കൊച്ചി: ലക്കിടി ലോ കോളേജിലെ വിദ്യാർത്ഥി ഷഹീർ ഷൗക്കത്തലിയെ മർദ്ദിച്ച കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടേക്കും. ഇന്നലെ വാദം കേൾക്കുന്നതിനിടെ കേസ് ഫയലടക്കം ചില രേഖകൾ കൂടി ഹാജരാക്കാൻ ഹൈക്കോടതി സർക്കാർ അഭിഭാഷകനോട് ആവശ്യപ്പെട്ടു. കേസിൽ ജാമ്യം കിട്ടുന്ന വകുപ്പുകൾ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ആയതെങ്ങിനെയെന്നാണ് കോടതി പരിശോധിക്കുന്നത്.

കേസ് പകർത്തിയെഴുതുന്പോൾ പൊലീസിന് സംഭവിച്ച വീഴ്ചയാണ് ഇതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയോട് വ്യക്തമാക്കിയിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ അറസ്റ്റ് നൊട്ടീസിൽ പകർത്തിയെഴുതിയപ്പോഴാണ് പിഴവ് സംഭവിച്ചതെന്നാണ് സർക്കാരിന്റെ ന്യായീകരണം. ഈ അറസ്റ്റ് നൊട്ടീസിൽ പ്രതി കൃഷ്ണദാസ് ഒപ്പിട്ടത് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇയാൾക്ക് അറിവുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണെന്നാണ് അഭിഭാഷകൻ ഇന്നലെ ഹൈക്കോടതിയിൽ വാദിച്ചത്.

അതേസമയം വടക്കാഞ്ചേരി കോടതി സംഭവത്തിൽ കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ ഇന്നലെ തള്ളിയിരുന്നു. കൃഷ്ണദാസ് പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി ജാമ്യാപേക്ഷ തളളുകയായിരുന്നു. പാമ്പാടി നെഹ്റു കോളജ് പിആർഒ വൽസലകുമാരൻ, കായിക അധ്യാപകൻ ഗോവിന്ദൻകുട്ടി എന്നിവർക്കും ജാമ്യം നൽകിയില്ല. ആറാം പ്രതി അഡ്മിനിസ്ട്രേറ്റിവ് മാനേജർ സുകുമാരനു മാത്രം ജാമ്യം അനുവദിച്ചു.

റിമാൻഡിൽ കഴിയുന്ന പ്രതികളിൽ ഒരാൾക്ക് വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉപാധികളോടെ ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ മൂന്നാം പ്രതിയും നെഹ്റു ഗ്രൂപ്പിന്റെ നിയമോപദേശകയുമായ സുചിത്രയ്ക്കാണു ജാമ്യം അനുവദിച്ചത്. മറ്റു നാലു പ്രതികളുടെ ജാമ്യഹർജിയിൽ കോടതി വിശദമായ വാദം കേട്ടെങ്കിലും വിധി പറയുന്നത് ഇന്നത്തേക്കു മാറ്റുകയായിരുന്നു.

നേരത്തേ മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടിയിലേക്ക് വിദ്യാർത്ഥി പരാതി അയച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതേ തുടർന്ന് സർവ്വകലാശാല സംഘം കൊളേജിൽ തെളിവെടുപ്പിന് എത്തി. ഇതിന്റെ പ്രതികാരമായി ഷൗക്കത്തലിയെ കോളേജിൽ തടഞ്ഞുവയ്ക്കുകയും മർദ്ദിക്കുകയും ചെയ്തതായാണ് പരാതി. ഇയാളുടെ സുതാര്യകേരളത്തിലേക്കുള്ള പരാതി നിർബന്ധിച്ച് പിൻവലിപ്പിച്ചതാണെന്ന ആരോപണവുമുണ്ട്. അതേസമയം വിദ്യാർത്ഥിയുടെ ഇമെയിൽ അക്കൗണ്ട് ഇയാൾ തടവിലായിരുന്നുവെന്ന പറയപ്പെടുന്ന സമയത്ത് മറ്റൊരു കംപ്യൂട്ടറിൽ നിന്ന് തുറന്നതിന്റെ ഫലമായി ഗൂഗിൾ അലർട്ടും ലഭിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