കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്റെ ഉദ്ഘാടനച്ചടങ്ങിന് എഴുത്തുകാരന്‍ കെ.എസ്.ഭഗവാനെ അതിഥിയായി കൊണ്ടുവന്നതിന് വിലക്കേര്‍പ്പെടുത്തി കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ്. കോളേജില്‍ സംഘര്‍ഷമുണ്ടാകും എന്ന് പറഞ്ഞാണ് മാനേജ്‌മെന്റ് അനുമതി നിഷേധിച്ചത്.

അതേസമയം, രാഷ്ട്രീയ വിദ്വേഷമാണ് യൂണിയന്‍ ഉദ്ഘാടനത്തിന് കാമ്പസില്‍ അനുമതി നിഷേധിക്കാന്‍ കാരണമെന്ന് ഭാരവാഹികള്‍ ആരോപിച്ചു. വര്‍ഷങ്ങളായി കാമ്പസിനകത്ത് യൂണിയന്‍ ഉദ്ഘാടനം അനുവദിക്കാറില്ലെന്നും യൂണിയന് രാഷ്ട്രീയമില്ല അത് വിദ്യാര്‍ത്ഥികളുടേതാണെന്നും മാനേജ്‌മെന്റ് പറഞ്ഞു.

ഒടുവില്‍ ക്യാമ്പസിനു പുറത്ത് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പന്തലില്‍ വച്ചാണ് ഉദ്ഘാടനം നടത്തിയത്. കണ്ണൂര്‍ സര്‍വകലാശാല പ്രൊ വി.സി, സിന്‍ഡിക്കേറ്റ് അംഗം പ്രകാശന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മാനേജ്‌മെന്റിന്റെ തീരുമാനം ധിക്കാരപരമായിരുന്നുവെന്ന് കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ സി.പി ഷിജു പ്രതികരിച്ചു.

സമീപകാലത്ത് വര്‍ഗീയതയ്‌ക്കെതിരായ സംവാദങ്ങള്‍ മുന്നോട്ടു വച്ചവരില്‍ ഏറ്റവും പ്രധാനിയാണ് കന്നഡ എഴുത്തുകാരന്‍ കെ.എസ്.ഭഗവാന്‍. അദ്ദേഹത്തിന്റെ വാദങ്ങള്‍ ഇന്ത്യയിലെ ഭൂരിപക്ഷ അധിനിവേശങ്ങള്‍ക്ക് എതിരാണ്. ഭഗവദ്ഗീതയ്‌ക്കെതിരായി അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള തീവ്ര ഹിന്ദു സംഘടനകളുടെ ശത്രുതയ്ക്കു വഴി വച്ചിരുന്നു. ഹിന്ദുത്വ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നു എന്ന് ആരോപിച്ച് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ പ്രൊഫ. ഭഗവാന് നേരെ നിരന്തരം വധഭീഷണി ഉയര്‍ത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.