കൊച്ചി: കൃതി രാജ്യാന്തര പുസ്തകമേളയുടെയും വൈജ്ഞാനികോത്സവത്തിന്റെയും നാലാം പതിപ്പ് അടുത്ത വര്‍ഷം ജനുവരി 22 മുതല്‍ 31 വരെ നടക്കുമെന്നു സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മൂന്നാം പതിപ്പിന്റെ സമാപനവേദിയിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. മറൈന്‍ ഡ്രൈവ് തന്നെയാണു വേദി.

പതിനൊന്ന് ദിവസമായി മറൈന്‍ ഡ്രൈവില്‍ നടന്ന മൂന്നാം പതിപ്പില്‍ എട്ടു ലക്ഷത്തിലേറെ സാഹിത്യാസ്വാദകരാണു പങ്കാളികളായത്. എല്ലാ ജില്ലകളില്‍ നിന്നുമായി അറുപതിനായിരത്തോളം കുട്ടികള്‍ പങ്കെടുത്തു. വായന മരിക്കുന്നുവെന്ന പ്രചാരണം തീര്‍ത്തും തെറ്റാണെന്നു തെളിയിക്കുന്നതാണു കൃതിയിലെ കുട്ടികളുടെ പങ്കാളിത്തമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍പറഞ്ഞു.

സഹകരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ 1.5 കോടി രൂപയുടെ പുസ്തകങ്ങളാണ് ‘ഒരു കുട്ടിയ്ക്ക് ഒരു പുസ്തകം’ പദ്ധതിയില്‍ 250 രൂപയുടെ പുസ്തകകൂപ്പണുകള്‍ വഴി നല്‍കിയത്. ബിപിസിഎല്ലിന്റെ സഹായത്തോടെ മൂന്നു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ മറുനാടന്‍ തൊഴിലാളികളുടെ കുട്ടികള്‍ക്കും നല്‍കുന്നുണ്ട്.

Read Also: സൈന്യത്തിലെ കമാൻഡിങ് പോസ്റ്റുകളിൽ വനിതകളെ നിയമിക്കണമെന്ന് സുപ്രീം കോടതി

സാഹിത്യസംബന്ധിയായ വിഷയങ്ങള്‍ക്കുപരിയായി കേരളത്തിന്റെ വികസനം, പരിസ്ഥിതി, സംഗീതം, സിനിമ, മാധ്യമരംഗം തുടങ്ങിയ വ്യത്യസ്ത മേഖലകളെ ആഴത്തില്‍ അറിയാനുപകരിച്ച സെഷനുകളായിരുന്നു കൃതിയിലേതെന്നു മന്ത്രി പറഞ്ഞു. രാജ്യം വെല്ലുവിളികള്‍ നേരിടുന്ന സന്ദര്‍ഭത്തിലാണു മൂന്നാം പതിപ്പ് നടന്നതെന്നും ഭരണഘടനയെ തുരങ്കം വയ്ക്കാനും വിഭാഗീയത വളര്‍ത്താനും ശ്രമിക്കുന്ന ഛിദ്രശക്തികള്‍ക്കെതിരെ പ്രതിരോധമുയര്‍ത്താന്‍ കൃതിക്കായെന്നും മന്ത്രി പറഞ്ഞു.

പല സംസ്‌കാരങ്ങളെയും പുറത്തുനിര്‍ത്തുന്ന ദേശീയതാ സങ്കല്‍പ്പമാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്നു സച്ചിദാനന്ദന്‍ പറഞ്ഞു. ‘സാഹിത്യം, സംസ്‌കാരം, വൈവിധ്യങ്ങളുടെ ഇന്ത്യ’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനേകം പാരമ്പര്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇന്ത്യ ഒന്നിച്ചുനിന്നത്. ഏകശിലാ രൂപമായ ഇന്ത്യയെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കാലത്ത് മുന്‍കാല ചരിത്രം അറിയേണ്ടത് ആവശ്യമാണ്. എല്ലാ ഇന്ത്യക്കാരും ഏതെങ്കിലും ഒരു പ്രത്യേക വംശത്തിന്റെ പിന്മുറക്കാരല്ല. പല സമയത്തുമുള്ള കുടിയേറ്റങ്ങളിലൂടെ എത്തിച്ചേര്‍ന്നവരാണ്. സമ്മിശ്ര ജനതയാണ് ഇന്ത്യയിലേതെന്നും അദ്ദേഹം പറഞ്ഞു.

