കൊച്ചി: സംസ്ഥാന സാഹിത്യ പ്രവർത്തക സഹകരണ സംഘം സംഘടിപ്പിക്കുന്ന രണ്ടാമത് കൃതി അന്താരാഷ്ട്ര പുസ്തകോത്സവവും വിജ്ഞാനോത്സവവും നാളെ ആരംഭിക്കും. വെളളിയാഴ്ച വൈകീട്ട് 6 മണിക്ക് കൊച്ചി മറൈന്‍ ഡ്രൈവില്‍ ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി. സദാശിവം ഉദ്ഘാടനം ചെയ്യും.

തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു. സഹകരണ വകുപ്പുമന്ത്രി അധ്യക്ഷത വഹിക്കും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ പ്രൊഫ. എം. കെ. സാനു ആമുഖ പ്രഭാഷണം നടത്തും.  കൊച്ചി മേയര്‍ സൗമിനി ജയിന്‍, ഹൈബി ഈഡന്‍ എംഎല്‍എ, പ്രൊഫ. കെ. വി. തോമസ് എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സംസാരിക്കും. പ്രമുഖ കഥാകൃത്തായ ടി.പത്മനാഭനെ ഗവര്‍ണര്‍ ചടങ്ങില്‍ ആദരിക്കും.

പത്മനാഭന്റെ മറുപടി പ്രസംഗത്തിനു ശേഷം യോഗത്തെ ഗവര്‍ണര്‍ അഭിസംബോധന ചെയ്യും. സഹകരണ രജിസ്ട്രാര്‍ എസ്. ഷാനവാസ് നന്ദി പറയും. ആദ്യപതിപ്പിനേക്കാള്‍ വിപുലമായ രീതിയിലാണ് കൃതിയുടെ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, ഫോക് ലോര്‍ അക്കാദമി, മീഡിയ അക്കാദമി, കലാമണ്ഡലം, കാര്‍ട്ടൂണ്‍ അക്കാദമി, സാക്ഷരതാ മിഷന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, അസാപ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവരും കൃതിയുടെ സംഘാടനത്തില്‍ സഹകരിക്കുന്നുണ്ട്.

പ്രദര്‍ശനനഗരിക്ക് ഇക്കുറി 50,000 ചതുരശ്ര അടിയിലേറെ വിസ്തൃതിയുണ്ടാകും. പൂര്‍ണമായും ശീതികരിച്ച ആഗോള സൗകര്യങ്ങളോടെ ഒരുങ്ങുന്ന പ്രദര്‍ശന നഗരി കൊച്ചിയെ ഒരു വമ്പന്‍ സാംസ്‌കാരിക ഉത്സവ വേദിയാക്കുമെന്നും മന്ത്രി പറഞ്ഞു. 250 സ്റ്റാളുകളിലായി 125-ഓളം പ്രമുഖ പ്രസാധകര്‍ പങ്കെടുക്കും. ചെറുകിട പ്രസാധകരുടെ 22 സ്റ്റാന്‍ഡുകളും കൃതിയുടെ സവിശേഷതയാകും.

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള ആശയങ്ങളും ആവേശവും പകരുന്നതാകും ഇത്തവണത്തെ കൃതിയെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. ഇത് കണക്കിലെടുത്ത് ഭാവിയിലേയ്‌ക്കൊരു മടക്കയാത്ര എന്നതായിരിക്കും കൃതി 2019-ന്റെ ഇതിവൃത്തം. 175-ഓളം എഴുത്തുകാരും വിവിധ വിഷയ വിദഗ്ധരുമുള്‍പ്പെട്ട 70 സെഷനുകള്‍ വിജ്ഞാനോത്സവത്തിന്റെ ഭാഗമാകും. ഇതില്‍ത്തന്നെ കേരളം 2.0 എന്ന ലക്ഷ്യത്തിനായി സാംസ്‌കാരികം, പാരിസ്ഥിതികം, സാമ്പത്തികം, അടിസ്ഥാനസൗകര്യ മേഖല എന്നിങ്ങനെ നാല് മാനങ്ങളില്‍ വിന്യസിച്ചിരിക്കുന്ന സെഷനുകള്‍ക്കാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്.

