിൽ സൗരോർജ്ജോൽപ്പാദനം ലക്ഷ്യമിട്ട് കെ എസ് ഇ ബി. ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി വീടുകളിൽത്തന്നെ ഉൽപ്പാദിപ്പിക്കുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്.

ഈ പദ്ധതിക്കായി കെ എസ് ഇ ബി സെക്ഷൻ ഓഫിസുകൾ വഴി രജിസ്‌ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. താൽപ്പര്യമുള്ളവർക്ക് ഇ – കിരൺ പോർട്ടൽ വഴി സ്വയം റജിസ്‌ട്രേഷൻ നടത്തുകയും ചെയ്യാം.

പദ്ധതി വഴി 2023 മാർച്ചിനകം 200 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിദിപ്പിക്കുകയാണു കെ എസ് ഇബിയുടെ ലക്ഷ്യം. സെപ്റ്റംബർ ആദ്യ വാരത്തിനുള്ളിൽ 100 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദനം സാധ്യമാക്കുന്നതിനാണു പ്രത്യേക കാമ്പയിൻ നടപ്പാക്കുന്നത്.

കെ എസ് ഇ ബി, അനെർട്ട് എന്നിവയെയാണ് സംസ്ഥാനത്ത് സൗര പദ്ധതി നടപ്പാക്കുന്നതിനായി നിയോഗിച്ചിട്ടുള്ളത്. രണ്ടു ഏജൻസികളിലൂടെയും ഇതുവരെ 14,000 വീടുകളിൽ പദ്ധതി നടപ്പാക്കി. 40 മെഗാവാട്ട് വൈദ്യുതിയാണ് ഇതുവഴി ഉൽപ്പാദിക്കുവാൻ സാധിക്കുക.

ഈ പദ്ധതിയിൽ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. പുരപ്പുറത്ത് ലഭ്യമായ സ്ഥലം, വെയിൽ ലഭ്യത തുടങ്ങിയവ നിർണായകമാണ്. മൂന്നു കിലോവാട്ട് വരെ 40 ശതമാനവും മൂന്നു മുതൽ 10 കിലോവാട്ട് വരെ 20 ശതമാനവും ഗുണഭോക്താവിന് സബ്‌സിഡി ലഭിക്കും. ആകെ ചെലവാകുന്ന തുകയിൽ സബ്‌സിഡി ഒഴികെയുള്ള തുക മാത്രം ഗുണഭോക്താവ് നൽകിയാൽ മതി.

ശരാശരി രണ്ടു കിലോവാട്ട് മുതൽ 10 കിലോവാട്ട് വരെ ശേഷിയുള്ള സോളാർ പാനലുകളാണു വീടുകളിൽ സ്ഥാപിക്കുന്നത്. ഒരു കിലോവാട്ട് (നാലു യൂണിറ്റ്) വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ 100 ചതുരശ്രയടി സ്ഥലം ആവശ്യമാണ്. ഗാർഹിക ആവശ്യത്തിനുള്ള വൈദ്യുതിയിൽ കൂടുതൽ ഉൽപ്പാദിപ്പിക്കുകയാണെങ്കിൽ അധിക വൈദ്യുതി കെ എസ് ഇ ബിക്ക് നൽകാം. ഒക്ടോബർ – സെപ്തംബർ വരെയുള്ള സൗര വർഷം കണക്കാക്കി അധിക വൈദ്യുതിക്ക് കെ എസ് ഇ ബി പണം നൽകും. നിലവിൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ചതുപ്രകാരം യൂണിറ്റിന് 3.22 രൂപയാണ് ഉടമസ്ഥർക്ക് ലഭിക്കുക.

വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് https:// ekiran. kseb. in/, https:// buymysun .com/ ഈ സൈറ്റുകൾ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. വിവരങ്ങൾക്ക് 1912, 1800 425 1803 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kseb aims to generate solar energy in four lakh households