ജാഗ്രതയോടെ സംരക്ഷിക്കേണ്ടതാണു സ്വാതന്ത്ര്യവും ജനാധിപത്യ വ്യവസ്ഥയുമെന്നും അതിനെതിരായ എല്ലാ നീക്കങ്ങളെയും ചെറുക്കണമെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ‘കലയും ചെറുത്തുനില്‍പ്പും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ നീക്കങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായി നമ്മുടെ വിദ്യാര്‍ഥികളെ ഭരണഘടനയുടെ ആമുഖം പഠിപ്പിക്കണം. രാജ്യത്ത് ഒരുപാട് ഭീതി പടര്‍ന്നിട്ടുണ്ട്. പ്രതിഷേധമില്ലാതാവുന്നത് മോശമായ അവസ്ഥയാണെന്നും അടൂര്‍ പറഞ്ഞു.

Read Also: ആ പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ ചാക്കോച്ചന്റെ കണ്ണുനിറഞ്ഞതെന്തിന്?

ഇന്ത്യന്‍ ഭരണഘടന വ്യക്തിഗതമായ അവകാശമാണെന്നും ജാതിയോ മതമോ അടിസ്ഥാനമാക്കി ലഭിക്കേണ്ട കാര്യമല്ലെന്നും ശശി തരൂര്‍ എംപി പറഞ്ഞു. ‘ആരാണ് ഇന്ത്യന്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വൈവിധ്യങ്ങളും നിലനില്‍ക്കുന്നതാണ് ഇന്ത്യ. മുന്‍ സര്‍ക്കാരുകള്‍ വൈവിധ്യത്തിന്റെ മൂല്യത്തില്‍ വിശ്വസിച്ചിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അങ്ങനെ വിശ്വസിക്കുന്നില്ല. വൈവിധ്യങ്ങളിലധിഷ്ഠിതമായ ഇന്ത്യയെന്ന ആശയത്തെയാണ് ഹിന്ദുത്വ ചിന്താഗതിക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

പുതിയ കേരള മോഡലിന്റെ കാലമാണിതെന്നു ‘കേരള സമ്പദ്വ്യവസ്ഥ- അതിജീവന വഴികള്‍’ എന്ന വിഷയത്തില്‍ സംസാരിക്കവെ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക് പറഞ്ഞു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയെന്നതാണു സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനം. കേരളത്തിന്റെ വിഭവങ്ങളില്‍ നിന്നുള്ളത് നീതിപൂര്‍വം വീതംവെക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അതുകൊണ്ടാണു കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also: നെടുങ്കണ്ടം കസ്റ്റഡി മരണം: ഒന്നാം പ്രതി സാബു അറസ്റ്റിൽ

പരമ്പരാഗത വ്യവസായങ്ങളല്ല അനുയോജ്യ വ്യവസായങ്ങളാണു കേരളത്തിനാവശ്യം. സ്റ്റാര്‍ട്ടപ്പുകള്‍ക്കടക്കം കൂടുതല്‍ സാധ്യതയുണ്ട്. പണത്തേക്കാള്‍ ഏറെ വിജ്ഞാനമാണ് അതിനാവശ്യമെന്നും തോമസ് ഐസക് പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, എംഎ ബേബി, പന്ന്യന്‍ രവീന്ദ്രന്‍, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വികെ രാമചന്ദ്രന്‍, എഴുത്തുകാരായ ടി പത്മനാഭന്‍, എം മുകുന്ദന്‍, വൈശാഖന്‍, ശ്രീകുമാരന്‍ തമ്പി, എന്‍എസ് മാധവന്‍, സേതു, ജയറാം രമേഷ്, ബദ്രി നാരായണന്‍, വെങ്കിടാചലപതി, സമന്‍ അശുര്‍ദാ, മന്ദാക്രാന്ത സെന്‍, പപ്പന്‍ പത്മകുമാര്‍, സുമേര അബ്ദുള്‍ അലി, രാജേന്ദ്ര കിഷോര്‍ പാണ്ഡെ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.