സൗന്ദര്യബോധം, സ്വതന്ത്രഭാഷാ സങ്കേതങ്ങള്‍, നവോത്ഥാന പാഠങ്ങള്‍, ഗുരുദര്‍ശനം, ചിന്താവിഷ്ടയായ സീതയുടെ 100 വര്‍ഷം, ഡിജിറ്റല്‍ യുഗത്തിലെ വിമര്‍ശനാത്മക ചിന്തകള്‍, ലിംഗസമത്വം, കുടുംബഘടന തുടങ്ങിയ വിഷയങ്ങളാണ് സാംസ്‌കാരിക വിഭാഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടുക. പാരിസ്ഥിതിക വിഭാഗത്തില്‍ കാലാവസ്ഥാ പ്രവചനം, മണ്ണ്, ജലം, ജൈവവൈവിധ്യം, ഭൂവിനിയോഗം, കടലറിവ്, പ്രളയാനന്തര നാട്ടുവര്‍ത്തമാനം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമ്പദ് വ്യവസ്ഥയും സമൂഹവും തമ്മിലുള്ള ബന്ധം, നോളജ് എക്കണോമിയുടെ വളര്‍ച്ച, കേരളത്തിന്റെ സാമ്പത്തിക രംഗം, പൊതുമേഖലയും വ്യവസായ വളര്‍ച്ചയും, സഹകരണമേഖല തുടങ്ങിയ വിഷയങ്ങളാണ് സാമ്പത്തിക വിഭാഗത്തിലെ ചര്‍ച്ചാ വിഷയങ്ങള്‍.

അടിസ്ഥാന സൗകര്യമേഖലയ്ക്കു കീഴില്‍ തൊഴിലിടങ്ങള്‍, ലിംഗവിവേചനമില്ലാത്ത നഗരങ്ങള്‍, ദുരന്ത നിവാരണം, ആരോഗ്യവും പോഷകങ്ങളും എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടും. ഇങ്ങനെ കേരളത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് വൈജ്ഞാനികവും രാഷ്ട്രീയവുമായ പിന്തുണ നല്‍കുന്ന വലിയൊരു ആശയശേഖരം കൃതിയിലൂടെ രൂപപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. അയല്‍സംസ്ഥാനമായ തമിഴ്‌നാടിന്റെ സംസ്‌കാരവും ജീവിതവും പ്രതിപാദിക്കുന്ന സവിശേഷ സെഷനുകളും കൃതിയുടെ പ്രധാന പ്രമേയങ്ങളിലൊന്നാകും.

ഫെബ്രുവരി 11-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള സന്ദര്‍ശിക്കും, അന്ന് 3 മണിക്ക് നവകേരളം, നവോത്ഥാനം, സഹകരണം എന്ന വിഷയത്തില്‍ മുഖ്യമന്ത്രി സംസാരിക്കും. കൃതിയുടെ ഒന്നാം പതിപ്പിന്റെ വിജയവും പ്രളയാനന്തര സാഹചര്യവും കണക്കിലെടുത്ത് കൃതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യമാണ് ഇത് കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഫെബ്രുവരി 16-ന് സംഘടിപ്പിക്കുന്ന കുട്ടികളുടെ പാര്‍ലമെന്റില്‍ പ്രളയാനന്തര കേരളത്തിനുള്ള പ്രതിവിധികള്‍ ചര്‍ച്ച ചെയ്യും. കൃതി ഡോക്യുമെന്ററി ഫെസ്റ്റിവല്‍, ചിത്രകലാ ക്യാമ്പ്, ഫോട്ടോ/ചിത്ര പ്രദര്‍ശനം, കാര്‍ട്ടൂണിന്റെ 100 വര്‍ഷ ആഘോഷം, ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ചുള്ള ആവിഷ്‌കാരങ്ങള്‍ തുടങ്ങിയവും കൃതിയുടെ ഭാഗമായുണ്ടാകും.

