തിരുവനന്തപുരം: അരുവിക്കര എംഎൽഎ കെ.എസ്.ശബരീനാഥും തിരുവനന്തപുരം സബ് കലക്ടർ ദിവ്യ എസ്.അയ്യരും തമ്മിലുള്ള പ്രണയ ബന്ധം വിവാഹത്തിലേക്ക്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വിവാഹക്കാര്യം സംസാരിച്ചുറപ്പിച്ചതായി ശബരീനാഥ് വ്യക്തമാക്കി.

“വിവാഹ തീയതി ഉറപ്പിച്ചിട്ടില്ല. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ ഇക്കാര്യം സംസാരിച്ച് ഉറപ്പിച്ചു. ഈ വർഷം തന്നെ വിവാഹം ഉണ്ടാകും. ഇക്കാര്യത്തിൽ അധികം വൈകില്ലെന്നും” ശബരീനാഥ് പറഞ്ഞു.

ഇരുവരും ദീർഘനാളായി പ്രണയബന്ധത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യം എംഎൽഎ വ്യക്തമാക്കിയില്ല. മുൻ നിയമസഭ സ്പീക്കർ അന്തരിച്ച ജി.കാർത്തികേയന്റെയും എം.ടി.സുലേഖയുടെയും മകനാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്പീക്കറായിരിക്കെ മരിച്ച ജി.കാർത്തികേയന്റെ നിര്യാണത്തെ തുടർന്നാണ് ശബരിനാഥ് രാഷ്ട്രീയത്തിലിറങ്ങിയത്. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം ഈ തിരഞ്ഞെടുപ്പിലും വൻ വിജയമാണ് അരുവിക്കര മണ്ഡലത്തിൽ നേടിയത്.

ഡോക്ടറായ ദിവ്യ എസ്.അയ്യർ പിന്നീട് സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി കേരള കേഡറിൽ തന്നെ നിയമനം നേടിയതായിരുന്നു. തിരുവനന്തപുരം പാൽക്കുളങ്ങര സ്വദേശിയായ ദിവ്യ ഇപ്പോൾ തിരുവനന്തപുരം ജില്ലയിൽ സബ് കലക്ടറാണ്. മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ ശേഷാ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