തിരുവനന്തപുരം: കഴിഞ്ഞ മാർച്ച് ഒൻപതിനാണ് അരുവിക്കര എംഎല്‍എയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി.കാര്‍ത്തികേയന്റെ മകനുമായ കെ.എസ്.ശബരീനാഥനും, തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ക്കും കുഞ്ഞ് പിറന്നത്. തങ്ങള്‍ക്ക് ആണ്‍ കുഞ്ഞാണെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായും ശബരീനാഥന്‍ എംഎല്‍എ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.

കുഞ്ഞിന് പേരിട്ടിരിക്കുകയാണ് ദമ്പതികൾ. ‘മൽഹാർ ദിവ്യ ശബരീനാഥൻ’ എന്നാണ് കുഞ്ഞിന്റെ പേര്. ”ഭൂമിയിൽ മഴയുടെ അനുഗ്രഹം വർഷിക്കുന്ന മൽഹാർ രാഗം നമ്മൾ ഇരുവർക്കും ഏറെ പ്രിയപ്പെട്ടതാണ്. പ്രാർത്ഥനയോടെ കുഞ്ഞിനു പേരിട്ടു ‘മൽഹാർ ദിവ്യ ശബരീനാഥൻ'” എന്ന കുറിപ്പോടെ കുഞ്ഞിനൊപ്പമുളള ചിത്രം പങ്കുവച്ചാണ് ശബരീനാഥൻ പേരിട്ട വിവരം അറിയിച്ചത്.

ശബരീനാഥനും ദിവ്യയും ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് വിവാഹിതരായത്. രാഷ്ട്രീയ ജീവിതം ആരംഭിച്ച കാലത്ത് തന്നെയാണ് ശബരീനാഥന് കൂട്ടായി ദിവ്യ ഐഎഎസ് എത്തിയത്. ടാറ്റയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശബരീനാഥന്‍ അച്ഛന്റെ മരണ ശേഷമാണ് ജോലി രാജിവച്ച് അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്.

Read: ശബരിനാഥന്‍ എംഎല്‍എയും സബ്കലക്ടര്‍ ദിവ്യയും അവരുടെ പൊന്നോമനയും

ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടിയില്‍ ഓഫീസറായിരുന്ന ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് ദിവ്യ എസ്.അയ്യര്‍ സിവില്‍ സര്‍വീസിലേക്കെത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.