കഴിഞ്ഞ വര്‍ഷം 35,000-ത്തിലേറെ വരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കിയ ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയില്‍ ഇക്കുറി 50,000 വിദ്യാര്‍ത്ഥികള്‍ക്ക് 1.25 കോടി രൂപയുടെ പുസ്തകങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതിനു പുറമെ പ്രളയ ബാധിത വായനശാലകള്‍ക്കൊരു കൈത്താങ്ങ് പദ്ധതിയിലൂടെ 50 ലക്ഷം രൂപയുടെ പുസ്തകങ്ങളും നല്‍കും. ഇത്തരം പദ്ധതികളിലൂടെ പുസ്തക വില്‍പ്പനയിലും വര്‍ധനയുണ്ടാകും.

കൃതി ഒന്നാം പതിപ്പിന് ഏറെ ജനപ്രീതി നല്‍കിയ ആര്‍ട് ഫെസ്റ്റിവലിന് ഇക്കുറി കൂടുതല്‍ വൈവിധ്യം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നവകേരളം, പ്രമുഖ വെസ്റ്റേണ്‍ മ്യൂസിക് ബാന്‍ഡായ മദ്രാസ് മെയിലിന്റെ സംഗീത പരിപാടി, മിധുന്‍ ജയരാജ്, ബേണി, സമീര്‍ ഉമ്പായി എന്നിവര്‍ അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യ, പാലക്കാടു നിന്നുള്ള രാമചന്ദ്ര പുലവരും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത്, പ്രശസ്ത നര്‍ത്തകി ലാവണ്യ അനന്തിന്റെ ചിന്താവിഷ്ടയായ സീത ഭരതനാട്യം,
സദനം കൃഷ്ണന്‍കുട്ടിയുടേയും സംഘത്തിന്റെയും കീചകവധം കഥകളി,
നാട്യധര്‍മിയുടെ കര്‍ണഭാരം നാടകം, ബോംബെ ജയശ്രീയുടെ സംഗീതക്കച്ചേരി, ജൂലിയസ് സീസര്‍, ചവിട്ടുനാടകം, വയലാര്‍, പി. ഭാസ്‌കരന്‍, ഓഎന്‍വി ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ ഗാനസന്ധ്യ എന്നിവയാണ് ഇത്തവണ അരങ്ങേറുന്ന കലാപരിപാടികള്‍. പത്തു ദിവസവും വൈകീട്ട് 6-30 മണിക്കാണ് പ്രദര്‍ശന നഗരിയോട് ചേര്‍ന്ന പ്രത്യേക വേദിയില്‍ കലാപരിപാടികള്‍ അരങ്ങേറുക. ഇവയ്ക്കു പുറമെ പകല്‍ സമയങ്ങളില്‍ തെരഞ്ഞെടുത്ത സ്‌കൂള്‍-കോളജേ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, പുസ്തക പ്രകാശനങ്ങള്‍, ബുക്ക് പിച്ചിംഗ് തുടങ്ങിയവും അരങ്ങേറും.

വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ വിളമ്പിയ ഭക്ഷ്യമേള കൃതി ഒന്നാം പതിപ്പിലെ വന്‍ആകര്‍ഷണമായിരുന്നതിനാല്‍ ഇക്കുറി ഭക്ഷ്യമേളയും വിപുലവും കൂടുതല്‍ വൈവിധ്യപൂര്‍ണവുമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൃതിയുടെ ആദ്യപതിപ്പിനെ വന്‍വിജയമാക്കിയ മധ്യകേരളം കൃതി 2019-നേയും ഏറ്റുവാങ്ങുമെന്നുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.