ന്യൂഡൽഹി: മുഖ്യമന്ത്രിയ്ക്കെതിരെ വധഭീഷണി മുഴക്കിയ കൃഷ്‌ണകുമാർ നായർ അറസ്റ്റില്‍. ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചായിരുന്നു ഇയാളെ അറസ്റ്റ് ചെയ്‌തത്. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു കൃഷ്‌ണകുമാർ മുഖ്യമന്ത്രിയ്ക്കെതിരെ വധഭീഷണി മുഴക്കിയത്.

അബുദാബി ആസ്ഥാനമായ എണ്ണക്കമ്പനിയിൽ റിഗ്ഗിങ് സൂപ്പർവൈസറായി ജോലി ചെയ്‌തിരുന്നയാളാണ് കോതമംഗലം സ്വദേശി കൃഷ്‌ണകുമാർ നായർ. യുഎഇയിൽ വച്ചായിരുന്നു കൃഷ്‌ണകുമാർ വധഭീഷണി മുഴക്കിയത്. നേരത്തെ ഇയാൾക്കെതിരെ കൊച്ചി പൊലീസ് കേസെടുത്തിരുന്നു.

നാട്ടിലുണ്ടായിരുന്നപ്പോൾ ആർഎസ്എസ്.പ്രവർത്തകനായിരുന്നെന്നും പഴയ കത്തി മൂർച്ചകൂട്ടി എടുക്കുമെന്നുമാണ് ഇയാൾ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞത്. ജോലി ഉപേക്ഷിച്ച് മുഖ്യമന്ത്രിയെ കൊലപ്പെടുത്താൻ നാട്ടിലേക്ക് എത്തുകയാണെന്നും കൃഷ്‌ണകുമാർ പറഞ്ഞിരുന്നു.

വീഡിയോ വിവാദമായതോടെ മാപ്പ് അപേക്ഷിച്ചു കൊണ്ട് മറ്റൊരു ഫെയ്സ്ബുക്ക് വീഡിയോ ഇയാൾ പോസ്റ്റ് ചെയ്‌തു. മുഖ്യമന്ത്രിയോടും കുടുംബത്തോടും വല്ലാത്ത അപരാധമാണ് ചെയ്‌തതെന്നും മാപ്പ് തരണമെന്നും കൃഷ്‌ണകുമാർ വീഡിയോവിൽ പറഞ്ഞിരുന്നു. മദ്യലഹരിയിൽ പറ്റിപ്പോയ അബദ്ധമാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇയാള്‍ക്കെതിരെ ട്രോളുകളും സജീവമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